തിരുവനന്തപുരം: കാട്ടായിക്കോണത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ചു. കഞ്ചാവ് വില്‍പ്പന പോലീസില്‍ വിവരം അറിയിച്ച യുവാക്കളെയാണ് ആക്രമിച്ചത്. കാട്ടായിക്കോണം അരിയോട്ടുകോണത്താണ് സംഭവം.
സഹോദരങ്ങളായ രതീഷിനും രജനീഷിനുമാണ് ആക്രമണത്തില്‍ പരുക്കേറ്റത്. എട്ടോളം പേരടങ്ങുന്ന സംഘമാണ് സഹോദരങ്ങളെ വെട്ടി പരിക്കേല്‍പ്പിച്ചത്. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്ളതായി പോലീസ് പറയുന്നു.
വീടിന് സമീപത്തായ പശു ഫാം നടത്തിവരികയായിരുന്നു സഹോദരങ്ങള്‍. ഫാമിനടുത്ത് ലഹരി ഉപയോഗവും വില്‍പനയും സജീവമായതോടെ ഇവര്‍ പോത്തന്‍കോട് പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പരാതി നല്‍കിയ ഇവരുടെ വിവരങ്ങള്‍ പൊലീസില്‍ നിന്ന് ചോര്‍ന്നുപോയി എന്ന് ആക്രമണത്തിന് ഇരയായ യുവാക്കള്‍ പറയുന്നു.
ഇന്നലെ വൈകിട്ട് രജനീഷിനെ ലഹരിമാഫിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇവിടെ നിന്ന് ഓടി പോത്തന്‍കോട് പോലീസ് സ്‌റ്റേഷനിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസിനോട് വിവരം പറഞ്ഞു. നടപടിയെടുക്കുമെന്ന് പറഞ്ഞ് പോലീസ് പറഞ്ഞുവിടുകയായിരുന്നു. പിന്നീട് ഫാമിലേക്ക് എത്തിയപ്പോഴാണ് രജനീഷിനെയും രതീഷിനെയും ലഹരി മാഫിയ സംഘം ക്രൂരമായി ആക്രമിച്ചത്.
വടിവാള്‍ പോലത്തെ ആയുധം ഉപയോ?ഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. രതീഷിനാണ് ഗുരുതരമായി പരുക്കേറ്റത്. തലയില്‍ ഇരുപതോളം സ്റ്റിച്ച് ഉണ്ട്. കൈയില്‍ പൊട്ടലും ഉണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേ ലഹരി മാഫിയ സംഘം അവിടേക്കെത്തി ഇവരെ പരിഹസിച്ചെന്നും ഇവര്‍ പറയുന്നു.
















