അനശ്വര തത്ത്വങ്ങളെ മുഴുവന്‍ നിരസിക്കുന്ന കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളും ഉത്തരാധുനികരും യാദൃച്ഛികതയെ പ്രോത്സാഹിപ്പിക്കുന്നവരാണ്. മനുഷ്യന്റെ ജനനത്തിനും
മരണത്തിനുമിടയിലുള്ള അയാളുടെ നേട്ടങ്ങളുടെയും സാമൂഹിക- സാംസ്കാരിക ബന്ധങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമുള്ള പഠനമാണ് ഉത്തരാധുനിക മാര്‍ക്സിസ്റ്റുകളുടേത്. എല്ലാത്തരം ആധിപത്യങ്ങളെയും വെല്ലുവിളിക്കുന്നതിന്റെ പേരില്‍ മനുഷ്യജീവിതത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെയും വ്യവസ്ഥകളെയും തകര്‍ക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. സമൂഹത്തിലെ അധഃസ്ഥിതരുടെ പാര്ശ്വവല്ക്കരണത്തെ പഴിച്ചുകൊണ്ടും മറ്റും പൊതുജനശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ഇവരുടെ ഉള്ളിലിരിപ്പ്, ആരോഗ്യകരമായ സാമൂഹിക ജീവിതത്തിനും വ്യക്തിജീവിതത്തിനും മനുഷ്യന് വേണ്ടതായ സാംസ്കാരിക ചിട്ടകളെയും മര്യാദകളെയും അട്ടിമറിക്കുകയെന്നതാണ്.
മനസ്സിന്റെയും ബാഹ്യലോകത്തിന്റെയും അനിശ്ചിതാവസ്ഥകളെ ഉയര്‍ത്തിക്കാട്ടാനായി യുക്തിയുടെ മേല്‍ക്കോയ്മയെ ഉത്തരാധുനിക മാര്‍ക്സിസ്റ്റുകള്‍ എതിര്‍ക്കുന്നതു കാണാം. ഇതില്‍ ജാക് ദറിദയുടെ പങ്ക് വളരെ വലുതായിരുന്നു. എന്നാല്‍ അറിവിനെ മനസ്സിന്റെ തന്നെ മേല്ക്കോയ്മയില് നിന്ന് അകറ്റുന്ന വിചിത്രമായ കാഴ്ചപ്പാടാണ് ഫ്രഞ്ച് തത്ത്വചിന്തകനും സാഹിത്യകാരനുമായ ഴാന്‍ ഫ്രാന്‍സിസ് ലിയോത്താര്ഡിന്റേത്. ‘ദ പോസ്റ്റ് മോഡേണ്‍ കണ്ടീഷന്‍’ (1979) എന്ന പ്രസിദ്ധമായ പുസ്തകത്തില്‍, അറിവ് മനസ്സിന്റേതല്ലാതാകുന്നത് ഉത്തരാധുനിക സമൂഹത്തിന്റെ സ്വാഭാവിക സ്ഥിതിവിശേഷമാണെന്ന മട്ടിലാണ് ലിയോത്താര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് വെറുമൊരു കാഴ്ചപ്പാട് മാത്രമല്ല, ഉത്തരാധുനിക സമൂഹം സ്വാഭാവികമായി തെളിയിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ഇന്നത്തെ അറിവിന്റെ അവസ്ഥ എന്നാണ് ലിയോത്താര്‍ഡ് അവകാശപ്പെടുന്നത്. ഇപ്രകാരം വിവിധങ്ങളായിട്ടുള്ള സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാത്തതിന്റെ പേരില്‍ പാരമ്പര്യ മാര്‍ക്സിസത്തില്‍ നിന്ന് വ്യതിചലിച്ച ഉത്തരാധുനിക ചിന്തകനാണ് ലിയോത്താര്‍ഡ്. അതിനാല്‍ ആഗോള മുത്തലാളിത്തത്തിന്റെ പിടിയിലമര്‍ന്ന സാങ്കേതിക വിദ്യയെച്ചൊല്ലിയുള്ള ഒരു പൂര്‍വ്വകാല മാര്‍ക്സിസ്റ്റിന്റെ ആശങ്ക പങ്കുവയ്ക്കുന്നതോടൊപ്പംതന്നെ അറിവിനുമേല്‍ മനസ്സിന്റെ, പ്രത്യേകിച്ച് യുക്തിയുടെ ആധിപത്യം അവസാനിച്ചതിനെക്കുറിച്ച് ലിയോത്താര്‍ഡ് ആശ്വാസം കൊള്ളുകയും ചെയ്യുന്നു. ലിയോത്താര്‍ഡിന്റെ അഭിപ്രായത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായിട്ടാണ് അറിവ് സൃഷ്ടിക്കപ്പെടുന്നത്. അറിവിന്റെ പ്രയോജനവും ലക്ഷ്യവും സത്യാന്വേഷണമല്ല. ഇത് തെളിയിക്കുന്നതാണ് ഇന്നത്തെ അറിവിന്റെ അവസ്ഥ.
ലിയോത്താര്‍ഡിന്റെ വിജ്ഞാനവ്യവസായം
ഇപ്പോള്‍ അറിവ് എന്നത് സാങ്കേതിക വിദ്യയാകുന്നു എന്നാണ് ലിയോത്താര്‍ഡ് ചൂണ്ടിക്കാട്ടുന്നത്. അറിവിന്റെ വ്യവസായമാണ് ഇന്ന് ആഗോളതലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ അറിവ് ഒരു വില്‍പ്പനച്ചരക്കാവുന്നു. മനുഷ്യരുടെ ഉപഭോഗതാല്പ്പര്യത്തിനു വേണ്ടിയാണ് അറിവ് സൃഷ്ടിക്കപ്പെടുന്നത്. അതിനാല്‍ അറിവും മനുഷ്യന്റെ മനസ്സും തമ്മിലുള്ള ബന്ധം, മനുഷ്യര്‍ക്ക് സോപ്പ്, ചീപ്പ് തുടങ്ങിയ ഉപഭോഗ വസ്തുക്കളുമായിട്ടുള്ള ബന്ധം പോലെയാണെന്നാണ് ലിയോത്താര്‍ഡിന്റെ കണ്ടുപിടിത്തം!
അറിവിന്റെ നിലവാരത്തെക്കുറിച്ച് ടി.എസ്.എലിയട്ട് സൂചിപ്പിച്ച പ്രകാരം ഇപ്പോള്‍ ‘വിസ്ഡം’ എന്നത് ‘നോളജാ’യും, ‘നോളജ്’ എന്നത് ‘ഇന്‍ഫൊര്‍മേഷന്‍’ ആയും മാറിപ്പോയിരിക്കുന്നുവെന്നതില് കുറെയധികം വാസ്തവമുണ്ട്. പൗരാണികര്‍ ഏത് വിഷയത്തെയും അടിസ്ഥാന തത്ത്വങ്ങള്‍ കൊണ്ട് നിര്‍വചിക്കുമായിരുന്നു. ഇത്തരം സമഗ്രദര്‍ശനം (wisdom) ആയിരുന്നു ഭാരതത്തിലെ ഋഷിസമൂഹം ലോകത്തിന് നല്‍കിയത്. ആധുനിക കാലത്ത് ആത്യന്തികമായ അടിസ്ഥാനം വിട്ട്, ലോകത്തെ വിഭജിച്ചു പഠിക്കുന്ന രീതി നിലവില്‍ വന്നു. ശകലീകൃതമാക്കപ്പെട്ട ഇത്തരം അറിവിനെയാണ് ഇവിടെ ‘നോളജ്’ (knowledge) എന്നു വിളിക്കുന്നത്. ഉത്തരാധുനിക കാലത്താവട്ടെ അറിവ് സാങ്കേതിക വിദ്യയുടെ വിവരങ്ങള്‍ (information) എന്ന നിലയില്‍ മാറിപ്പോയതില്‍ കവി ഇവിടെ സങ്കടം രേഖപ്പെടുത്തുകയാണ്. എന്നാല്‍ ഉത്തരാധുനിക മാര്‍ക്സിസ്റ്റുകളുടെ ചിന്ത വിപരീത ദിശയിലേക്കാണ് സഞ്ചരിച്ചത്. അറിവിന്റെ മേലുള്ള അടിസ്ഥാനതത്ത്വങ്ങളുടെ സ്വാധീനവും മനസ്സിന്റെ നായകത്വവും നഷ്ടമായതിനെ അവര്‍ ആഘോഷിക്കുകയാണ് ചെയ്യുന്നത്.
ജാക് ദറിദയെപ്പോലുള്ള ഭൗതികവാദികള്‍ മനസ്സിനെ ദ്രവ്യലോകത്തേക്ക് ന്യൂനീകരിക്കാന്‍ ശ്രമിച്ചിരുന്നു. കാരണം ഭൗതിക ലോകം മാത്രമാണ് അവരെ സംബന്ധിച്ച് യാഥാര്‍ത്ഥ്യം. എന്നാല്‍ ലിയോത്താര്ഡിനെപ്പോലുള്ള ഉത്തരാധുനികര്‍ക്ക് പുറംലോകത്തിന്റെ അനിശ്ചിതത്വത്തിനപ്പുറം ഒരു യാഥാര്‍ത്ഥ്യവുമില്ല. അതിനാല്‍ ലിയോത്താര്‍ഡിന്റെ അഭിപ്രായത്തില്‍ മാറിവരുന്ന സാഹചര്യങ്ങളുടെയും ആവശ്യങ്ങളുടെയും ഉല്‍പ്പാദനമാണ് അറിവ്, യുക്തിയുടെ സാര്‍വ്വ ലൗകിക നിയമങ്ങളുടേതല്ല.
സാങ്കേതിക വിദ്യ എപ്പോഴും സൈദ്ധാന്തിക ഭൗതിക ശാസ്ത്രത്തിന്റെ (theoretical science) ഉല്‍പ്പന്നമാണെന്ന കാര്യമാണ് ലിയോത്താര്‍ഡ് ഗൗനിക്കാതെ പോയത്. സൈദ്ധാന്തിക ഭൗതിക ശാസ്ത്രം ലോകത്തിന്റെ യാഥാര്‍ത്ഥ്യത്തെത്തന്നെയാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ മനസ്സിന്റെ സങ്കല്‍പ്പങ്ങളും (hypotheses) യുക്തിയും കൂടാതെ നിരീക്ഷണങ്ങളോ പരീക്ഷണങ്ങളോ നിഗമനങ്ങളോ ഒന്നും തന്നെ സാധ്യമല്ല. ഭൗതിക ലോക സംബന്ധമായ മനസ്സിന്റെ സൈദ്ധാന്തികമായിട്ടുള്ള അറിവ് തന്നെയാണ് സാങ്കേതിക വിദ്യയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും നിര്‍മിക്കപ്പെട്ടതിന്റെ പിന്നിലെ ബുദ്ധിയും യുക്തിയും മനുഷ്യമനസ്സിന്റേതാകുന്നു. മാത്രമല്ല, മനുഷ്യന്റെ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനമായിരുന്നുവല്ലോ കമ്പ്യൂട്ടര്‍ സംവിധാനത്തിന് മാതൃകയായത്. പുരാതനകാലം തുടങ്ങി മനുഷ്യ സമുദായത്തിന് തത്ത്വശാസ്ത്രം സമ്മാനിച്ച വിലപ്പെട്ട നേട്ടം, സ്വന്തം ബോധത്തിന്റെ സ്വതന്ത്രമായ അസ്തിത്വത്തിലും, അറിവ് നേടാനുള്ള അതിന്റെ പ്രാപ്തിയിലുമുള്ള വിശ്വാസമാണ്. ആധുനിക കാലത്ത് യുക്തിബോധത്തിന് തത്ത്വചിന്തകര്‍ മാത്രമല്ല ഭൗതിക ശാസ്ത്രജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരും ഒരുപോലെ പ്രാധാന്യം കല്‍പ്പിക്കുകയും, അതിനെ ഉപയോഗപ്രദമാക്കുകയും ചെയ്തു. ഭൗതിക ശാസ്ത്രത്തിന്റെ അഭൂതപൂര്‍വ്വമായ വികാസവും, സ്വേച്ഛാധിപത്യഭരണങ്ങളില് നിന്ന് മനുഷ്യന് മോചനം നല്കിയ ജനാധിപത്യ സമ്പ്രദായവും മറ്റും യുക്തിയുടെ വലിയ നേട്ടങ്ങളാണ്.
അന്താരാഷ്ട്രക്കമ്പനികളും ഭരണകൂടങ്ങളും ചേര്‍ന്ന് സാങ്കേതിക വിദ്യ വികസിപ്പിച്ച് വില്ക്കുന്നതില് ലിയോത്താര്‍ഡ് കുണ്ഠിതപ്പെടുന്നുമുണ്ട്. വികസിത രാജ്യങ്ങള്‍ സാങ്കേതിക വിദ്യാവ്യവസായത്തില് വളരെ വേഗം മുന്നേറുകയും, അത് അവരുടെ കുത്തകയാക്കി മാറ്റാനും ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നതിലാണ് ലിയോത്താര്ഡിന് പരാതി. ഇവിടെയും ലാഭം കൈക്കലാക്കുന്ന ആഗോള മുതലാളിത്തത്തെയാണ് ദര്‍ശിക്കാനാവുന്നത്. വികസിത രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത അതേവിദ്യ അവികസിത രാജ്യങ്ങള്‍ നിര്‍മിക്കാനൊരുങ്ങിയാല്‍ ഉടന്‍ പരിസ്ഥിതി പ്രശ്നം അവര്‍ക്കെതിരെ ആയുധമാക്കുന്നതിനെയും ലിയോത്താര്‍ഡ് എടുത്തുകാട്ടുന്നു.
ബൃഹദാഖ്യാനങ്ങള്‍ക്കെതിരെ ലിറ്റില്‍ നറേറ്റീവുകള്‍
അനശ്വരതത്ത്വങ്ങളെയൊക്കെ നിരസിക്കുന്ന ഉത്തരാധുനികരും കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളും വൈവിധ്യത്തെ മാത്രം ആശ്രയിക്കുന്നവരാണ്. എന്നാല്‍ പ്രാചീനകാലം മുതല്‍ മനുഷ്യര്‍ ബാഹ്യലോകത്തെയും സ്വന്തം അസ്തിത്വത്തെയും നിര്‍വചിക്കാന്‍ ചില സാമാന്യസങ്കല്പ്പനങ്ങളെയാണ് (con-cepts) ആശ്രയിച്ചിരുന്നത്. അവരുടെ പഠനരീതി പൊതുവെ സാമാന്യവല്‍ക്കരണമായിരുന്നു. സമൂഹം, ഭാഷ, ചരിത്രം മുതലായവ സാമാന്യ സങ്കല്പ്പനങ്ങളാകുന്നു. ഇവയെ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെടുന്ന ആഖ്യാനങ്ങള്‍/സിദ്ധാന്തങ്ങള്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകന്നുനില്ക്കുന്നവയാണെന്ന് ലിയോത്താര്ഡിനെപ്പോലുള്ളവര് വാദിക്കുന്നു. വൈവിധ്യം മാത്രമാണ് യാഥാര്‍ത്ഥ്യമെന്ന് ഉദ്ഘോഷിച്ചുകൊണ്ടിരിക്കുന്ന ഉത്തരാധുനിക മാര്‍ക്സിസ്റ്റുകള്‍ സാമാന്യസങ്കല്പ്പനങ്ങളെ നിഷേധിക്കുന്നു. ഇവയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ആഖ്യാനങ്ങളെ ‘ബൃഹദാഖ്യാനങ്ങള്‍’ (meta narratives) എന്നു വിളിച്ച് പുറംതള്ളുകയും ചെയ്യുന്നു. ഇവര്‍ വാദിക്കുന്നത്, സമൂഹം, ചരിത്രം, ഭാഷ മുതലായവയ്ക്കൊന്നും മൂര്‍ത്തമായ അര്‍ത്ഥമില്ല. വ്യക്തികളില്‍ നിന്ന് അന്യമായി ‘സമൂഹ’ത്തിന് യാഥാര്‍ത്ഥ്യമില്ല. ‘ചരിത്ര’മെന്നത് കാലങ്ങളായി മനുഷ്യര്‍ ചെയ്തുകൂട്ടിയ കര്‍മ്മങ്ങളെ സൂചിപ്പിക്കുന്ന പദമാണ്. ‘ഭാഷ’ എന്ന വാക്ക് ഭാഷകളെ ഒരുമിച്ച് പറയാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഈ സാമാന്യപദങ്ങള്ക്ക് അനുരൂപമായി ഒരു മൂര്ത്തവസ്തുവുമില്ല. ഇപ്രകാരം തന്നെ ‘മനുഷ്യന്’ എന്നത് ഒരു ജീവിവര്‍ഗ്ഗത്തിന്റെ ജാതിയെ കുറിക്കുന്നതാകുന്നു. പ്രത്യേക ഒരു വ്യക്തി യാഥാര്‍ത്ഥ്യമാണ്, എന്നാല്‍ ‘മനുഷ്യന്’ യാഥാര്‍ത്ഥ്യമല്ല. ഇപ്രകാരം തന്നെ ‘ലോകം’ യാഥാര്‍ത്ഥ്യമല്ല, അതിലെ പ്രത്യേക വസ്തുക്കളും ജീവികളും മാത്രമാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ ഇത്തരം അമൂര്‍ത്ത സങ്കല്പ്പനങ്ങള്കൊണ്ടു നിര്‍മിക്കപ്പെടുന്ന മെറ്റാ നറേറ്റീവുകള്‍ യാഥാര്‍ത്ഥ്യത്തിനെതിരായ സങ്കല്‍പ്പങ്ങള്‍ മാത്രമാണ്. തത്ത്വചിന്തകര്‍ പൊതുവെ ലോകത്തിന്റെയും മനുഷ്യരാശിയുടെയും സാമാന്യഗുണങ്ങള്‍ പഠിച്ച് ബൃഹദാഖ്യാനങ്ങള്‍ സൃഷ്ടിക്കുന്നവരാകുന്നു. ഹെഗലിന്റെ കേവലാദര്ശവാദം (Aboslute Idealism) ആത്യന്തിക സത്യമാകുന്ന ഒറ്റ അസ്തിത്വത്തിലേക്ക് മാനവരാശിയെ മുഴുവന്‍ ലയിപ്പിക്കുന്നു. മതങ്ങളാകട്ടെ ഈശ്വരന്റെ സര്വ്വാധിപത്യത്തിനുള്ളില് ലോകത്തെയും ജീവികളെയും ബന്ധിക്കുന്നു. ഇവയെല്ലാം ജീവിത യാഥാര്‍ത്ഥ്യത്തെ അവഗണിച്ചുകൊണ്ടുള്ള ബൃഹദാഖ്യാനങ്ങള്‍ മാത്രമാണെന്നാണ് ഉത്തരാധുനിക മാര്‍ക്സിസ്റ്റുകളുടെ അഭിപ്രായം.
ഇങ്ങനെ നോക്കുമ്പോള്‍ ലോകജനതയെ മുഴുവന്‍ ബൃഹത്തായ രണ്ടുവര്‍ഗ്ഗങ്ങളായി തരം തിരിച്ച മാര്‍ക്സിസവും മെറ്റാ നറേറ്റീവ് ആകുന്നു. വൈരുദ്ധ്യാത്മകതയുടെ അനിവാര്യതയും സോഷ്യലിസവും ബൃഹദാഖ്യാനങ്ങള്‍ തന്നെയാകുന്നു. ചില ഉത്തരാധുനികരും കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളും പാരമ്പര്യ മാര്‍ക്സിസം ഉപേക്ഷിക്കാന്‍ തയ്യാറായതിന് ഇതും ഒരു കാരണമാണ്. പകരം ഇവര്‍ ചെയ്യുന്നത്, ഒരു സാംസ്കാരിക ജനവിഭാഗത്തെ ചെറിയ ഇനങ്ങളാക്കി തരംതിരിച്ച് അവയുടെ വക്താക്കള്‍ ചമയുന്നു. ബഹുസ്വരതയെ വീണ്ടെടുക്കാനെന്ന വ്യാജേന ബൃഹദാഖ്യാനങ്ങളെ ഇപ്രകാരം ലഘുവ്യാഖ്യാനങ്ങളാക്കുന്നു. ഇവരുടെ വാദമനുസരിച്ച് കാലങ്ങളായി ചില മെറ്റാ നറേറ്റിവുകള്ക്കുള്ളില്, ഉദാഹരണം ജനാധിപത്യ വ്യവസ്ഥയിലെ പൗര സമത്വം എന്ന മെറ്റാ നറേറ്റിവിന്റെ മറവില്‍, പല ചെറിയ വര്‍ഗ്ഗങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. അതിനാല്‍ ജാതി, മതം, വംശം, ലിംഗം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ഇവര്‍ നിര്‍മിക്കുന്ന ലിറ്റില്‍ നറേറ്റിവുകളെ സമൂഹത്തിലെ മുഖ്യധാരാ പ്രശ്നങ്ങളാക്കി മാറ്റുന്നു. സ്വത്വരാഷ്ട്രീയം (Identity politic) എന്ന പേരില്‍ ഇക്കാലത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ഇവരുടെ ഈ നാട്യം ലക്ഷ്യം വയ്ക്കുന്നത്, ആത്മീയ-ധാര്‍മിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രദര്‍ശനങ്ങളെ ബൃഹദാഖ്യാനങ്ങളെന്ന പേരില്‍ ധ്വംസിക്കുകയെന്നതാണ്. ഇതിലൂടെ തങ്ങളുടെ നിഷേധാത്മക സിദ്ധാന്തങ്ങള്‍ സാംസ്കാരിക മേഖലകളില്‍ പ്രചരിപ്പിക്കുകയും, അവിടങ്ങളില്‍ നായകത്വം നേടുകയും ചെയ്യുകയെന്നതാണ്.
സ്വത്വരാഷ്ട്രീടത്തെക്കുറിച്ച് മുരളി പാറപ്പുറം വ്യക്തമാക്കുന്നത് ഇവിടെ പ്രസക്തമാണ്: ”സംസ്കാരം എങ്ങനെയാണ് സ്വത്വത്തിന്റെ വ്യതിരിക്തമായ രൂപങ്ങള്‍ ആവിഷ്കരിക്കുന്നതെന്നും, സ്വന്തം രീതികളും തനിമകളും ഉപയോഗിച്ച് ഇവ എങ്ങനെയാണ് സാംസ്കാരിക മേല്‍ക്കോയ്മകളെ ചെറുക്കുന്നതെന്നുമൊക്കെ സിദ്ധാന്തിച്ച ഇക്കൂട്ടര്‍ ‘സ്വത്വ’ങ്ങളെ പരസ്പരം തമ്മിലടിപ്പിക്കുന്ന പണിയാണെടുത്തത്… അണുകുടുംബം, പരമ്പരാഗത ലിംഗനീതി, സന്മാര്ഗിക സമീകരണം എന്നിവയെ കടന്നാക്രമിച്ചുകൊണ്ട് കമ്യൂണ്‍ ജീവിതം, ലൈംഗിക വിമോചനം, വനിതാ വിമോചനം, സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ തുടങ്ങിയവയ്ക്കുവേണ്ടി ഇവര്‍ വാദിക്കാന്‍ തുടങ്ങി… ഇതോടെ ‘കള്‍ച്ചറല്‍ മാര്‍ക്സിസം’ ഒന്നുകൂടി ശക്തിയാര്‍ജിക്കുകയും, പ്രായോഗിക പ്രസക്തിയാര്ജിക്കുകയും ചെയ്തു… ഇതോടെ ‘ഇരവാദ വ്യവസായം’ എന്ന പേരിട്ടു വിളിക്കാവുന്ന ഒന്ന് ഉയര്‍ന്നുവന്നു… പാശ്ചാത്യ നാടുകളിലെ ആക്ടിവിസ്റ്റുകളും അക്കാദമിക്ക് ലെഫറ്റ് ലിബറലുകളും ഓരോ ദിവസവും പുതിയ പുതിയ ഇരകളെ കണ്ടെത്തിക്കൊണ്ടിരുന്നു… 1980 കളില്‍ അത് ഇന്ത്യയിലുമെത്തി. ജെ.എന്‍.യുവിലെയും കൊല്‍ക്കത്ത സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സോഷ്യല്‍ സയന്‍സസിലെയും മാര്‍ക്സിസ്റ്റ് പണ്ഡിതന്മാര് ഈ ഇറക്കുമതിച്ചരക്ക് സഹര്‍ഷം ഏറ്റെടുത്തു.” ( മലയാളി കാണാത്ത മാര്‍ക്സിന്റെ മുഖങ്ങള്‍, പേജ് 220-223).
പാര്ശ്വവല്ക്കരിക്കപ്പട്ടവര്ക്കുവേണ്ടി ഒഴുക്കിയ ഉത്തരാധുനികരുടെ മുതലക്കണ്ണീര് നിരവധി ചന്തകരെ തെറ്റിദ്ധരിപ്പിക്കാനിടയാക്കി. അതിനാല്‍ പ്രധാനപ്പെട്ട വൈജ്ഞാനിക മേഖലകളില്‍ ഉത്തരാധുനികതയ്ക്ക് പടര്‍ന്നുകയറാന്‍ സാധിച്ചു. എന്നാല്‍ ആദര്ശവാദികളായിട്ടുള്ള തത്ത്വചിന്തകരുടെ പടവാള് ഇതിനെതിരെ ഉയര്‍ന്നു നില്‍ക്കുന്നുമുണ്ട്. അതുപ്രകാരം മനുഷ്യന്, ഭൗതിക ലോകം, ഭാഷ എന്നിങ്ങനെയുള്ള സാമാന്യ സങ്കല്പ്പനങ്ങളെ കൂടാതെ പ്രത്യേക വ്യക്തിയെയും ഭൗതിക വസ്തുവിനെയും ഭാഷയെയും ഒന്നും തിരിച്ചറിയാന്‍ പോലും സാധ്യമല്ല. മറ്റ് ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യനെ തിരിച്ചറിയണമെങ്കില്‍ മനുഷ്യന്റെ സാമാന്യലക്ഷണങ്ങളാകുന്ന ബാഹ്യരൂപവും മറ്റും മനസ്സില്‍ ഉണ്ടായിരിക്കേണ്ടതാണ്. അതിനാല്‍ സങ്കല്‍പ്പനങ്ങള്‍ മൂര്‍ത്തമല്ലെങ്കിലും യാഥാര്‍ത്ഥ്യങ്ങളാണ്. നമ്മുടെ മനസ്സ് അമൂര്‍ത്തമാണല്ലോ. അതുകാരണം അത് യാഥാര്‍ത്ഥ്യമല്ലെന്ന് പറയാനാകുമോ? ഇത്തരം അര്‍ത്ഥവത്തായ വാദങ്ങളെ അവഗണിച്ചുകൊണ്ട് നിഷേധാത്മക സിദ്ധാന്തങ്ങള്‍ രചിച്ചുകൊണ്ടിരിക്കുന്ന ഉത്തരാധുനിക മാര്‍ക്സിസ്റ്റുകള്‍ക്ക് താല്‍പ്പര്യം സമഗ്രദര്‍ശനങ്ങളെ തകര്‍ക്കുന്ന വൈവിധ്യത്തെ ഉയര്‍ത്തിക്കാട്ടുന്ന ചെറിയ ആഖ്യാനങ്ങള്‍ മാത്രമാണ്.
(തുടരും)
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ അധ്യക്ഷയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: