Kerala

പതിനാറ് കിലോ കഞ്ചാവുമായി കോതമംഗലത്ത് ബംഗാൾ സ്വദേശികൾ പിടിയിൽ : ഒഡീഷയിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് പ്രതികൾ വിൽക്കുന്നത് പത്തിരട്ടി വിലയ്‌ക്ക്

ഒരു കിലോ വീതമുള്ള പതിനാറ് പൊതികളിലായാണ് കഞ്ചാവ് ഒഡീഷയിൽ നിന്നും കൊണ്ടുവന്നത്

Published by

മൂവാറ്റുപുഴ : കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട. പതിനാറ് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മന്നൻ ഹുസൈൻ മണ്ഡൽ (44), മുസ്ലീം ഷെയ്‌ഖ് (33) എന്നിവരെയാണ് കോതമംഗലം പോലീസ് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരുമലപ്പടി ബസ് സ്റ്റോപ്പിൽ വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒരു കിലോ വീതമുള്ള പതിനാറ് പൊതികളിലായാണ് കഞ്ചാവ് ഒഡീഷയിൽ നിന്നും കൊണ്ടുവന്നത്.

കഞ്ചാവ് പൊതികൾ തുണികൾക്കിടയിലാക്കി പ്രത്യേക ബാഗുകളിലാണ് ഒളിപ്പിച്ചിരുന്നത്. ഇവർ സ്ഥിരമായി കഞ്ചാവ് കടത്തുന്നവരാണ്. ഒഡീഷയിൽ നിന്ന് വാങ്ങി പത്തിരട്ടി വിലയ്‌ക്ക് ഇവിടെ ക്കൊണ്ടുവന്ന് വിൽപ്പന നടത്തും. പല സ്ഥലങ്ങളിലായി തീവണ്ടിയിറങ്ങി ബസിലും, ഓട്ടോയിലുമായി ഇവർ സ്ഥലത്തെത്തും. അധികം വൈകാതെ തിരിച്ചു പോവുകയും ചെയ്യും. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

ഇൻസ്പെക്ടർ പി. ടി ബിജോയ്‌ , എസ്ഐമാരായ ഷാഹുൽ ഹമീദ്, ആൽബിൻ സണ്ണി, പി. വി എൽദോസ് , കെ. ആർ ദേവസ്യ, എഎസ്ഐ സി.കെ നവാസ്, സീനിയർ സിപിഒ സലിം പി ഹസൻ , തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by