തിരുവനന്തപുരം: പീഡാനുഭവ സ്മരണയില്‍ ക്രൈസ്തവര്‍ ദു:ഖവെള്ളി ആചരിച്ചു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ കുരിശിന്റെ വഴിയും പ്രാര്‍ത്ഥനയും നടന്നു. മുനമ്പം സമരം മുതല്‍ സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ പ്രവര്‍ത്തകരുടെ പോരാട്ടത്തെ വരെ സഭാ മേലധ്യക്ഷന്‍മാര്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
തിരുവനന്തപുരത്ത് വിവിധ കത്തോലിക്ക സഭകള്‍ സംയുക്തമായി കുരിശിന്റെ വഴി നടത്തി.പാളയം സെന്റ് ജോസഫ് കത്തിഡ്രലില്‍ നിന്ന് ആരംഭിച്ച് നഗരത്തെ വലംവെച്ചായിരുന്നു യാത്ര. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ പ്രാരംഭ സന്ദേശവും ആച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ സമാപന സന്ദേശവും നല്‍കി.
കോഴിക്കോട് ദേവമാതാ കത്തിഡ്രലില്‍ നിന്ന് കുരിശിന്റെ വഴി തുടങ്ങി.പീഡാനുഭവത്തിന്റെ 14 ഇടങ്ങളില്‍ പ്രാര്‍ത്ഥനകള്‍ പൂര്‍ത്തിയാക്കി യാത്ര സെന്റ് ജോസഫ് ദേവാലയത്തില്‍ സമാപിച്ചു. ്അതിരൂപത ആര്‍ച്ച് ബിഷപ് ഡോ വര്‍ഗീസ് ചക്കാലക്കല്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.
കോലഞ്ചേരി പള്ളിയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
മണര്‍കാട് സെന്റ് മേരീസ് പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് യാക്കോബായ സഭാ അധ്യക്ഷന്‍ ജോസഫ് പ്രഥമന്‍ കാതോലിക്കാ ബാവ കാര്‍മ്മികത്വം വഹിച്ചു. ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ വാഴുര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തിരക്കാണ് അനുഭവപ്പെട്ടു.ആയിരക്കണക്കിന് വിശ്വാസികളാണ് ദുഃഖവെള്ളി ദിനത്തില്‍ കുരിശുമല കയറുന്നത്.
ശനിയാഴ്ച ദുഃഖശനിയോടനുബന്ധിച്ച പ്രത്യേക പ്രാര്‍ഥനകളും പുത്തന്‍ തീ, വെള്ളം എന്നിവയുടെ വെഞ്ചരിപ്പും ദേവാലയങ്ങളില്‍ നടക്കും. ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് ശനിയാഴ്ച രാത്രി തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: