കൊച്ചി : കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം. ഇ ഡിയുടെ അന്വേഷണ പരിധിയിലുള്ള മുഴുവന്‍ ആളുകള്‍ക്കും എതിരെ അന്വേഷണം വേണം. മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ആരെയും രക്ഷപ്പെടുത്താന്‍ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നടപടി. ഹര്‍ജി ജൂലൈയില്‍ വീണ്ടും പരിഗണിക്കും. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പൊലീസ് അന്വേഷണം ഇഴയുന്നത് ഹൈക്കോടതിയെ ചൊടിപ്പിച്ചിരുന്നു. നാലുവര്‍ഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തതിനെ കോടതി വിമര്‍ശിച്ചു. ആളുകളെ കൊള്ളയടിച്ച സംഭവമല്ലേയെന്നും ഇന്നലെ നടന്ന വാദത്തില്‍ കോടതി ചോദിച്ചു.
ഇ ഡി വളരെ കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്. ഇങ്ങനെ പോകുകയാണെങ്കില്‍ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്കി. ഇതിനിടെ മുന്‍മന്ത്രി എ സി മൊയ്തീന്, സിപിഐഎം മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരുള്‍പ്പെടെ 20 പേരെ പ്രതിചേര്‍ക്കാന്‍ ഇഡിക്ക് അനുമതി ലഭിച്ചു. ക്രമക്കേടിലൂടെ വായ്പ തരപ്പെടുത്തിയവരുള്പ്പെടെ 80ലേറെ പേര് കേസിലെ പ്രതികളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: