ലൈബ്രറിയിലേക്കുള്ള എന്റെ വരത്തുപോക്കുകളിലാണ് ഞാന്‍ അവളെ കണ്ടുതുടങ്ങിയത്. എണ്ണമയമില്ലാത്ത പാറിപ്പറന്ന ചെമ്പന്‍മുടി. അത് അങ്ങിങ്ങ് കെട്ടുപിണഞ്ഞു അഴിയാക്കുരുക്കിന്‍ ചെറുപന്തുകളായ് ഞാന്നുക്കിടക്കുന്നു.സ്ഥാനം തെറ്റി അലസമായി വാരിച്ചുറ്റിയ ചേലക്കുള്ളില്‍ നിന്നും അവളുടെ വീര്‍ത്തവയര്‍ തലപൊക്കി നോക്കുന്നുണ്ട്. ആലസ്യത്തില്‍ പാതികൂമ്പിയ അവളുടെ കണ്ണ് വഴിവക്കിലെ ചായപ്പീടികയിലാണ്. ഇരുകൈകള്‍ കൊണ്ടും കണ്ണാടി പോലെ തെളിഞ്ഞു നില്‍ക്കണ വയറില്‍ നഖമുനയാല്‍ ചിത്രപ്പണികള്‍ ചെയ്യുന്നുണ്ട്.
ചായപ്പീടികയില്‍ നിന്നുവാങ്ങിയ ദോശപ്പൊതി അവള്‍ക്ക് നേരെ നീട്ടേണ്ട താമസം ശരവേഗത്തില്‍ പൊതി വാങ്ങി ഇരുകൈകൊണ്ടും വാരി കഴിച്ചു തുടങ്ങി. അവളില്‍ നിന്ന് പൊങ്ങുന്ന മലമൂത്രത്തിന്റെ മണം എന്റെ മൂക്കിലും വായിലും പരകായ പ്രവേശം നടത്തുന്നുണ്ട്. ഏറെ നേരം അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല.
പിന്നീടുള്ള ഓരോ ദിനത്തിലും അവള്‍ക്ക് നേരെ ഞാന്‍ ദോശ പൊതി നീട്ടി. ഒരിക്കല്‍ അഴിഞ്ഞു തൂങ്ങിയ ചേലക്കുള്ളില്‍ നിന്നും മുഴച്ചു പൊന്തുന്ന ഒരു ചെറു അനക്കം ഞാന്‍ കണ്ടു. ഭൂമി കാണാത്ത ഉയിരിന്റെ പാദമുദ്രയേറ്റവള്‍ അറിയാതെ പുളഞ്ഞു നിലത്തമര്‍ന്നിരുന്നു. പിറവിക്കായ് ഒരുങ്ങിയ നിറകുംഭത്തെ ഒരുവേള തൊട്ട് നോക്കുവാന്‍ എന്‍ ഉള്ളം തുടിച്ചു. എന്റെ മോഹത്തെ ഹനിക്കുമാ മനുഷ്യഗന്ധം എന്റെ സിരകളില്‍ ഓട്ടം തുടങ്ങിയ നിമിഷം ഞാന്‍ ആറടി മാറി അകന്നു നിന്നു. അവളുടെ ദൈന്യത എന്നെ വല്ലാണ്ട് ചുട്ടുപൊള്ളിക്കുന്നു. പതിവ് പൊതി നല്‍കി തിരിഞ്ഞു നടക്കുമ്പോള്‍ എന്‍ ഉദരത്തില്‍ ഭാരമേറും പോലെ കാലുകള്‍ വേച്ചുപോകുന്നു.
അന്ന് രാത്രി എനിക്ക് തീരെ ഉറങ്ങാന്‍ കഴിഞ്ഞില്ല. അക്ഷരങ്ങള്‍ പിറക്കുന്ന എന്റെ എഴുത്തുമുറിയുടെ വെളിച്ചം കെട്ടില്ല. പുറത്ത് ആര്‍ത്തു പെയ്യുന്ന മഴയാണ്. എന്റെ ചിന്തകള്‍ മുഴുവന്‍ അവളുടെ വീര്‍ത്ത വയറിലാണ്. ആ മുറിയിലെ കനത്ത നിശബ്ദതയെ വെള്ളിടി ഇടക്കിടെ ഭേദിക്കുന്നു. അക്ഷരം ചുമക്കുന്ന തലച്ചോറില്‍ പേറ്റുനോവ് പടരുന്നു. നിമിഷങ്ങള്‍ ഓരോന്നും കടന്നുപോയിട്ടും ഒരു പുതു പിറവി പോലും എന്റെ കടലാസില്‍ പതിഞ്ഞില്ല.
പിന്നെ വൈകിച്ചില്ല, ഒരു കുട പോലും എടുക്കാതെ ആ പെരുമഴയെത്തു ഞാന്‍ കവലയിലേക്ക് നടന്നു. കാലുകള്‍ അതിവേഗം സഞ്ചരിച്ചു. കവലയ്‌ക്ക് ഒത്തനടുവിലെ ആല്‍മരച്ചോട്ടില്‍ എത്തുമ്പോള്‍ തന്നെ അവളുടെ നിലവിളി ഞാന്‍ കേട്ടു. ആ ചെറു കലുങ്കിനടിയില്‍ കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിലിനോരത്തുനിന്ന് അവളുടെ കാറിച്ച എന്റെ ചെവികള്‍ തുരന്നു. കാഴ്‌ച്ച മറക്കുന്ന ഇരുട്ടിന്റെ മറ ഞങ്ങള്‍ക്കിടയില്‍ പരക്കുന്നുണ്ട്. ആ ഒളിമറയുടെ നേരിയ വിടവിലൂടെ ഒഴുകി വന്ന ചുടുചോര എന്റെ ഉടുമുണ്ടില്‍ അരുണിമ പടര്‍ത്തുന്നതിന്റെ ഇളംചൂട് ഞാന്‍ അറിഞ്ഞു. സമയം ഏന്തിവലിഞ്ഞു നീങ്ങുന്നുണ്ട്. അവളുടെ കരച്ചില്‍ കൂടിക്കൂടി വന്നു. ഒടുവില്‍ നീണ്ട അലര്‍ച്ചയോടെ അവള്‍ പെറ്റു. കലുങ്കിനടിയില്‍ നിന്നും അവളുടെ കൈ പുറത്തേക്ക് നീണ്ടു. ഒരു വട്ടം ഞാന്‍ കണ്ടു, നീണ്ടു നിവര്‍ന്ന അക്ഷരക്കുഞ്ഞ്. അറുത്തുമാറ്റാത്ത പൊക്കിള്‍കൊടിയില്‍ ഞാന്നു കിടക്കണ അക്ഷരക്കുഞ്ഞ്. ഭയം എന്റെ കണ്ണുകളില്‍ തളം കെട്ടി. ഞാന്‍ ദിശയറിയാതെ ഓടി. പുറകെ അവളും. ഒരു കയ്യില്‍ മാതൃ ബന്ധം പറിച്ചെറിയാത്ത കുഞ്ഞുണ്ട്. മറുകയ്യില്‍ എന്നോ എനിക്ക് നഷ്ടമായിയെന്ന് കരുതി ഉപേക്ഷിച്ച ആ പഴയ ഫൗണ്ടന്‍ പേനയും. ഓരോ തിരിഞ്ഞുനോട്ടത്തിലും എന്റെ മനുഷ്യത്വത്തിന്‍ പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീണു. പോകെ പോകെ ഞാന്‍ വെറും മനുഷ്യനായി കുലവും മണവും ഇനവും ഒക്കെയുള്ള മനുഷ്യന്‍. കണ്ണുകളില്‍ ഒളിപ്പിച്ച കാമത്തിന് മാന്യതയുടെ മറകെട്ടിയ പച്ചയായ മനുഷ്യന്‍.
കാലങ്ങള്‍ക്കിപ്പുറം കാരുണ്യവനായ എഴുത്തുകാരന്‍ എന്ന പദവി ഏറ്റുവാങ്ങുമ്പോള്‍ കാണികള്‍ക്കിടയില്‍ അവള്‍ ഇപ്പോഴുമുണ്ട് എനിക്ക് മാത്രം കാണുവാന്‍ പാകത്തിന് ആറ്റു
പോകാത്ത വരണ്ടുണങ്ങിയ പൊക്കിള്‍ കൊടിയുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: