കരുനാഗപ്പള്ളി: ലോകം ഭാരതത്തെ അംഗീകരിക്കുമ്പോഴും ഭാരതത്തിനുള്ളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന കാലഘട്ടമാണ് ഇപ്പോഴുള്ളതെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍. ബാലഗോകുലം ദക്ഷിണ കേരള ഭഗിനി ബാലമിത്ര ശില്‍പശാലയുടെ സമാപനയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്ത് യുദ്ധങ്ങള്‍ നടക്കുന്നിടത്തെല്ലാം സമാധാനം പുനസ്ഥാപിക്കാന്‍ ഭാരതം ഇടപെടണമെന്ന ആവശ്യം ഉയരുന്നു. യോഗ ഉള്‍പ്പെടെ ഭാരതത്തിന്റെ സനാതന മൂല്യങ്ങള്‍ ലോകത്ത് അംഗീകരിക്കപ്പെടുമ്പോഴും ഭാരതീയമായതിനെ പുച്ഛിക്കാന്‍ ഭാരത ത്തില്‍ നിന്നുള്ള ചില ഛിദ്രശക്തികള്‍ കോപ്പുകൂട്ടുന്നു. കുട്ടികളെ സംസ്‌കരിച്ചെടുക്കേണ്ട സ്‌കൂളുകളും, കുടുംബങ്ങളും പലപ്പോഴും പരാജയപ്പെടുന്നു.
ധര്‍മവും, പൗരബോധവും നഷ്ടപ്പെട്ട നിലയിലാണ് യുവതലമുറയുടെ പ്രയാണം. പാശ്ചാത്യമായ അധിനിവേശം ഭൂതം പോലെ നമ്മളെ ഗ്രഹിച്ചിരിക്കുന്നു. നല്ല പൗരന്മാരെ സൃഷ്ടിച്ച് രാഷ്‌ട്രത്തെ ശ്രേഷ്ഠമാക്കുക എന്ന പഞ്ചാംഗശിക്ഷണത്തിലൂന്നിയ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. ശതാബ്ദി വര്‍ഷത്തില്‍ ഈ പ്രവര്‍ത്തനത്തിലൂടെ ബാലഗോകുലം ശ്രേഷ്ഠരായ യുവതലമുറയെ സൃഷ്ടിക്കാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ടെന്നും പ്രസന്നകുമാര്‍ പറഞ്ഞു. സ്വാഗതസംഘ അധ്യക്ഷന്‍ എം. ഹര്‍ഷകുമാര്‍ അധ്യക്ഷനായി.
ഗാന്ധിഭവന്‍ ഡയറക്ടര്‍ ഡോ. പുനലൂര്‍ സോമരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹം നിരവധി തിന്മകളില്‍ കൂടിയാണ് കടന്നു പോകുന്നതെന്നും മാതാപിതാക്കളെ തെരുവിലേക്ക് വലിച്ചെറിയുന്ന നവ സമൂഹം, ലഹരിയുടെ വഴിയിലൂടെ അപധസഞ്ചാരം നടത്തുന്ന യുവതലമുറ… മനുഷ്യന്‍ മ്യഗങ്ങളേക്കാള്‍ ക്രൂരന്മാരായി മാറുന്ന നിരവധി അനുഭവങ്ങളാണ് നിത്യേന കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയമായ സംസ്‌കാരങ്ങള്‍ യുവതലമുറക്ക് പകര്‍ന്നു നല്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഇരുട്ടിലേക്ക് പോകുന്ന സമൂഹത്തെ വെളിച്ചത്തിന്റെ വഴിയിലേക്ക് നയിക്കാന്‍ ബാലഗോകുലത്തിന് കഴിയണം. നന്മയുടെ പ്രകാശം സമൂഹത്തില്‍ വിതറാനും ശിബിരത്തില്‍ നിന്നും ലഭിച്ച അറിവുകള്‍ ഉപകരിക്കട്ടെ എന്നും ഡോ. പുനലൂര്‍ സോമരാജന്‍ പറഞ്ഞു.
ഉജ്വലബാല്യ പുരസ്‌ക്കാര ജേതാവ് മാസ്റ്റര്‍ ആദിത്യ സുരേഷ്, ഡോ.എന്‍.ഉണ്ണിക്കൃഷ്ണന്‍, ആര്‍.കെ.രമാദേവി, പി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ശില്‍പശാല ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: