ഹൈദരാബാദ്: തെലങ്കാനയില്‍ മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന മിസ് വേള്‍ഡ് സൗന്ദര്യ മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ , ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓര്‍ഗനൈസേഷന്‍ , ഓള്‍ ഇന്ത്യ മഹിളാ സംസ്‌കൃതി സംഘടന എന്നിവര്‍ രംഗത്ത്. സ്ത്രീകളെ ഉപഭോഗവസ്തുക്കളായി ചിത്രീകരിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. ഗവണ്‍മെന്റ് ഇടപെട്ട് പരിപാടി റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മെയ് 7 മുതല്‍ 31 വരെ നടക്കുന്ന 72-ാമത് മിസ്സ് വേള്‍ഡ് മത്സരം ആയിരക്കണക്കിന് കോടി ലാഭം ലക്ഷ്യമിട്ടുള്ള സൗന്ദര്യവര്‍ദ്ധക കമ്പനികളുടെ നേട്ടത്തിനായി സംഘടിപ്പിക്കുന്നതാണെന്ന് ഓള്‍ ഇന്ത്യ മഹിളാ സംസ്‌കൃതി സംഘടന സംസ്ഥാന കണ്‍വീനര്‍ ഹേമ ലത ചൂണ്ടിക്കാട്ടി . സ്ത്രീകളുടെ ക്ഷേമത്തിനല്ല ഇത്തരം മത്സരങ്ങള്‍. ഈ പരിപാടിക്ക് 54 കോടി രൂപ ചെലവഴിക്കാനുള്ള തെലങ്കാന സര്‍ക്കാരിന്റെ തീരുമാനത്തെ അവര്‍ ചോദ്യം ചെയ്തു . ശാരീരിക അളവുകളിലൂടെ സൗന്ദര്യത്തെ നിര്‍വചിക്കുന്നത് തെറ്റായ ആശയമാണ്. ഇത് സ്ത്രീകളുടെ അന്തസ്സിന് ഒരു തിരിച്ചടിയാണെന്നും അവര്‍ പറഞ്ഞു.
മിസ് വേള്‍ഡ് മല്‍സരത്തില്‍ 140 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരും ലോകമെമ്പാടും നിന്നുള്ള മാധ്യമ പ്രവര്‍ത്തകരും മറ്റു സെലിബ്രിറ്റികളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഹൈടെക്‌സില്‍ മെയ് 31 നാണ് ഗ്രാന്‍ഡ് ഫിനാലെ. ഇതിനു മുന്നോടിയായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: