ദുബായ് : യുഎഇ ചേംബർ ഓഫ് കൊമേഴ്‌സിൽ ചേരുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നിക്ഷേപകരും ബിസിനസ് ഉടമകളുമാണ് ഒന്നാമതെന്ന് ഫെഡറേഷൻ ഓഫ് യു എ ഇ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഈ സുപ്രധാന കാര്യം അറിയിച്ചത്.
2025-ലെ ആദ്യ പാദത്തിന്റെ അവസാനത്തോടെ ഈ അംഗത്വം ഏകദേശം 225,000 കമ്പനികളിൽ എത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ കണക്ക് യുഎഇയിലെ നിക്ഷേപ അന്തരീക്ഷത്തിന്റെ ആകർഷണീയതയെ എടുത്തുകാണിക്കുന്നുണ്ട്.
അതേ സമയം യുഎഇയും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അവയെ ബഹുമുഖ പങ്കാളിത്തമാക്കി മാറ്റുന്നതിനും കാരണമായിട്ടുണ്ടെന്ന് യുഎഇ ചേംബർ സെക്രട്ടറി ജനറൽ ഹുമൈദ് മുഹമ്മദ് ബിൻ സലേം പറഞ്ഞു.
2022 മെയ് മാസത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽ വന്നതിന്റെ രണ്ടാം വർഷത്തിൽ യുഎഇയും ഇന്ത്യയും തമ്മിലുള്ള എണ്ണ ഇതര ഉഭയകക്ഷി വ്യാപാരം 56.1 ബില്യൺ യുഎസ് ഡോളർ എത്തിയെന്നും ഇത് ആദ്യ വർഷത്തേക്കാൾ 10.1 ശതമാനം വർധനവാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ 2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും വ്യാപാര അളവ് 100 ബില്യൺ യുഎസ് ഡോളറായി ഉയർത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനായി ഇരുരാജ്യങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും ബിൻ സലേം കൂട്ടിച്ചേർത്തു.
ഇതിനിടയിൽ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്‌ച്ച നടത്തി. ഏപ്രിൽ 9ന് മുംബൈയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ദുബായ് കിരീടാവകാശി ഏപ്രിൽ 8-ന് ഇന്ത്യയിലെത്തിയിരുന്നു. യുഎഇയും, ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച.
വാണിജ്യം, ഊർജ്ജം, നിക്ഷേപം, നിർമ്മാണം, ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യ, ആരോഗ്യപരിചരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ചകൾ നടത്തി. ഇന്ത്യ – യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ, ബൈലാറ്ററൽ ഇൻവെസ്റ്റ്മെന്റ് ട്രീറ്റി തുടങ്ങിയ കരാറുകൾ നൽകിയ ഊർജ്ജം കൂടുതൽ വളർച്ചയ്‌ക്കായി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും അവലോകനം നടത്തിയെന്ന് മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: