തിരുവനന്തപുരം: എന്നെ ഞാനാക്കിയത് വായനശാലയാണെന്ന് കവി ശ്രീകുമാരന്‍ തമ്പി പറഞ്ഞു. തന്റെ പുസ്തകശേഖരം വഞ്ചിയൂര്‍ ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
10 ാം വയസ്സില്‍ ഹരിപ്പാട്ടെ കേരളവര്‍മ്മ മെമ്മോറിയല്‍ വായനശാലയില്‍ അമ്മക്ക് വായിക്കാന്‍ പുസ്തകം എടുക്കാന്‍ പോയതാണ് തുടക്കം. അവിടുത്തെ അന്തരീക്ഷം ഏറെ ഇഷ്ടമായി. ഒരു വര്‍ഷത്തിനകം സ്വന്തമായി കവിത എഴുതാന്‍ കഴിയുന്ന തലത്തിലേക്ക് വായനശാല എന്നെ വളര്‍ത്തി. എന്റെ രചനാവാസന തിരിച്ചറിഞ്ഞ ലൈബ്രേറിയന്‍ വേണ്ടത്ര പ്രോത്സാനം നല്കി. കുട്ടിയായ ഞാന്‍ വായിക്കേണ്ട പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് തന്നു.
സി.വി.കുഞ്ഞിരാമന്റെ മഹാഭാരതം ഗദ്യം അത്തരത്തില്‍ അദ്യം വായിച്ച പുസ്തകമാണ്. ചിന്താഗതിക്ക് കൃത്യമായ ദര്‍ശനം സമ്മാനിച്ച പുസ്തകമായിരുന്നു അത്. ചിന്തകള്‍ക്ക് ശക്തിയും സൗന്ദര്യവും നല്കുന്നതില് വായനകള്‍ക്ക് വലിയ പങ്കാണുള്ളത്. ഒരു കാലത്ത് കേരളത്തില്‍ വായനാശാലകള്‍ സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു. എല്ലാവിധ ചര്‍ച്ചകളും വായനാശാലകളില്‍ നടക്കുമായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി വായനശാലകളില്‍ പിടി മുറിക്കയതോടെ രാഷ്ട്രീയം കൂടി. വായനശാലകളുടെ നാശത്തിനും വേഗമേറിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ട് നടന്ന പുസ്തക സമര്‍പ്പണ ചടങ്ങില്‍ ഗ്രന്ഥശാല പ്രസിഡന്റ് ആര്.രാമചന്ദ്രന് നായര്‍ ചടങ്ങില്‍ ആധ്യക്ഷം വഹിച്ചു. എസ്.രാധാകൃഷ്ണന് നായര്‍ സ്വാഗതവും പി.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: