ലിവര്‍പൂള്‍: ലോക ഫുട്‌ബോളിലെ സൂപ്പര്‍ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ദെയ്‌ക്ക് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂള്‍ എഫ്‌സിയുമായുള്ള കരാര്‍ പുതുക്കി. രണ്ട് വര്‍ഷത്തേക്കാണ് പുതിയ കരാര്‍. നിലവിലെ സീസണ്‍ അവസാനിക്കുന്നതോടെ ഇപ്പോഴത്തെ കരാര്‍ കാലാവധി തീരാനിരിക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് ലിവറിലെ മറ്റൊരു സൂപ്പര്‍ താരം മുഹമ്മദ് സലാ കരാര്‍ പുതുക്കിയപ്പോള്‍ വാന്‍ ദെ്യ്‌ക്കിന്റെ കാര്യത്തില്‍ സ്ഥിരീകരണമായിട്ടുണ്ടായിരുന്നില്ല. ഊഹാപോഹങ്ങള്‍ പടച്ചുവിടുന്നതവര്‍ ഇതോടെ താരം ഫ്രഞ്ച് ക്ലബ്ബ് പാരിസ് സാന്റ് ഷാര്‍മെയ്(പിഎസ്ജി)നിലേക്ക് കൂടുമാറുകയാണെന്ന പ്രചാരണങ്ങള്‍ക്ക് ശക്തി കൂട്ടിയിരുന്നു. താന്‍ ലിവറില്‍ തന്നെ തുടരുമെന്ന് പുതിയ തീരുമാനം ലോകത്തെ അറിയിച്ചുകൊണ്ട് വാന്‍ ദെയ്‌ക്കും സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തി.
ഏഴ് വര്‍ഷമായി ചെമ്പടയ്‌ക്കൊപ്പം തുടരുന്ന വാന്‍ ദെയ്‌ക്ക് 314 മത്സരങ്ങള്‍ പിന്നിട്ടു. 2023ല്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്റെ കാലാവധി തീര്‍ന്നത് മുതല്‍ ലിവറിന്റെ ക്യാപ്റ്റന്‍ കൂടിയാണ് വാന്‍ദെയ്‌ക്ക്.
2018ല്‍ 75 ദശലക്ഷം പൗണ്ടിന് സതാംപ്ടണില്‍ നിന്നാണ് ശക്തനായ ഡച്ച് പ്രതിരോധ താരത്തെ ലിവര്‍ സ്വന്തമാക്കിയത്. ഈ കാലയളവിനുള്ളില്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍, ചാമ്പ്യന്‍സ് ലീഗ്, എഫ്എ കപ്പ്, ക്ലബ്ബ് ലോകകപ്പ്, രണ്ട് തവണ കരബാവോ കപ്പ് എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതില്‍ ലിവര്‍ പ്രതിരോധത്തില്‍ നിര്‍ണായക പ്രകടനമാണ് വാന്‍ ദെയ്‌ക്ക് നടത്തിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: