ലാഹോർ : പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിൽ അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ ഒരു റെസ്റ്റോറന്റ് ഇസ്രായേൽ വിരുദ്ധ പ്രതിഷേധത്തിനിടെ ആക്രമിച്ചതിന് 17 തീവ്രമതമൗലിക പാർട്ടി പ്രവർത്തകർ അറസ്റ്റിലായി. പഞ്ചാബ് പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞയാഴ്ച ലാഹോറിലെ ഡിഫൻസ് ഹൗസിംഗ് അതോറിറ്റി (ഡിഎച്ച്എ) യിലുള്ള കെഎഫ്‌സി റെസ്റ്റോറന്റ്, തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) പ്രവർത്തകരുടെ ഒരു വലിയ സംഘം വളയുകയും കല്ലെറിയുകയും ജനൽ ചില്ലുകൾ തകർക്കുകയും ചില ഭാഗങ്ങൾ തീയിടുകയും ചെയ്തു.
കെഎഫ്‌സി റെസ്റ്റോറന്റിനെതിരായ ആക്രമണത്തിന്റെ വീഡിയോ ക്ലിപ്പുകളും സോഷ്യൽ മീഡിയയിൽ വൈറലായി. അക്രമികളിൽ ഭൂരിഭാഗവും കെഎഫ്‌സിയിൽ പ്രവേശിച്ച് ഗ്ലാസ് വാതിലുകളും ജനൽ ചില്ലുകളും തകർത്തു. തുടർന്ന് ജീവനക്കാരും ഉപഭോക്താക്കളും ജീവൻ രക്ഷിക്കാൻ പുറത്തേക്ക് ഓടി. പ്രതിഷേധക്കാർ ഇസ്രായേൽ വിരുദ്ധ അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
ഈ രാജ്യങ്ങളുടെ ഒരു ഉൽപ്പന്നമോ ഔട്ട്‌ലെറ്റോയും പാകിസ്ഥാനിൽ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. അതേ സമയം പഞ്ചാബ് സേഫ് സിറ്റീസ് അതോറിറ്റി (പിഎസ്‌സിഎ) ക്യാമറകൾ, ഇന്റലിജൻസ്, പ്രദേശത്തിന്റെ ജിയോ-ഫെൻസിംഗ് എന്നിവയുടെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ലാഹോറിലെയും പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിലെയും അന്താരാഷ്‌ട്ര ഭക്ഷ്യ ശൃംഖല ഔട്ട്‌ലെറ്റുകളിലും പരിസരത്തും പോലീസ് ഇപ്പോൾ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഗാസയ്‌ക്കെതിരായ ആക്രമണത്തിന്റെ പേരിൽ ഇസ്രായേലി ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള പ്രചാരണത്തിന് നേതൃത്വം നൽകുന്ന ടിഎൽപി അംഗങ്ങൾ നേരത്തെ കറാച്ചിയിൽ കെഎഫ്‌സിയുടെ ഒരു ഔട്ട്‌ലെറ്റും മറ്റൊരു ഭക്ഷ്യ ശൃംഖലയും ആക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: