അന്യംനിന്ന് പോകുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് മ്ലാവേലി വായന. ഡാവേലി, ബ്ലാവേലി, രാവേലി തുടങ്ങി പേരില്‍ പ്രാദേശിക വൈവിധ്യം ഏറെയുണ്ട്. വീരശൈവ സമുദായക്കാരാണ് വായന നടത്തുന്നത്. ശ്രീ മഹാദേവന്റെ ലീലകള്‍ വര്‍ണിച്ച് മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന സന്ദേശമാണ് മ്ലാവേലി വായന നല്‍കുന്നത്. നൂറിലധികം ചിത്രങ്ങളുള്ള കലണ്ടര്‍ നോക്കി പ്രത്യേക ഈണത്തില്‍ പാട്ടുരൂപത്തില്‍ വിശദീകരിക്കുന്നതാണ് വായനയുടെ രീതി. പല നാട്ടുഭാഷകളും ഇതില്‍ കേള്‍ക്കാം. കൃഷി, കന്നുകാലി വളര്‍ത്തല്‍, ഈശ്വരഭജനം, ദാനം തുടങ്ങിയവയാണ് പ്രമേയം. സംന്യാസി വേഷത്തിലെത്തുന്ന മഹാദേവന്‍ എന്ന സങ്കല്പമുള്ളതിനാല്‍, കര്‍ക്കടക മാസത്തില്‍ ഭക്തിയോടെയാണ് വീടുകളില്‍ മ്ലാവേലി വായന നടത്തുന്നത്. ശിവരാത്രി ദിവസം ആലുവ മണപ്പുറത്തും രാത്രി വായന നടക്കാറുണ്ട്.
മരണവീടുകളില്‍ പുല വീടുന്ന ദിവസം മൃതദേഹം സംസ്‌ക്കരിച്ച സ്ഥലത്ത് പരേതാത്മാവിന്റെ നിത്യശാന്തിക്കായും വായന പതിവുണ്ട്. കുട്ടികളില്ലാത്ത ദമ്പതികള്‍ മ്ലാവേലി ദാനം ചെയ്യുക എന്ന ആചാരവും നിലവിലുണ്ട്. വസ്ത്രദാനം മനസ്സറിഞ്ഞ് വേണമെന്നതും പശുവിന്‍ പാല്‍ ശ്രീപാര്‍വ്വതിദേവിയുടെ ദാനമെന്നു കരുതി കൊടുക്കണമെന്നതും മ്ലാവേലി വായനയുടെ സന്ദേശത്തില്‍പ്പെടുന്നു. പാലില്‍ ഒരു ഭാഗം കന്നുകുട്ടിക്കും ഒരു ഭാഗം വീട്ടുടമസ്ഥനും മൂന്നാമത്തെ ഭാഗം അമ്പലങ്ങളിലേക്കും നാലാമത്തേത് അയല്‍വാസികള്‍ക്കുമായി ദാനം ചെയ്യണമെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
ഓരോ ചിത്രത്തിനും ഓരോ കഥകള്‍ പറയാനുണ്ട്. കുട്ടികള്‍ ഉണ്ടാകാതെ ദു:ഖിച്ചിരിക്കുന്ന ഒരു കുടുംബത്തിലേക്ക് പരദേശരൂപിയായി പരമശിവനെത്തുന്നതും പിന്നീട് ഭഗവാന്റെ അനുഗഹത്താല്‍ അവര്‍ക്ക് ഒരു ഉണ്ണി പിറക്കുന്നതും അങ്ങനെ ആ കുടുംബത്തിന് ഉണ്ടാകുന്ന സന്തോഷവും ആണ് മ്ലാവേലിയുടെ കഥാസാരം.
മനുഷ്യന്‍ പാലിക്കേണ്ട നല്ല ശീലങ്ങളും മ്ലാവേലി വായിക്കുന്നവര്‍ ചിത്രം ചൂണ്ടിക്കാട്ടി ഓര്‍മ്മപ്പെടുത്തുന്നു. ഉമ്മറപ്പടിയില്‍ ഇരിക്കരുത്, ഒറ്റക്കാലില്‍ നില്‍ക്കരുത്, ദാഹജലം ചോദിച്ചു വരുന്നവര്‍ക്ക് തിളപ്പിച്ചാറിയ വെള്ളമുള്ളപ്പോള്‍ വെറും വെള്ളം കൊടുക്കരുത്, കുട്ടികളെ സന്ധ്യയ്‌ക്ക് നാമം ചൊല്ലാന്‍ ശീലിപ്പിക്കണം എന്നിവ ഇതില്‍ ചിലതാണ്.
ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന സന്ദേശങ്ങളാണ് മ്ലാവേലി വായന നല്‍കുന്നത്. ഇന്ന് മ്ലാവേലി വായിക്കുന്നവരുടെ നന്നേ കുറവാണ്. പ്രധാന കാരണം ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ പ്രയാസമാണെന്നതു തന്നെ. ഇവര്‍ കണക്ക് പറഞ്ഞ് ദക്ഷിണ വാങ്ങാറുമില്ല. അന്യം നിന്നു പോകുന്ന ഈ അനുഷ്ഠാന കലയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: