നാഗര്‍കോവില്‍: കേന്ദ്ര സര്‍ക്കാര്‍ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. 625 മീറ്റര്‍ നീളത്തില്‍ നാലും അഞ്ചും പ്ലാറ്റ്ഫോമുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്.
എന്‍എസ്ജി റാങ്കിങ്ങില്‍ നാഗര്‍ കോവില്‍ റെയില്‍വേ സ്റ്റേഷന് മൂന്നാം സ്ഥാനത്താണ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഒന്നാമതെത്തും. പ്രതിവര്‍ഷം 78 കോടി രൂപ വരുമാനം നേടുന്ന ഈ റെയില്‍വേ സ്റ്റേഷന് വരുമാനത്തില്‍ ആറാം സ്ഥാനമാണ്. നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷന് സ്ഥാപിതമായി 45 വര്‍ഷം പിന്നിട്ടിട്ടും കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നില്ല. റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷനും നാട്ടുകാരും ഇതുസംബന്ധിച്ച് നിരവധി തവണ നിവേദനം നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷന് വിപുലീകരിക്കുന്നതിന് പണം അനുവദിച്ച് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
ആദ്യഘട്ടമായി റെയില്‍വേ സ്റ്റേഷന് മുന്‍ഭാഗം മോടിപിടിപ്പിക്കുന്നത്, അധിക പ്ലാറ്റ്ഫോമുകള്, പാസഞ്ചര്‍ ലോഞ്ച്, നോട്ടീസ് ബോര്‍ഡ്, പാര്‍ക്കിങ്, എസ്ക ലേറ്റര്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. കൂടാതെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിന്റെ മേല്‍ക്കൂരയുടെയും താഴത്തെ നിലകളുടെയും നവീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. എക്സ്പ്രസ് ട്രെയിനുകള്‍ക്ക് വേണ്ടി 4,5 പ്ലാറ്റ്ഫോമുകളുടെ നീളം വര്‍ദ്ധിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇതിനായി നാഗര്‍കോവില്‍ ജംക്ഷന് റെയില്‍വേ സ്റ്റേഷനില്‍ നിലവിലുള്ള ട്രാക്കിനു പകരം സ്റ്റേപ്ലിങ് ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഈ പ്ലാറ്റ്ഫോമിന് ഏകദേശം 625 മീറ്റര്‍ നീളമുള്ളതിനാല്‍ 20 കോച്ചുകളുള്ള ട്രെയിന്‍ നിര്‍ത്താനും യാത്രക്കാര്‍ക്ക് കോച്ചുകളില്‍ സുഗമമായി കയറാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: