തിരുവനന്തപുരം : ഇന്റലിജന്‍സ് മേധാവി പി വിജയന് സ്വര്‍ണക്കടത്തില്‍ ബന്ധം ഉണ്ടെന്ന വ്യാജ മൊഴി നല്കിയ എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപിയുടെ ശുപാര്‍ശ. സിവില്‍,ക്രിമിനല്‍ നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാര്‍ശ.മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അജിത് കുമാറിനെതിരായ ഡിജിപിയുടെ ശുപാര്‍ശയില്‍ മുഖ്യമന്ത്രി തന്നെയാണ് തീരുമാനമെടുക്കേണ്ടത്.
പി വി അന്‍വറിന്റെ ആരോപണത്തെ തുടര്‍ന്നാണ് വിഷയത്തില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നത്. പിവി അന്‍വര്‍ ഉന്നയിച്ച ചില ആരോപണങ്ങളില്‍ എംആര്‍ അജിത് കുമാറിനെതിരെ സംസ്ഥാന പൊലീസ് മേധാവി നേരിട്ടാണ് അന്വേഷണം നടത്തുന്നത്. ഇതിനായി അജിത് കുമാറിന്റെ മൊഴി എടുക്കവെയാണ് പി വിജയനെതിരെ മൊഴി നല്‍കിയത്.
കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പി വിജയന് ബന്ധമുണ്ടെന്ന് മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞുവെന്നായിരുന്നു അജിത് കുമാര്‍ മൊഴി നല്‍കിയത്. ഈ മൊഴി പുറത്ത് വന്നതിന് പിന്നാലെ സുജിത് ദാസ് ഇക്കാര്യം തള്ളിപ്പറഞ്ഞു. പിന്നാലെ പി വിജയന് സര്‍ക്കാറിനെ സമീപിച്ചു. ഒന്നുകില്‍ അജിത് കുമാറിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ തനിക്ക് നിയമനടപടിക്ക് അനുമതി നല്‍കണം എന്നായിരുന്നു ആവശ്യം. വിജയന്റെ ആവശ്യത്തിലാണ് സര്‍ക്കാര്‍ ഡിജിപിയുടെ അഭിപ്രായം തേടിയത്.
വ്യാജ മൊഴി നല്കിയ അജിത് കുമാറിന്റെ നടപടി ക്രിമിനല്‍ കുറ്റമെന്നാണ് ഡിജിപി ഷെയ്ക് ദര്‍വ്വേസ് സാഹിബ് ശുപാര്‍ശ നല്‍കിയത്.സിവിലായും ക്രിമിനലായും അജിത് കുമാറിനെതിരെ കേസെടുക്കാന്‍ സാഹചര്യമുണ്ട്. മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെതിരെ വ്യാജ സത്യവാംഗ്മൂലം ഒപ്പിട്ട് നല്കി. ഇത്തരം നടപടിക്ക് ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കാമെന്നാണ് ഡി ജി പിയുടെ ശുപാര്‍ശ.
തൃശൂര്‍ പൂരം കലക്കലില്‍ അജിത് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് നേരത്തെ ഡിജിപി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ടില്‍ നടപടി എടുക്കാതെ സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ച് അജിത് കുമാറിനെ കൈവിട്ടില്ല.
ഷെയ്ഖ് ദര്‍വ്വേസ് സാഹിബ് വിരമിക്കുന്നതിന് പിന്നാലെ ജൂലായില്‍ അജിത് കുമാര്‍ ഡിജിപി തസ്തികയിലേക്കെത്തും. അതിനിടെയാണ് കേസിനുള്ള ശുപാര്‍ശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: