നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്‌ട്രപതിക്കും സമയപരിധി തീരുമാനിച്ച സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ വിധി പല കോണുകളില്‍ നിന്നും വിമര്‍ശിക്കപ്പെട്ടിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ത്തന്നെ ഇത് ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാഷ്‌ട്രപതിയുടെ അധികാരം സംബന്ധിച്ചു പറയുന്നത് ആര്‍ട്ടിക്കിള്‍ 201ലാണ്. ഇതനുസരിച്ച് ഏതെങ്കിലും കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രാഷ്‌ട്രപതിക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇക്കാര്യം വിസ്മരിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് തീര്‍ത്തും അസ്വീകാര്യമായ വിധി ഉണ്ടായിരിക്കുന്നത്.
ഗവര്‍ണറുടെ കാര്യത്തിലും സമയപരിധി നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ല.
ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നതു പോലുള്ള ഉത്തരവ് പുറപ്പെടുവിക്കണമെങ്കില്‍ ഭരണഘടനയില്‍ മാറ്റം വരുത്തണം. ഇതിനുള്ള അധികാരം കോടതിക്കില്ല. പാര്‍ലമെന്റിന് മാത്രമാണുള്ളത്. അതും മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഇതൊക്കെ വിസ്മരിച്ചുകൊണ്ടാണ് രാഷ്‌ട്രീയപ്രേരിതം എന്നു പറയാവുന്ന വിധത്തില്‍ കോടതി വിചിത്രമായ ഉത്തരവ് പു
റപ്പെടുവിച്ചിരിക്കുന്നത്. ഗവര്‍ണറുടെയും രാഷ്‌ട്രപതിയുടെയും അധികാര വിനിയോഗം സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ത്തന്നെ അത് പരിഗണിക്കേണ്ടത് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ്. ഇതിനുപകരം രണ്ടംഗ ബെഞ്ച് ഇക്കാര്യത്തില്‍ ചാടിക്കേറി തീരുമാനമെടുത്തിരിക്കുന്നത് തീര്‍ത്തും അനുചിതവും അധികാരപരിധിയുടെ ലംഘനവുമാണ്. ഭരണഘടനാ വ്യവസ്ഥകളെക്കുറിച്ച് ധാരണയുള്ള ആരുംതന്നെ ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ പിന്തുണയ്‌ക്കുമെന്ന് തോന്നുന്നില്ല. കോടതി പരിധി വിട്ടിരിക്കുന്നുവെന്നും, സമയപരിധി നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ഗവര്‍ണറുടെയും രാഷ്‌ട്രപതിയുടെയും വിവേചനാധികാരത്തില്‍ കടന്നുകയറുന്ന കോടതി, വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി പറയണം. സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തുന്ന കോടതി മറ്റുള്ളവരുടെ കാര്യത്തില്‍ മാനദണ്ഡങ്ങള്‍ വയ്‌ക്കുന്നതില്‍ പൊരുത്തക്കേടില്ലേ?
നമ്മുടെ രാജ്യത്ത് ഭരണഘടന അനുസരിച്ച് പാര്‍ലമെന്റിനും ജുഡീഷ്യറിക്കും എക്‌സിക്യൂട്ടീവിനും വ്യക്തമായ അധികാര വിഭജനമുണ്ട്. ഇത് ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഭരണഘടനാഭേദഗതിക്കുള്ള അധികാരം പാര്‍ലമെന്റിനാണ്. പാര്‍ലമെന്റ് നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ഭരണഘടനാ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ മാത്രമാണ് കോടതിക്ക് അധികാരം. ഈ വ്യവസ്ഥയാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് മറികടന്നിരിക്കുന്നത്. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇത് ഒരുതരം കടന്നു കയറ്റമാണ്. ഇങ്ങനെയുള്ള ഉത്തരവുകള്‍ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്‌ക്കും.
തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് വിട്ടത്. ഇക്കാര്യത്തില്‍ ന്യായമായ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജി വന്നത്. സ്വാഭാവിക നടപടി എന്ന നിലയില്‍ കോടതിക്ക് ചെയ്യാവുന്നത് തീരുമാനം ഭരണഘടനാ ബെഞ്ചിന് വിടുക എന്നതായിരുന്നു. അത് ചെയ്യാതെ ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത് പല സംശയങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ട്. കോടതി ഉത്തരവ് വന്ന ഉടനെ രാഷ്‌ട്രപതിക്ക് അയച്ച ബില്ലുകളില്‍ തീരുമാനം ഉണ്ടാകുന്നതിനു മുന്‍പേ തമിഴ്‌നാട് നിയമസഭ അവയൊക്കെ ഒറ്റയടിക്ക് നിയമമാക്കിയത് ഈ സംശയത്തെ ബലപ്പെടുത്തുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ഇത്തരമൊരു വിധി തന്നെ പ്രതീക്ഷിച്ച് കാര്യങ്ങളെല്ലാം മുന്‍കൂട്ടി തീരുമാനിക്കുകയായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്.
ജുഡീഷ്യല്‍ ആക്റ്റിവിസം കുറേക്കാലമായി വലിയ ചര്‍ച്ചാവിഷയമാണ്. രാജ്യത്തെയും ഭരണസംവിധാനത്തെയും മുഴുവന്‍ ബാധിക്കുന്ന വിഷയങ്ങളില്‍ കോടതി അനവധാനതയോടെ തീരുമാനമെടുക്കുന്നുവെന്ന ആശങ്ക പലരും പങ്കുവെച്ചിട്ടുണ്ട്. ജഡ്ജിമാരും വ്യക്തികളാണല്ലോ. സമീപകാലത്ത് ചില ന്യായാധിപന്മാരുടെ ചെയ്തികള്‍ അവര്‍ പല വിധത്തിലുള്ള സ്വാധീനത്തിനും വഴിപ്പെടുന്നവരാണെന്ന് കരുതേണ്ട സ്ഥിതിവിശേഷമാണ്. ഈ പശ്ചാത്തലത്തില്‍ രാഷ്‌ട്രപതിയുടെ അധികാരപരിധിയില്‍ കടന്നുകയറുന്ന ഇപ്പോഴത്തെ രണ്ടംഗ ബെഞ്ചിന്റെ വിധി മറികടക്കേണ്ട ആവശ്യമുണ്ട്. വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി നല്‍കുമെന്നാണ് അറിയാന്‍ കഴിയുന്നത്. തീര്‍ച്ചയായും ഇങ്ങനെയൊരു നടപടിയിലൂടെ തെറ്റുകള്‍ തിരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം രാജ്യത്തിന്റെ സംവിധാനത്തെത്തന്നെ അത് ബാധിക്കും. സീസറുടെ ഭാര്യ ചാരിത്രവതിയാണെന്ന് സീസറിനു മാത്രം തോന്നിയാല്‍ പോരാ, മറ്റുള്ളവര്‍ക്കും തോന്നണമെന്നു പറയാറുണ്ടല്ലോ. ഇത് ഏറ്റവും കൂടുതല്‍ ബാധകമാകേണ്ടത് നീതിപീഠങ്ങള്‍ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: