ചെന്നൈ: വിരമിക്കുന്നതിനു മുമ്പും ശേഷവും മഹേന്ദ്രസിങ് ധോണി ഇങ്ങനെ തന്നെ. വിമര്‍ശകര്‍ക്ക് ഒരിക്കലും വായകൊണ്ട് മറുപടി നല്‍കിയിരുന്നില്ല. ഇപ്പോഴും അങ്ങനെ തന്നെ, അതും തന്റെ 43-ാം വയസ്സിലും. മഹേന്ദ്ര സിങ് ധോണി എന്തിനാണ് ടീമില്‍ ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കുന്നത് എന്ന വിമര്‍ശനങ്ങള്‍ ഒരു വശത്ത് മുഴങ്ങുമ്പോഴും ധോണി മിണ്ടിയിരുന്നില്ല. ആ വിമര്‍ശനങ്ങള്‍ക്ക് ധോണി മറുപടി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ചരിത്രത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡിന് അര്‍ഹനാകുന്ന പ്രായം കൂടിയ താരമെന്ന ഖ്യാതി സ്വന്തമാക്കിക്കൊണ്ടാണ്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായ മഹേന്ദ്രസിങ് ധോണി ലഖ്‌നൗവിനെതിരേ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ വിക്കറ്റ് കീപ്പറായും ബാറ്ററായും ഒരുപോലെ തിളങ്ങിയാണ് ധോണി മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. മത്സരത്തില്‍ ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായതും ധോണിയുടെ പ്രകടനമാണ്. ലഖ്‌നൗവിനെതിരെ 11 പന്തില്‍ നാലു ഫോറും ഒരു സിക്‌സറും സഹിതം പുറത്താകാതെ 26 റണ്‍സാണ് ധോണി നേടിയത്. കൂടാതെ വിക്കറ്റിനു പിന്നില്‍ ഒരു ക്യാച്ചും ഒരു സ്റ്റംപിങ്ങും ഒരു തകര്‍പ്പന്‍ റണ്ണൗട്ടുമായും ധോണി തിളങ്ങിയിരുന്നു. 2014ല്‍ 42 വര്‍ഷവും 209 ദിവസവും പ്രായമുള്ളപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനായി കൊല്‍ക്കത്തയ്‌ക്കെതിരെ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ പ്രവീണ്‍ താംബെയുടെ റെക്കോര്‍ഡാണ്, 43 വര്‍ഷവും 283 ദിവസവും പ്രായമുള്ള ധോണി മറികടന്നത്. ഫോമിനെ കുറിച്ച്, ഫിറ്റ്‌നസിനെ കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ചവര്‍ക്ക് ് കളിക്കളത്തിലെ പ്രകടനം മാത്രമാണ് തന്റെ കയ്യിലുള്ള മറുപടി എന്ന് ധോണി തെളിയിച്ചിരിക്കുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വഴങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 168 റണ്‍സെടുത്ത് ലക്ഷ്യത്തിലെത്തി. ഐപിഎല്‍ തുടങ്ങിയതുമുതല്‍ ധോണി വളരെ മോശം ഫോമിലാവുകയോ ബാറ്റിങ്ങ് ഓര്‍ഡറില്‍ സ്വയം പിന്നോട്ടിറങ്ങുകയോ ചെയ്തു. മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യ കളിയില്‍ ധോണി ബാറ്റിംഗിനിറങ്ങിയത് എട്ടാമനായാണ്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഒമ്പതാമതും രാജസ്ഥാന്‍ റോയല്‍സിനെതിരെ ധോണി ബാറ്റിംഗിനിറങ്ങിയത് ഏഴാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളിലും ഫിനിഷറുടെ റോളിലേക്ക് ധോണിക്ക് ഉയരാനായില്ല.
റുതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെയാണ് വീണ്ടും എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റങെ നായകനായി എത്തുന്നത്. ലഖ്‌നൗവിനെതിരേ മുന്നില്‍ നിന്ന് നയിച്ച് ധോണി ടീമിന് സീസണിലെ രണ്ടാം ജയം സമ്മാനിച്ചു. സിഎസ്‌കെയുടെ അഞ്ച് തുടര്‍ തോല്‍വികള്‍ക്കു ശേഷമായിരുന്നു ഈ വിജയം. തന്റെ ഫിനിഷിങ്ങിലെ മികവ് എവിടെയും പോയിപോയിട്ടില്ല എന്നുറപ്പിക്കുകയായിരുന്നു ധോണി. 11 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 26* നോട്ടൗട്ട്. മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് 236.36.
ലക്‌നൗവിനെതിരെ വിക്കറ്റിന് പിന്നിലും ധോണി മിന്നി. രവീന്ദ്ര ജഡേജയുടെ പന്തില്‍ ആയുഷ് ബദോനിയെ സ്റ്റംപ് ചെയ്തുകൊണ്ട് ധോണി വക ആദ്യ ഇംപാക്ട്. ഒപ്പം ഐപിഎല്ലില്‍ 200 പുറത്താക്കലുകള്‍ നടത്തുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡും.
ധോണി 43-ാം വയസ്സിലും ആരാധകര്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ക്കും അദ്ഭുതമാണ്. ഈ പ്രായത്തിലും ഫിറ്റ്‌നസ്് നിലനിര്‍ത്തുന്ന ധോണിക്ക് ബിഗ് സല്യൂട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക