Kerala

കേരളോത്സവത്തില്‍ ശൈശവ വിവാഹത്തിനെതിരെ ടാബ്ലോ ; മുസ്ലീങ്ങളെ അപമാനിക്കാനെന്ന് എസ്ഡിപിഐ ; പൊലീസിൽ പരാതി

Published by

കൊച്ചി : കേരളോത്സവത്തില്‍ ശൈശവ വിവാഹത്തിനെതിരെ ടാബ്ലോ അവതരിപ്പിച്ചതിനെതിരെ എസ്ഡിപിഐ. മുസ്ലീം സമുദായത്തെ അപമാനിക്കുന്നതാണ് ടാബ്ലോ എന്നാണ് ഇവരുടെ വാദം. ഇത് ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ കോതമംഗലം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അബുലയ്സ് മംഗലത്ത് പൊലീസിന് പരാതി നൽകി.

ടാബ്ലോ ഇസ്‌ലാം മതത്തെയും മുസ്ലീം സമുദായത്തെയും അധിക്ഷേപിക്കുന്നതും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതുമാണെന്നാണ് പരാതിയിൽ പറയുന്നത് . മുസ്ലീം സമുദായത്തിനുള്ളിൽ ശൈശവ വിവാഹം നിലനിൽക്കുന്നില്ല എന്നും പരാതിയിൽ പറയുന്നു.

ഇസ്ലാം മതവിശ്വാസ-ആചാരങ്ങളെയും അതുവഴി സമുദായത്തെയും സമൂഹത്തിന്റെ മുന്നിൽ ഇകഴ്‌ത്താനും അവരെ പ്രാകൃതരെന്ന് വരുത്തി തീർക്കുവാനുമുള്ള ഇത്തരം പ്രചരണങ്ങൾ ദുരുദ്ദേശപരവും അപകടകരവുമാണ്. വ്യാജവും തെറ്റിദ്ധാരണ പരുത്തുന്നതുമായ ഇത്തരം പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയണമെന്നും, കുറ്റക്കാരായവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും അബുലയ്സ് മംഗലത്ത് പറഞ്ഞു.

കേരളോത്സവത്തിന്റെ സാംസ്കാരിക ഘോഷയാത്രയിലാണ് ടാബ്ലോ പ്രദർശിപ്പിച്ചത്. തൊപ്പിയിട്ട ഒരു മുസ്‍ലിയാരും തട്ടമിട്ട ചെറിയൊരു ബാലികയും കൈപിടിച്ച് ഇരിക്കുന്നതാണ് ടാബ്ലോയിലുള്ളത്.

അതേസമയം ഗോധ്ര കലാപത്തെ വെള്ളപൂശി , തീവ്രവാദത്തെ പിന്തുണയ്‌ക്കും വിധം ഇറങ്ങിയ എമ്പുരാൻ ചിത്രത്തിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മുറവിളി കൂട്ടിയവരാണ് ഇപ്പോൾ ടാബ്ലോയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by