ഹൈദരാബാദ്: ലേസർ അധിഷ്ഠിത ആയുധം വിജയകരമായി പരീക്ഷിച്ച് പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആർഡിഒ. ഏറ്റവും ശക്തമായ കൗണ്ടർ ഡ്രോൺ സിസ്റ്റമാണ് വിജയകരമായി പരീക്ഷിച്ചത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 30 കിലോവാട്ട് എംകെ-II(എ) ലേസർ-ഡയറക്‌ടഡ് എനർജി വെപ്പൺ (ഡിഇഡബ്ല്യു) സിസ്റ്റം കർണൂലിലെ നാഷണൽ ഓപ്പൺ എയർ റേഞ്ചിലാണ് പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചത്.
#WATCH | Kurnool, Andhra Pradesh: For the first time, India has showcased its capability to shoot down fixed-wing aircraft, missiles and swarm drones using a 30-kilowatt laser-based weapon system. India has joined list of selected countries, including the US, China, and Russia,… pic.twitter.com/fjGHmqH8N4
— ANI (@ANI) April 13, 2025
മിസൈലുകൾ, ഡ്രോണുകൾ, ചെറിയ പ്രൊജക്‌ടൈലുകൾ തുടങ്ങി അഞ്ച് കിലോമീറ്റർ പരിധിയിലുള്ള വ്യോമാക്രമണങ്ങളെ നിർവീര്യമാക്കാൻ ശേഷിയുള്ള ഉയർന്ന പവർ ലേസർ-ഡ്യൂ സാങ്കേതികവിദ്യയാണ് ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. ഇതോടെ ഈ സാങ്കേതിക വിദ്യ സ്വന്തമായുള്ള അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു. ഇസ്രയേൽ ഇത്തരം ആയുധ സംവിധാനങ്ങളുടെ നിര്‍മ്മാണത്തിലാണ്.
“വിലകൂടിയ മിസൈലുകളും വെടിക്കോപ്പുകളും ഉപയോഗിച്ച് ‘കൈനറ്റിക് കില്ലുകൾക്ക്’ പകരം ‘ബീം കില്ലുകൾക്ക്’ ഇത് വളരെ ശക്തവും പുനരുപയോഗിക്കാവുന്നതുമായ ആയുധമാണ്. കുറഞ്ഞ ചെലവിൽ, ഇത് കൂടുതൽ ലാഭകരമാണ്, പ്രത്യേകിച്ച് നമ്മൾ ഇപ്പോൾ കാണുന്നതുപോലുള്ള വിപുലമായ യുദ്ധങ്ങൾക്ക് ഇതാണ് ഭാവിയിലെ സാങ്കേതികവിദ്യ,” ഡിആർഡിഒ ഡയറക്ടർ ജനറൽ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ്) ഡോ. ബി കെ ദാസ് പറഞ്ഞു.
കരയിലും കടലിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുമെന്ന പ്രത്യേകതയും ഈ ആയുധത്തിനുണ്ട്. വ്യോമ, റെയിൽ, റോഡ്, ജല മാർഗങ്ങൾ വഴി വേഗത്തിൽ ഈ ആയുധം വിന്യസിക്കാൻ കഴിയുമെന്നാണ് ഡിആർഡിഒ വ്യക്തമാക്കുന്നത്. എൽആർഡിഇ, ഐആർഡിഇ, ഡിഎൽആർഎൽ, അക്കാദമിക് സ്ഥാപനങ്ങൾ, ഇന്ത്യൻ വ്യവസായ സംരഭങ്ങൾ എന്നിവയുമായി സഹകരിച്ച് ഡിആർഡിഒയുടെ സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസ് (CHESS) ആണ് Mk-II(A) DEW സിസ്റ്റം രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്.
ലേസർ-ഡ്യൂ സിസ്റ്റങ്ങൾ റഡാർ അല്ലെങ്കിൽ അവയുടെ ഇൻബിൽറ്റ് ഇലക്ട്രോ ഒപ്റ്റിക് (EO) സിസ്റ്റം ഉപയോഗിച്ച് ലക്ഷ്യങ്ങൾ കണ്ടെത്തുകയും പ്രകാശവേഗത്തിൽ പ്രതികരിക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 20 കിലോമീറ്റർ ദൂരപരിധിയിലുള്ള എതിരാളികളുടെ ആയുധങ്ങളെ തകർക്കുന്ന ‘സൂര്യ’ എന്ന പ്രതിരോധ സംവിധാനവും ഡിആർഡിഒ വികസിപ്പിക്കുന്നുണ്ട്. 300 കിലോവാട്ട് ശേഷിയുള്ള ‘സൂര്യ’യും ലേസർ അധിഷ്ഠിത ആയുധ സംവിധാനമാണിത്.
“കുറഞ്ഞ ചെലവിലുള്ള ഡ്രോൺ ആക്രമണങ്ങളെ നേരിടുന്നതിനുള്ള ചെലവ് കുറഞ്ഞ പ്രതിരോധ പരിഹാരങ്ങളാണ് ലോകമെമ്പാടുമുള്ള സൈനികർ DEW-കൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരു DEW-യെ കുറച്ച് സെക്കൻഡ് നേരത്തേക്ക് വെടിവയ്‌ക്കുന്നതിനുള്ള ചെലവ് രണ്ട് ലിറ്റർ പെട്രോളിന്റെ വിലയ്‌ക്ക് തുല്യമാണ്. അതിനാൽ, വിവിധ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നതിനുള്ള ദീർഘകാലവും കുറഞ്ഞ ചെലവിലുള്ളതുമായ ഒരു ബദലാകാൻ ഇതിന് കഴിവുണ്ട്,” മറ്റൊരു DRDO ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: