India

ഛത്തിസ്ഗഡില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

Published by

രാജ്പൂര്‍: ഛത്തിസ്ഗഡിലെ ബസ്തര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. എട്ടും അഞ്ചും ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിരുന്നവരാണ് കൊല്ലപ്പെട്ടത്. കൊണ്ടഗാവ്, നാരായണ്‍പൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള കിലാം-ബര്‍ഗം ഗ്രാമങ്ങളിലെ വനത്തില്‍ ചൊവ്വാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്, നക്‌സല്‍വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി), ബസ്തര്‍ ഫൈറ്റേഴ്‌സ് എന്നിവര്‍ സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു.

ഇതിനിടെ മാവോയിസ്റ്റുകള്‍ സേനക്ക് നേരെ വെടിയുതിര്‍ത്തു. സുരക്ഷാസേന തിരച്ചടിച്ചുവെന്നും ബസ്തര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സുന്ദര്‍രാജ് പി. പറഞ്ഞു.

രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും ഒരു എകെ 47 റൈഫിളും മറ്റ് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കിഴക്കന്‍ ബസ്തര്‍ ഡിവിഷനിലെ അംഗവും മാവോയിസ്റ്റ് കമാന്‍ഡറുമായ ഹല്‍ദാര്‍, ഏരിയ കമ്മിറ്റി അംഗം റാമെ എന്നിവരാണ് കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by