പാലക്കാട്: നെഹ്റു കുടുംബത്തേക്കാള്‍ ആയിരം മടങ്ങ് ദേശാഭിമാനിയും രാജ്യസ്നേഹിയുമാണ് ഡോ. കെ.ബി. ഹെഡ്ഗേവാറെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. അദ്ദേഹത്തിന്റെ പേരില്‍ നിരവധി സ്മാരകങ്ങള്‍ ഇനിയും കേരളത്തില്‍ ഉയരുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് രമേശ് വ്യക്തമാക്കി.
ഭിന്നശേഷി കുട്ടികള്‍ക്കായി പാലക്കാട് നഗരസഭ കൊണ്ടുവരുന്ന ഡോ. കെ.ബി. ഹെഡ്‌ഗേവാര്‍ സ്മാരക ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന എംഎല്‍എയുടെ പ്രസ്താവനക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് ഈസ്റ്റ് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്ഡിപിഐയും പോപ്പുലര്‍ഫ്രണ്ടുകാരും കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ നല്‍കിയ പിന്തുണയ്‌ക്കുള്ള പ്രത്യുപകാരമാണ് എംഎല്‍എ ഇപ്പോള്‍ ചെയ്യുന്നത്. നഗരസഭാ ഭരണത്തില്‍ അസ്വസ്ഥതയുള്ള ഇടത് വലതു മുന്നണികള്‍ക്ക് ആറുമാസത്തിനകം നടത്തുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്നും രമേശ് വ്യക്തമാക്കി.
ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ അഡ്വ. ഇ. കൃഷ്ണദാസ്, ജില്ലാ ജന. സെക്രട്ടറി എ.കെ. ഓമനക്കുട്ടന്‍, നേതാക്കളായ എന്‍. ശിവരാജന്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: