തിരുവനന്തപുരം: കമ്മ്യൂണിസത്തിന്റെ ഈറ്റില്ലങ്ങളായി ക്ഷേത്രങ്ങളെ മാറ്റുന്നതായി മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍. ക്ഷേത്രങ്ങളില്‍ വിപ്ലവഗാനം പാടുന്നതിനും ചെഗുവേരയുടെ ഫോട്ടോ സ്ഥാപിക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നത്. ക്ഷേത്ര പരിസരം രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 59-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് രാഷ്‌ട്രീയ മുക്ത ക്ഷേത്രഭരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വരുമാനം കൂടുതലുള്ള ക്ഷേത്രങ്ങള്‍ കൈയടക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിക്കുന്നു. പരമ്പരാഗത ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിച്ച് ഭക്തര്‍ക്ക് ക്ഷേത്രോപസന തടസമില്ലാതെ നിര്‍വഹിക്കാനുള്ള സാഹചര്യമൊരുക്കലാണ് ദേവസ്വം ബോര്‍ഡുകളുടെ ഉത്തരവാദിത്തം. ക്ഷേത്രങ്ങള്‍ എങ്ങനെ കച്ചവടകേന്ദ്രമാക്കാമെന്ന ചിന്തയിലാണ് സര്‍ക്കാരും ബോര്‍ഡുകളും. പല ക്ഷേത്രങ്ങളുടെയും ഭൂമികള്‍ ആരുടെ കൈയിലാണെന്ന് പോലും അറിയില്ല. ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നിയമമുണ്ടാക്കണം, അദ്ദേഹം പറഞ്ഞു.
ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഉദ്ഘാടനം നിര്‍വഹിച്ചു. ധര്‍മബോധമുള്ള ഈശ്വര വിശ്വാസമുള്ള ഒരു ജനതയെ ക്ഷേത്രഭരണം ഏല്പിക്കണമെന്ന് സ്വാമി പറഞ്ഞു. ഭൂപരിഷ്‌കരണ നിയമത്തെ അനുകൂലിച്ചവരാണ് വഖഫിനെതിരെ മുറവിളി കൂട്ടുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി ശശികല ടീച്ചര്‍ പറഞ്ഞു. അന്ന് ക്ഷേത്രഭൂമികള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടിരുന്നു. ഇതിനെതിരെ ആരും പ്രതികരിച്ചില്ല. ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരെ തീറ്റി പോറ്റാനാണ് ഉപയോഗിക്കുന്നതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തന്‍ ജി. കെ. സുരേഷ് ബാബു അധ്യക്ഷനായി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ക്ഷേത്രസരംക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജില്ലാ അധ്യക്ഷന്‍ മുക്കംപാലമൂട് രാധാകൃഷ്ണന്‍, സംസ്ഥാന പ്രചാര്‍ പ്രമുഖ് ഷാജു വേണുഗോപാല്‍, താലൂക്ക് പ്രസിഡന്റ് സുനില്‍ എം. നായര്‍, മാതൃസമിതി ജില്ലാ അധ്യക്ഷ ജയശ്രീ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: