വെല്ലൂർ ; താമസിക്കുന്ന ഭൂമി വഖഫ് സ്വത്താണെന്നും , ഉടൻ ഒഴിയണമെന്നും കാട്ടി വെല്ലൂരിൽ 150 ഓളം കുടുംബങ്ങൾക്ക് സമീപത്തെ ദർഗ ഒഴിപ്പിക്കൽ നോട്ടീസ് നൽകി . വെല്ലൂർ ജില്ലയിലെ കാട്ടുകൊലൈ ഗ്രാമത്തിലെ 150 ഓളം കുടുംബങ്ങൾക്കാണ് അവരുടെ ഭൂമി വഖഫിന്റേതാണെന്ന് വ്യക്തമാക്കുന്ന നോട്ടീസ് ലഭിച്ചത്.
കാട്ടുകൊല്ലയിലെ ഭൂമി ഒരു പ്രാദേശിക ദർഗയുടേതാണെന്ന് അവകാശപ്പെട്ട് എഫ് സയ്യിദ് സത്താമാണ് നോട്ടീസ് നൽകിയത്. സർവേ നമ്പർ 362 ൽ രജിസ്റ്റർ ചെയ്ത വഖഫ് ഭൂമി കയ്യേറിയെന്ന് ആരോപിച്ച് ബാലാജി എന്ന വ്യക്തിക്ക് സത്താമാണ് നോട്ടീസ് അയച്ചത്. 2021-ൽ പിതാവിന്റെ മരണശേഷം ദർഗയുടെയും പള്ളിയുടെയും പരിപാലകനായി മാറിയ സയ്യിദ് സദാം, 1954 മുതൽ ഭൂമി വഖഫ് ബോർഡിന്റേതാണെന്നും അത് തെളിയിക്കാൻ തങ്ങളുടെ കൈവശം രേഖകളുണ്ടെന്നും അവകാശപ്പെടുന്നു.
നോട്ടീസ് പ്രകാരം, വഖഫ് ബോർഡുമായി ഔപചാരിക കരാറിൽ ഏർപ്പെടാനും ദർഗ മാനേജ്‌മെൻ്റിന് വാടക നൽകാനും ഗ്രാമവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ ഭൂമി കയ്യേറ്റ വസ്തുവായി കണക്കാക്കുകയും വഖഫ് നിയമപ്രകാരം തിരിച്ചുപിടിക്കുകയും ചെയ്യുമെന്ന് നോട്ടീസിൽ പറയുന്നു.
നോട്ടീസിനെ പിന്തുണച്ച് കോൺഗ്രസ് എംഎൽഎ ഹസൻ മൗലാനയും രംഗത്തെത്തി. വഖഫ് ബോർഡിന്റെ ഭൂമിയുടെ അവകാശവാദം അനുബന്ധ രേഖകൾ ഉപയോഗിച്ച് തെളിയിക്കപ്പെട്ടാൽ ഗ്രാമവാസികൾ നാമമാത്രമായ വാടക നൽകേണ്ടിവരുമെന്നും ഹസൻ മൗലാന പറഞ്ഞു. ഒരിക്കൽ വഖഫ് അവകാശം ഉന്നയിച്ചാൽ , എല്ലായ്‌പ്പോഴും അത് വഖഫിന്റെയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തങ്ങളിൽ പലരുടെയും കൈവശം സർക്കാർ നൽകിയ ഔദ്യോഗിക ഭൂമി രേഖകൾ ഉണ്ടെന്ന് താമസക്കാർ പറഞ്ഞു. “ഈ ഭൂമിയാണ് ഞങ്ങളുടെ ഏക ഉപജീവനമാർഗം, ഇപ്പോൾ ഞങ്ങളോട് ഇത് ഒഴിയുകയോ ദർഗയിലേക്ക് വാടക കൊടുക്കുകയോ ചെയ്യണമെന്ന് പറയുന്നു.അത് നടക്കില്ല “ എന്നും അവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: