തിരുവനന്തപുരം: തമിഴ്‌നാട് ഗവര്‍ണ്ണര്‍ക്കെതിരായ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരെ കേരളാ ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടേണ്ടിയിരുന്ന വിഷയമായിരുന്നു അത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണ്ണര്‍മാര്‍ക്കും രാഷ്‌ട്രപതിക്കും സമയപരിധി നിശ്ചയിക്കാന്‍ ജഡ്ജിമാര്‍ക്ക് ഭരണഘടനാ അധികാരമില്ലെന്നും കേരളാ ഗവര്‍ണ്ണര്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായത് അതിരുകടന്ന പെരുമാറ്റമാണ്. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണ്. ബില്ലുകളെപ്പറ്റി സുപ്രീംകോടതിയുടെ മുന്നിലുള്ള തമിഴ്‌നാടിന്റെ വിഷയത്തിന്റെ സ്വഭാവമല്ല കേരളത്തിലെ ബില്ലുകളിലുള്ളതെന്നെന്നും ആര്‍ലേക്കര്‍ പറഞ്ഞു. ബില്ലുകള്‍ വെച്ചോണ്ടിരിക്കരുതെന്ന കോടതി വിധി മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ ഇത്ര കാലാവധിക്കുള്ളില്‍ ഗവര്‍ണ്ണര്‍ അതു ചെയ്യണമെന്ന ചട്ടം ഭരണഘടനാനുസൃതമല്ല. കോടതി നിലപാട് പറഞ്ഞ വിഷയം ഭരണഘടനാ വിഷയമാണ്. ബില്ലിനെതിരെ തീരുമാനമെടുക്കാന്‍ ഭരണഘടന യാതൊരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. അതിനാല്‍ തന്നെ കോടതി മൂന്നുമാസം എന്ന തരത്തില്‍ ഒരു സമയ പരിധി നിശ്ചയിക്കുകയാണെങ്കില്‍ അതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഭരണഘടനാ ഭേദഗതി കോടതികള്‍ക്ക് ചെയ്യാനാണെങ്കില്‍ നിയമസഭയും പാര്‍ലമെന്റും എന്തിനാണ്? ആര്‍ലേക്കര്‍ ചോദിച്ചു.
ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റിന് മാത്രമേ അവകാശമുള്ളൂ. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. രണ്ട് ജഡ്ജിമാര്‍ ഇരുന്ന് ഭരണഘടനാ വ്യവസ്ഥകളുടെ മേല്‍ വിധിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല. ജുഡീഷ്യറിയുടെ കടന്നുകയറ്റമാണിത്. ഇതൊരിക്കലും അവര്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. തെറ്റാണത്, കേരളാ ഗവര്‍ണ്ണര്‍ പറഞ്ഞു.
തമിഴ്‌നാട് ഗവര്‍ണ്ണര്‍ക്ക് തമിഴ്‌നാട് നിയമസഭ പാസാക്കിയ ചില ബില്ലുകളില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് അവര്‍ പരിഗണിക്കട്ടെ. വര്‍ഷങ്ങളായി കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളെപ്പറ്റി നമുക്കറിയാം. ഹൈക്കോടതികളിലും സുപ്രീംകോടതിയിലും കേസുകള്‍ കെട്ടിക്കിടക്കുന്നു. കേസുകളില്‍ തീരുമാനമെടുക്കാതിരിക്കാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ചില കാരണങ്ങളുണ്ടെങ്കില്‍ അതേ പോലെ തന്നെയുള്ള കാരണങ്ങള്‍ ഗവര്‍ണ്ണര്‍മാര്‍ക്കുംകാണും. അതും അവര്‍ മനസ്സിലാക്കണം. കേരളാ രാജ്ഭവനില്‍ ബില്ലുകള്‍ ഒന്നും തന്നെ പരിഗണിക്കാതെ മാറ്റിവെച്ചിട്ടില്ല, എല്ലാം രാഷ്‌ട്രപതിക്കായി അയച്ചതാണ്. മുഖ്യമന്ത്രിയുമായി സൗഹാര്‍ദ്ദപരമായ ബന്ധമാണെന്നും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മേശയ്‌ക്ക് ഇരുവശവുമിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. അന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തത് ശരിയായിരുന്നു. ഒരു കൈ കൊണ്ട് അടിച്ചാല്‍ ശബ്ദം കേള്‍ക്കില്ലല്ലോ എന്നും ആര്‍ലേക്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: