മുംബൈയില്‍ 175 പേര്‍ കൊല്ലപ്പെട്ട 2008ലെ ബോംബ് സ്ഫോടന പരമ്പര ആസൂത്രണം ചെയ്ത പാകിസ്ഥാനിലെ ഡോക്ടറായ തഹാവൂര്‍ ഹുസൈന്‍ റാണ (ഇടത്ത്) മുംബൈയിലെ താജ് ഹോട്ടല്‍ ബോംബാക്രമണത്തില്‍ കത്തുന്നു (വലത്ത്)
മുംബൈ ആക്രമണത്തിന് സമാനമായി കൊച്ചി, ബെംഗളൂരു ഉൾപ്പടെ മറ്റ് നഗരങ്ങളെയും തഹാവൂർ റാണ ലക്ഷ്യമിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). മുംബൈ ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് റാണ കൊച്ചി സന്ദർശനം നടത്തിയിരുന്നു. 2008ൽ നടന്ന ബെംഗളൂരു സ്ഫോടന പരമ്പര കേസിലും റാണയ്‌ക്ക് പങ്കുണ്ട്. എന്നാൽ, എൻഐഎയുടെ ചോദ്യം ചെയ്യലിൽ തൃപ്തികരമായ മറുപടികൾ റാണ നൽകുന്നില്ലെന്നാണ് വിവരം.
ഡൽഹിക്ക് പുറത്തേക്ക് തെളിവെടുപ്പിനായി റാണയെ കൊണ്ടുപോയേക്കും. കൊച്ചിയിലും തെളിവെടുപ്പിന് എത്തിക്കുമെന്നാണ് സൂചന. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിൽ എത്തിയതെന്ന് റാണ പറഞ്ഞതായി സൂചന. ഇതിനിടെ, റാണയെയും ഹെഡ്ലിലേയും ഇന്ത്യയിൽ സഹായിച്ച ഒരാൾ എൻഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ നിർദ്ദേശപ്രകാരമാണ് ഹെഡ്ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നൽകിയത്. റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ദില്ലിയിലെത്തിച്ചു.
അതേസമയം, എഫ് ബി ഐ റെക്കോഡ് ചെയ്ത ഫോൺ കോളുകൾ എൻഐഎക്ക് കൈമാറി. അമേരിക്കയ്‌ക്ക് നന്ദി പറഞ്ഞ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ രംഗത്തെത്തി. ഭീകരവിരുദ്ധ നീക്കങ്ങളിൽ ഇത് നിർണ്ണായ ചുവടെന്ന് എസ് ജയശങ്കർ പറഞ്ഞു.2006 മുതൽ 2008 വരെയുള്ള കാലയളവിൽ തഹാവൂർ റാണയും ഡേവിഡ് കോൾമാൻ ഹെഡ്‌ലിയും രാജ്യത്തെ മിക്ക നഗരങ്ങളും സന്ദർശിച്ചിരുന്നു.
മുംബൈ ഭീകരാക്രമണം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, 2008 നവംബർ 14 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ഡൽഹി, അഹമ്മദാബാദ്, കൊച്ചി, മുംബൈ, യുപിയിലെ ഹാപുർ, ആഗ്ര തുടങ്ങിയ നഗരങ്ങളിൽ റാണ സന്ദർശനം നടത്തിയിരുന്നു. ലഷ്കറെ തയിബയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും, പ്രധാനപ്പെട്ട ഉദ്ദേശങ്ങൾ തിരിച്ചറിയാനും ലക്ഷ്യമിട്ടായിരുന്നു റാണയുടെ സന്ദർശനങ്ങൾ.
അതേസമയം, തഹാവൂർ റാണയെ എല്ലാ 24 മണിക്കൂറിലും വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കുകയും, ഒന്നിടവിട്ട ദിവസങ്ങളിൽ അഭിഭാഷകനെ കാണാൻ അനുവദിക്കുകയും ചെയ്യും. ഒരു പേന മാത്രമാണ് റാണയ്‌ക്ക് ഉപയോഗിക്കാൻ അനുമതി ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക