കൊച്ചി: കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും അതീതമാണ് ഈശ്വരീയതയെന്നും പ്രപഞ്ചത്തിലെ പൂര്‍ണതയാണ് ഈശ്വരനെന്നും ജുന അഖാഡ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹാരാജ്. എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ടിഡിഎം ഹാളില്‍ നടന്ന സംസ്ഥാനത്തെ തന്നെ പ്രഥമ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു സ്വാമി.
എല്ലാ ചരാചരങ്ങളും ചേര്‍ന്നതാണ് ഈശ്വരന്, സൃഷ്ടി സംഭവിക്കുന്നത് സങ്കല്പത്തിന്റെ ഭാഗമായാണ്, സങ്കല്പത്തിലാണ് കര്‍മം നടക്കുന്നതെന്നും സ്വാമി പറഞ്ഞു. ദൈവചിന്തകള്‍ വ്യത്യസ്ത തലത്തിലാണ് നാം കാണുന്നത്. നമ്മുടെ കുടുംബ, പരദേവത, ദേശദേവതകളെ ആചാര അനുഷ്ഠാനങ്ങളോടെ പരിപാലിക്കുമ്പോള്‍ കുടുംബ പരമ്പരകള്‍ക്ക് ഐശ്വര്യം വന്നു ഭവിക്കുമെന്നും സ്വാമി ഭാരതി മഹാരാജ് കൂട്ടിച്ചേര്‍ത്തു.
മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദ പുരി ഭദ്രദീപം തെളിയിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമിയെ എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന് (വേണു), പ്രസിഡന്റ് ആലപ്പാട്ട് മുരളീധരന്, കെ.ജി. വേണുഗോപാല്‍, അഡ്വ. എം. ശശിശങ്കര്‍, എം.ഡി. ജയന്തന് നമ്പൂതിരിപ്പാട്, എസ്. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാദപൂജ ചെയ്ത് തുളസി മാല അണിയിച്ച് സ്വീകരിച്ചു. അമൃത വിശ്വവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ വേദമന്ത്രങ്ങളോടെ സ്വാമിമാരെ ഭക്തസഹ്രസങ്ങളുടെ നേതൃത്വത്തില്‍ വേദിയിലേക്ക് ആനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: