ലോകത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍മാരില്‍ ഒരാളായ തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് ഭാരതത്തിലെത്തിക്കാന്‍ കഴിഞ്ഞത് കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയതന്ത്രപരവും രാഷ്‌ട്രീയവുമായ വലിയ വിജയമാണ്. തന്നെ ഭാരതത്തിന് കൈമാറരുതെന്ന റാണയുടെ ആവശ്യം യുഎസ് സുപ്രീംകോടതി കഴിഞ്ഞമാസം നിരസിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ ഭീകര നേതാവിനെ പ്രത്യേക വിമാനത്തില്‍ ഭാരതത്തില്‍ എത്തിച്ചത്. എന്‍ഐഎ അറസ്റ്റ് ചെയ്ത ശേഷം ദല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ റാണയെ തിഹാര്‍ ജയിലേക്ക് മാറ്റി. ഇവിടെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. മുംബൈ ഭീകരാക്രമണം നടത്തിയവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുമെന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ്. റാണയുടെ കൈമാറ്റത്തോടെ ഇക്കാര്യത്തില്‍ നിര്‍ണായക വിജയം കൈവരിച്ചിരിക്കുന്നു.
പാക്കിസ്ഥാനില്‍ ജനിച്ച തഹാവൂര്‍ റാണ അവിടുത്തെ സൈന്യത്തില്‍ ഡോക്ടറായി ജോലി ചെയ്തിരുന്നു. പിന്നീട് ഭാര്യയോടൊപ്പം കാനഡയിലേക്ക് കുടിയേറി ആ രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചു. ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി ബന്ധം സ്ഥാപിച്ചു. ലഷ്‌കറെ തൊയ്ബ പാക്കിസ്ഥാനില്‍ സംഘടിപ്പിച്ച ഭീകര പരിശീലന ക്യാമ്പില്‍ ഇരുവരും പങ്കെടുത്തു. ഇതിനുശേഷമാണ് ഭാരതത്തിന്റെ വാണിജ്യ രതലസ്ഥാനമായ മുംബൈയില്‍ ഭീകരാക്രമണം സംഘടിപ്പിച്ചത്. അമേരിക്കയില്‍ അറസ്റ്റിലായ ഹെഡ്ലിയെയും ഇനി ഭാരതത്തിന് വിട്ടുകിട്ടേണ്ടതുണ്ട്.
2018 നവംബര്‍ 26നാണ് പാക്കിസ്ഥാനില്‍ നിന്ന് കടല്‍ കടന്നെത്തിയ ഒരു സംഘം ഇസ്ലാമിക ഭീകരര്‍ മുംബൈയിലെ സിഎസ്ടി റെയില്‍വേ സ്റ്റേഷന്‍, ടാറ്റാ- ഒബ്രോയ് ഹോട്ടലുകള്‍, കാമ ആശുപത്രി, ജൂത കേന്ദ്രമായ നരിമാന്‍ ഹൗസ് എന്നിവിടങ്ങളില്‍ പൈശാചികമായ അക്രമം അഴിച്ചുവിട്ടത്. അജ്മല്‍ കസബ് ഉള്‍പ്പെടെയുള്ള ഭീകരര്‍ നടത്തിയ 60 മണിക്കൂര്‍ നീണ്ടുനിന്ന വെടിവെപ്പില്‍ 175 പേരാണ് കൊല്ലപ്പെട്ടത്. ഭീകരരില്‍ അജ്മല്‍ കസബ് ഒഴികെ എല്ലാവരെയും സുരക്ഷാ ഭടന്മാര്‍ കൊലപ്പെടുത്തിയിരുന്നു. ജീവനോടെ പിടികൂടിയ കസബിനെ കോടതി വിചാരണ ചെയ്ത് തൂക്കിലേറ്റി.
കേന്ദ്രത്തിലും മഹാരാഷ്‌ട്രയിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് മുംബൈ ഭീകരാക്രമണം നടന്നത്. രഹസ്യാന്വേഷണ വിവരങ്ങളെ അവഗണിച്ചതാണ് ആക്രമത്തിന് വഴിവച്ചത്. ഉത്തരവാദിത്വം ഏറ്റെടുത്ത് അന്നത്തെ പ്രതിരോധ മന്ത്രി എ.കെ.ആന്റണി രാജിവയ്‌ക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും കോണ്‍ഗ്രസ് നിരസിച്ചു. ആക്രമണസമയത്ത് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടില്‍ മാറിമാറി വസ്ത്രം ധരിച്ച് സംഭവസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത് വലിയ വിമര്‍ശനത്തിന് ഇടയാക്കി. ഭീകരാക്രമണത്തോടുള്ള കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ അലസതയ്‌ക്ക് തെളിവായിരുന്നു ഇത്. അതേസമയം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി സംഭവ സ്ഥലത്തെത്തി ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയുണ്ടായി. മനുഷ്യക്കശാപ്പുകാരനായ അജ്മല്‍ കസബിനെ തൂക്കിലേറ്റുന്നതിനെതിരെ ചില ഇസ്ലാമിക മതമൗലികവാദികളോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്.
പ്രധാനമന്ത്രി എന്ന നിലയ്‌ക്ക് നരേന്ദ്രമോദി നടത്തിയ ഇടപെടലുകളാണ് റാണയുടെ കൈമാറ്റം വേഗത്തിലാക്കിയത്. തന്നെ വിട്ടുകൊടുക്കരുതെന്ന റാണയുടെ ആവശ്യം നിരസിക്കപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കൈമാറ്റം പിന്നെയും നീണ്ടു പോകാമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മോദി നടത്തിയ യുഎസ് സന്ദര്‍ശനത്തില്‍ റാണയെ ഭാരതത്തിന് കൈമാറുമെന്ന് പ്രസിഡണ്ട് ട്രംപ് പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കി ഭീകരനെ ഭാരതത്തിലെത്തിച്ചിരിക്കുന്നത്.
മുംബൈ ഭീകരാക്രമണം സംബന്ധിച്ച നിരവധി രഹസ്യങ്ങള്‍ ഇനിയും വെളിപ്പെടാനുണ്ട്. തഹാവൂര്‍ റാണയില്‍ നിന്ന് അത് ലഭിക്കുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. ആക്രമണത്തിന് മുന്‍പ് റാണ പല പ്രാവശ്യം കൊച്ചി സന്ദര്‍ശിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് എന്തിനുവേണ്ടിയായിരുന്നുവെന്നും, ആരെയൊക്കെയാണ് അയാള്‍ കണ്ടതെന്നും അറിയേണ്ടതുണ്ട്. ഇസ്ലാമിക ഭീകര വാദവുമായുള്ള കേരളത്തിന്റെ ബന്ധം ഇതിലൂടെ മനസ്സിലാക്കാനാവും.
രാജ്യത്തെ നിയമമനുസരിച്ച് വിചാരണ ചെയ്യപ്പെടുന്ന തഹാവൂര്‍ റാണയെ കാത്തിരിക്കുന്നത് അജ്മല്‍ കസബിന്റെ വിധിതന്നെയായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. കസബിനെ തൂക്കിലേറ്റിയില്ലെങ്കില്‍ സമൂഹ മനഃസാക്ഷി തൃപ്തിപ്പെടില്ലെന്നാണ് അപ്പീല്‍ നിരസിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞത്. റാണയ്‌ക്കും ഇത് ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: