Kerala

അട്ടപ്പാടി ട്രൈബല്‍ ആശുപത്രിയില്‍ നിന്നും കാണാതായ 4 മാസം പ്രായമായ പെണ്‍കുഞ്ഞിനെ കണ്ടെത്തി, തട്ടിക്കൊണ്ടു പോയത് മറ്റൊരു രോഗിയുടെ കൂട്ടിരുപ്പുകാരി

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂട്ടിരിപ്പുകാരിയായി എത്തിയ സ്ത്രീ തന്നെയാണ് കുഞ്ഞുമായി കടന്നതെന്ന് മനസിലായത്

Published by

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്നും കാണാതായ നാല് മാസം പ്രായമായ പെണ്‍കുഞ്ഞിനെ കണ്ടെത്തി. മേലേമുള്ളി സ്വദേശിനി സംഗീതയുടെ കുഞ്ഞിനെ ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് കാണാതായത്.

മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് കുഞ്ഞിനെ കൊണ്ടുപോയത്. ഇവര്‍ കുഞ്ഞിനെ തിരിച്ചു കൊണ്ടു വന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അഗളി പൊലീസ് അന്വേഷണം നടത്തിയത്.

കുറച്ച് ദിവസമായി കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് രണ്ട് ദിവസം മുമ്പ് കുഞ്ഞ് കിടന്ന കിടക്കയുടെ തൊട്ടടുത്ത് മറ്റൊരു രോഗിയെത്തിയത്. ഇവരുടെ കൂട്ടിരിപ്പുകാരിയായി മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. കുഞ്ഞിന്റെ അമ്മയോട് ഭക്ഷണം കഴിച്ചിട്ട് വന്നോളൂ എന്ന് ഇവര്‍ പറഞ്ഞത് പ്രകാരം കുഞ്ഞിനെ ഏല്‍പിച്ച്, അമ്മ ഭക്ഷണം കഴിക്കാന്‍ പോയി. തിരികെ വന്നപ്പോള്‍ കുഞ്ഞിനെയും സ്ത്രീയെയും കാണാനില്ലായിരുന്നു. ഉടന്‍ തന്നെ ആശുപത്രി അധികൃതരോട് കാര്യം പറയുകയും അവര്‍ അഗളി പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.

പൊലീസെത്തി സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂട്ടിരിപ്പുകാരിയായി എത്തിയ സ്ത്രീ തന്നെയാണ് കുഞ്ഞുമായി കടന്നതെന്ന് മനസിലായത്. തുടര്‍ന്ന് കൂളിക്കടവ് എന്ന സ്ഥലത്ത് നിന്നാണ് കുഞ്ഞിനെയും സ്ത്രീയെയും പൊലീസ് കണ്ടെത്തിയത്. ആസൂത്രിതമായാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുഞ്ഞുമായി കടന്നു കളയാനായിരുന്നു ഈ സ്ത്രീയുടെ ശ്രമം.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by