ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ 2019 മുതല്‍ നടത്തുന്ന നിയമ, നയതന്ത്ര തലയുദ്ധങ്ങളുടെ വിജയമാണ് തഹാവൂര്‍ റാണക്കേസിലെ വിജയം. ഇക്കാര്യം ദേശീയ മാധ്യമങ്ങളും ചൂണ്ടിക്കാട്ടി. റാണയുടെ കാര്യം സൂചിപ്പിച്ച് 2019 ഡിസംബറിലാണ് വിദേശകാര്യ മന്ത്രാലയം വഴി അമേരിക്കയ്ക്ക് കത്തു നല്‍കിയത്. പിന്നീട് ഇയാളുടെ അറസ്റ്റാവശ്യപ്പെട്ട് 2020 ജൂണില്‍ കത്തു നല്കി.
റാണയുമായി എന്‍ഐഎ മുംബൈ, ആഗ്ര, ഹാപ്പൂര്‍, കൊച്ചി, അഹമ്മദാബാദ് നഗരങ്ങളില്‍ തെളിവെടുപ്പ് നടത്തും. 2008ലെ ഭീകരാക്രമണത്തിനു മുന്‍പ് ഈ നഗരങ്ങളില്‍ എല്ലാം റാണ തന്റെ ഭാര്യയ്ക്കൊപ്പം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പാക് ഭീകരരെ മുംബൈയില്‍ എത്തിച്ചതും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്കിയതും ആരൊക്കെ, അവര്‍ക്ക് പാക് സൈന്യം, ചാര സംഘടന എന്നിവയുമായുള്ള ബന്ധം ഭാരതം തൂക്കിക്കൊന്ന മുഖ്യപ്രമതി അജ്മല്‍ കസബുമായുള്ള ബന്ധം എന്നിവയെല്ലാം ഏജന്‍സി ഇയാളോട് തിരക്കും.
ഇയാളുടെ കൂട്ടു പ്രതി ഹെഡ്ലി അമേരിക്കയില്‍ 35 വര്‍ഷത്തെ തടവിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 2009ലാണ് യുഎസ് അന്വേഷണ ഏജന്‍സി എഫ്ബിഐ ഹെഡ്ലിയെ അറസ്റ്റു ചെയ്തത്.
ഇന്ന് ഭാരതത്തില്‍ എത്തിക്കുന്ന മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരന്‍ തഹാവൂര്‍ റാണ തത്ക്കാലം ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലായിരിക്കും. ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇയാളെ ഭാരതത്തിന് കൈമാറിയ ശേഷമുള്ള നടപടികള്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റും നിരീക്ഷിച്ചുവരികയാണ്. ലോസ് എയ്ഞ്ചല്‍സിലെ മെട്രോ പോളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലായിരുന്ന ഇയാളെ ഭാരതത്തിന് കൈമാറി.
സൈനിക ഡോക്ടറായിരുന്ന ഇയാള്‍, പാക് വംശജനും യുഎസ് ഭീകരനുമായ ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ അനുയായി ആയിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹെഡ്ലി. ഹെഡ്ലിക്കും തഹാവൂര്‍ റാണയ്ക്കും പാക് ഭീകരസംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുമായും പാക് ചാര സംഘടനയായ ഐഎസ്ഐയുമായും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. തന്റൈ ആരോഗ്യം മോശമാണെന്നും ഭാരതത്തിന് കൈമാറരുതെന്നും ആവശ്യപ്പെട്ട് റാണ നല്കിയ ഹര്‍ജികള്‍ എല്ലാം യുഎസ് കോടതികള്‍ തള്ളിയിരുന്നു. ഭാരതത്തിന് കൈമാറുന്നത് തന്റെ ജീവനു ഭീഷണിയാണെന്നും മതപരവും വംശീയവുമായ വെറിക്ക് ഇരയാകുമെന്നുമുള്ള ഇയാളുടെ വാദങ്ങള്‍, ജസ്റ്റിസ് എല്‍ന കാഗനും ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സും തള്ളി. ഇയാള്‍ക്ക് മൂത്രാശയ അര്‍ബുദമാണ്. ഇതിനു പുറേമ, പാ
ര്ക്കിന്സന്സ് രോഗവുമുണ്ട്.
ഇയാളെ ഭാരതത്തിന് കൈമാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഭാരതത്തില്‍ എത്തി സ്ഫോടനം നടത്തേണ്ട സ്ഥലങ്ങള്‍ നോക്കിവയ്ക്കാനും തയാറെടുപ്പുകള്‍ നടത്താനും ഹെഡ്ലിക്കു വേണ്ട സൗകര്യങ്ങള്‍ എല്ലാം ഒരുക്കി നല്കിയതും തഹാവൂര്‍ റാണയാണ്. ഭീകരാക്രമണത്തെ വാഴ്ത്തിപ്പാടിയ റാണ, ഇതിന് മുതിര്‍ന്ന പാക് ഭീകരര്‍ക്ക് ഉയര്‍ന്ന പാക് സൈനിക പുരസ്കാരങ്ങളും ബഹുമതികളും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇയാളെ ചോദ്യം ചെയ്യാന്‍ ഭാരതത്തിലെ അന്വേഷണ ഏജന്‍സികള്‍ക്ക് അവസരം ലഭിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: