ന്യൂഡൽഹി : പതിനേഴ് വർഷത്തെ നയതന്ത്ര നീക്കത്തിനു ശേഷം ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി തഹാവൂർ റാണയ്‌ക്ക് ജയിലിൽ പേപ്പറും, ഖുറാനും, പേനയും അനുവദിച്ചു. പേന കൊണ്ട് സ്വയം മുറിവേൽപ്പിക്കാതിരിക്കാൻ പ്രത്യേക നിരീക്ഷണവും എൻ ഐ എ നടത്തുന്നുണ്ട്. കൂടാതെ തന്റെ സെല്ലിൽ റാണ ദിവസവും അഞ്ച് തവണ നമസ്‌കരിക്കുകയും ചെയ്യുന്നുണ്ട്. അഭ്യർത്ഥന പ്രകാരം ഖുറാന്റെ ഒരു പകർപ്പ് റാണയ്‌ക്ക് നൽകിയതായും ,റാണ “മതവിശ്വാസി” ആണെന്നുമാണ് എൻ ഐ എ അധികൃതർ വ്യക്തമാക്കുന്നത് .
ന്യൂഡൽഹിയിലെ സിജിഒ കോംപ്ലക്സിലെ എൻഐഎ ആസ്ഥാനത്തെ അതീവ സുരക്ഷാ സെല്ലിൽ 24 മണിക്കൂറും നിരീക്ഷണത്തിലാണ് റാണയെ പാർപ്പിച്ചിരിക്കുന്നത് . റിപ്പോർട്ടുകൾ പ്രകാരം, തഹാവുർ റാണയെ പ്രത്യേക പരിഗണനയില്ലാതെ സാധാരണ വ്യക്തിയെ പോലെയാണ് പരിഗണിക്കുന്നത്.
കോടതി നിർദ്ദേശങ്ങൾ അനുസരിച്ച്, ഡൽഹി ലീഗൽ സർവീസസ് അതോറിറ്റി (ഡിഎൽഎസ്എ) നൽകുന്ന അഭിഭാഷകനെ ഒന്നിടവിട്ട ദിവസങ്ങളിൽ കാണാൻ റാണയ്‌ക്ക് അനുവാദമുണ്ട്. കൂടാതെ ഓരോ 48 മണിക്കൂറിലും മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയനാക്കും. ഡൽഹി കോടതി അന്വേഷണ ഏജൻസിക്ക് 18 ദിവസത്തെ കസ്റ്റഡി അനുവദിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് റാണയെ എൻഐഎ ആസ്ഥാനത്തേക്ക് മാറ്റിയത്.
അതിനിടെ കേസിലെ അജ്ഞാതനായ സാക്ഷിയെ അതീവരഹസ്യമായി എൻ ഐ എ ഡൽഹിയിൽ എത്തിച്ചു. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെയും റാണയുടെയും സുഹൃത്താണ് ഈ സാക്ഷിയെന്നാണ് വിവരം. കോടതി രേഖകളിൽ പോലും ഇല്ലാത്ത ഈ സാക്ഷിയെ തീവ്രവാദ സംഘടനകൾ അപകടപ്പെടുത്തിയേക്കാം എന്ന നിഗമനത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: