പത്തൊന്‍പതാം നൂറ്റാണ്ടില്‍ തിരുവിതാംകൂറിലെ സാമൂഹ്യ പരിഷ്‌കരണത്തിനും പിന്നാക്ക വിഭാഗ മുന്നേറ്റത്തിനും വേണ്ടി പ്രയത്‌നിച്ച നേതാവായ കുറുമ്പന്‍ ദൈവത്താന്റെ സ്മൃതിദിനം ഏപ്രില്‍ 15-ന്. പിന്നാക്ക സമൂഹത്തില്‍ ജനിച്ച അദ്ദേഹം എല്ലാ പ്രതിബന്ധങ്ങളും വിലക്കുകളും മറികടന്നാണ് വിദ്യാഭ്യാസം നേടിയത്. ഇതിനൊപ്പം ഇതിഹാസപുരാണങ്ങളിലും അവഗാഹം നേടി. മഹാത്മ അയ്യങ്കാളിയുമായുള്ള ബന്ധത്തില്‍ സാധുജന പരിപാലന സംഘത്തില്‍ പ്രധാന ചുമതലക്കാരനായി നിയോഗിക്കപ്പെട്ട കുറുമ്പന്‍ ദൈവത്താന്‍ ‘പുലയകാര്യദര്‍ശി’ എന്നാണ് അക്കാലം അറിയപ്പെട്ടത്. 1915-ല്‍ ശ്രീമൂലം പ്രജാസഭ അംഗംമായി.
വെള്ളിക്കര ചോതി, പുല്ലാട് ശങ്കുപ്പിള്ള എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം അവശ ജനസമൂഹത്തിനു വേണ്ടി നിരന്തര സമരങ്ങളും നിതാന്ത ജാഗ്രതയും പുലര്‍ത്തി. അധസ്ഥിത സമൂഹത്തിനുവേണ്ടി നിരവധി സമരങ്ങള്‍ ഏറ്റെടുത്തു നടത്തി. ക്ഷേത്രപ്രവേശന വിളംബരത്തിന് ഒരു വ്യാഴവട്ടം മുമ്പ് ചെങ്ങന്നൂര്‍, ആറന്മുള ക്ഷേത്രങ്ങളിലേക്ക് ജാഥ നയിച്ച് അധഃസ്ഥിതര്‍ക്ക് ക്ഷേത്രപ്രവേശനം നേടിയത് ഇദ്ദേഹമായിരുന്നു.
1924ല്‍ ആണ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്താന്‍ കുറുമ്പന്‍ ദൈവത്താന്റെ നേതൃത്വത്തില്‍ അയ്യായിരത്തോളം ദളിതര്‍ പ്രക്ഷോഭരംഗത്ത് ഇറങ്ങിയത്. മലയാള വര്‍ഷം 1099 വൃശ്ചികം ഒന്‍പതാം തീയതി വൈകിട്ട് 5 മണിക്കാണ് ഇവര്‍ ക്ഷേത്രപ്രവേശനം നടത്തിയത്.
ലംപ്‌സംഗ്രാന്റിന്റെ മുന്‍ രൂപമായ സ്‌റ്റൈപ്പന്റ് പുലയസമുദായത്തിലെ കുട്ടികള്‍ക്ക് നേടിക്കൊടുത്തതും ദൈവത്താനാണ്. ആറന്‍മുളയില്‍ കുരവയ്‌ക്കല്‍ ചക്കോളയില്‍ കുറുമ്പന്റെയും തെക്കേതില്‍ പറമ്പില്‍ നാണിയുടെയും മകനായി 1880 ജനുവരി 26ന് ( മലയാള വര്‍ഷം 1055 മകരം 12 ന്) ജനിച്ചു. ‘നടുവത്തമ്മന്‍’ എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടത്. അക്കാലത്ത് ദളിതര്‍ക്ക് വിദ്യ അഭ്യസിക്കാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. നാട്ടിലെ കുടിപ്പള്ളിക്കൂടത്തില്‍ പുലയര്‍ക്ക് മാത്രമല്ല ഈഴവാദി പിന്നാക്കക്കാര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. അവരെ പഠിപ്പിക്കാന്‍ ആശാന്‍മാര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. അഥവാ അതിന് ആരെങ്കിലും തയ്യാറായാല്‍ സവര്‍ണ്ണ വിദ്യാര്‍ത്ഥികള്‍ കളരി ബഹിഷ്‌കരിച്ച് പുറത്തു പോവുകയും ആചാര ലംഘനം നടത്തുന്ന കുട്ടികളെയും ആശാന്മാരെയും കായികമായി ആക്രമിക്കുകയും കളരിക്ക് തീ വയ്‌ക്കുകയും ചെയ്തിരുന്നു.
കുടിപ്പള്ളിക്കൂടത്തിനു സമീപം ഉണ്ടായിരുന്ന കൊച്ചു കുഞ്ഞാശാന്‍ എന്ന ക്രിസ്ത്യാനി പണ്ഡിതന്‍ കുറുമ്പനെ പഠിപ്പിക്കാന്‍ തയ്യാറായി. മറ്റെല്ലാ വിദ്യാര്‍ത്ഥികളും പഠിത്തം കഴിഞ്ഞ് മടങ്ങിയതിനു ശേഷം രാത്രി എട്ടു മണിയോടെ തന്റെ അടുത്തെത്താന്‍ ആശാന്‍ പറഞ്ഞു. ഒരു കിലോമീറ്ററോളം രാത്രിയില്‍ നടന്നാണ് എത്തേണ്ടിയിരുന്നത്. ഇതറിയാനിടയായ യാഥാസ്ഥിതികര്‍ കുറുമ്പനെയും കുടുംബത്തെയും കൈയേറ്റം ചെയ്യുകയും നാടു വിടേണ്ടി വരികയും ചെയ്തു. എങ്കിലും പഠനം തുടര്‍ന്നു.
പുലയ സമുദായത്തിന്റെ തനതു കലായായ കോലടിയില്‍ അദ്ദേഹം നിപുണനായിരുന്നു. പിതാവില്‍ നിന്നും പഠിച്ച കാളക്കച്ചവടവും പാട്ടക്കൃഷിയും കൊണ്ടു മാത്രം ഉപജീവനം സാധ്യാമാകാതെ വന്നപ്പോള്‍ കുറച്ചുകാലം തോട്ട മേഖലയില്‍ കങ്കാണിയായും ജോലി നോക്കി. അയ്യങ്കാളിയുടെയും വെള്ളിക്കര ചോതിയുടെയും സമുദായ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി തെഴിലില്‍ നിന്ന് പടിപടിയായി പിന്മാറി. ഇന്നത്തെ സമ്പ്രദായത്തിലുള്ള ചുവരെഴുത്തുകള്‍ അന്നുണ്ടായിരുന്നില്ലെങ്കിലും ദൈവത്താന്‍ ജന്മി പുരയിടങ്ങളുടെ മണ്‍ഭിത്തികളില്‍ ചില മുദ്രാ വാക്യങ്ങള്‍ ചുണ്ണാമ്പും കുമ്മായവും കൊണ്ട് എഴുതി പ്രചരിപ്പിക്കാറുണ്ടായിരുന്നു.
സംസ്ഥാനത്ത് ആദ്യമായി ചുവരെഴുതിയതിന് ഇദ്ദേഹത്തിന് ആറുമാസം ഒളിവില്‍ കഴിയേണ്ടി വന്നു. അയ്യങ്കാളിയുടെ മാനേജരായി പ്രവര്‍ത്തിച്ചു. പില്‍ക്കാലത്ത് അഭിപ്രായ വ്യത്യാസം മൂലം ഹിന്ദു പുലയ സമാജം എന്ന സംഘടന സ്ഥാപിച്ചു. ദൈവത്താന്‍ ഗുരുതുല്യനായി കണ്ടിരുന്ന വ്യക്തിയാണ് മൂലൂര്‍ എസ്. പത്മനാഭ പണിക്കര്‍. ദൈവത്താന്‍ ഗുരുതുല്യനായി കണ്ടിരുന്ന വ്യക്തിയാണ് മൂലൂര്‍ എസ്. പത്മനാഭ പണിക്കര്‍. ആറന്മുളയ്‌ക്ക് അടുത്തുള്ള ഇലവുംതിട്ട ആയിരുന്നു മൂലൂരിന്റെ ജന്മനാട്.
മതപരിവര്‍ത്തനത്തോട് യോജിപ്പില്ലായിരുന്നെങ്കിലും മത പരിവര്‍ത്തനം ചെയ്ത ദളിതരോട് അനുഭാവം പുലര്‍ത്തി. 1915 മുതല്‍ പത്തു വര്‍ഷത്തോളം ശ്രീമൂലം സഭാംഗമായി പ്രവര്‍ത്തിച്ച കാലയളവില്‍ അദ്ദേഹം നടത്തിയ സേവനങ്ങള്‍ പില്‍കാല കേരളത്തിന്റെ സമഗ്ര മുന്നേറ്റത്തിന് സഹായകരമായി. ലംപ്‌സം ഗ്രാന്റ്, വിദ്യാഭ്യാസത്തിനു വേണ്ടി നടത്തിയ സമരങ്ങള്‍, ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങള്‍ തുടങ്ങി അനവധി സമരങ്ങള്‍ അദ്ദേഹം ഏറ്റെടുത്തു നടത്തി. ഹരിജന കോളനി എന്ന ആശയം കേരളത്തില്‍ ആദ്യമായി ഉയര്‍ത്തിയതും ദൈവത്താനാണ്.
കുറുമ്പന്‍ ദൈവത്താന്റെ അന്ത്യവിശ്രമ സ്ഥലത്ത് ആറന്മുള ഗ്രാമപഞ്ചായത്ത് സ്മാരകം നിര്‍മ്മിച്ചിട്ടുണ്ട്. ആറന്മുള പഞ്ചായത്തിലെ എരുമക്കാട്ട് ഗുരുക്കന്‍കുന്നിലെ ഹരിജന്‍ വെല്‍ഫയര്‍ എല്‍പി സ്‌കൂളാണ് അദ്ദേഹത്തിന്റെ സ്മൃതിയിടം.
ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: