തിരുവനന്തപുരം: കെട്ടുകാഴ്ചകള്‍ കെഎസ്ഇബി നിശ്ചയിച്ചിട്ടുള്ള ഉയരത്തിലും വലിപ്പത്തിലും നിര്‍മിക്കാന്‍ ശ്രദ്ധിക്കണമെന്നും കെട്ടുകാഴ്ചകള്‍ കടന്നുപോകുന്ന വിവരം അതത് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ മുന്‍കൂറായി അറിയിക്കണമെന്നും നിര്‍ദേശിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്. ക്ഷേത്രോത്സവങ്ങളില്‍ വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്നതിന് ഇതടക്കമുള്ള നിര്‍ദേശങ്ങളുമായി ഇന്‍സ്‌പെക്ടറേറ്റ് പത്രക്കുറിപ്പിറക്കിയിട്ടുണ്ട്.
വൈദ്യുത പോസ്റ്റിനു ചുവട്ടിലും താഴ്ന്ന് കിടക്കുന്ന വൈദ്യുത ലൈനുകള്‍ക്കടിയിലും പൊങ്കാലയിടാതിരിക്കാന്‍ ശ്രദ്ധിക്കുക, ക്ഷേത്ര പരിസരങ്ങളില്‍ ഉപയോഗിക്കുന്ന വൈദ്യുത വയറുകള്‍, സ്വിച്ചുകള്‍, സ്വിച്ച് ബോര്‍ഡുകള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുക, വൈദ്യുത ദീപാലങ്കാരങ്ങള്‍ അംഗീകാരമുള്ള കോണ്‍ട്രാക്ടര്‍ മുഖാന്തിരം നടത്തുകയും ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങുകയും ചെയ്യുക, വഴിയരികില്‍ സ്ഥാപിക്കുന്ന ട്യൂബ് ലൈറ്റുകള്‍, ദീപാലങ്കാരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കയ്യെത്താത്ത ഉയരത്തില്‍ സ്ഥാപിക്കുക, ഗേറ്റുകള്‍. ഇരുമ്പ് തൂണുകള്‍, ഗ്രില്ലുകള്‍, ലോഹബോര്‍ഡുകള്‍ എന്നിവയില്‍ കൂടി ദീപാലങ്കാരങ്ങള്‍ ചെയ്യാതിരിക്കുക, വൈദ്യുത ലൈനിനു സമീപത്തായി ബാനറുകള്‍, പരസ്യബോര്‍ഡുകള്‍ മുതലായവ സ്ഥാപിക്കാതിരിക്കുക, ഇന്‍സുലേഷന്‍ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴകിയതോ, കൂട്ടി യോജിപ്പിച്ചതോ ആയ വയറുകള്‍ വയറിംഗിനായി ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: