പാലക്കാട് ; ഒറ്റപ്പാലത്ത് യുവതിയെയും രണ്ട് മക്കളെയും കാണാതായെന്ന് പരാതി. ഒറ്റപ്പാലം സ്വദേശിനിയായ ബാസില, മക്കളായ റബിയുൾ ഗസീ, ഗനീം നാഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം വീട്ടിലേക്ക് വരുന്നില്ലെന്ന് കാട്ടി ഭർത്താവിന് ശബ്ദ സന്ദേശം അയച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
ഒറ്റപ്പാലത്തെ ബാസിലയുടെ വീട്ടിൽ നിന്നും ഭർത്താവിന്റെ പട്ടാമ്പിയിലെ വീട്ടിലേക്ക് ഉച്ചക്ക് ശേഷം ഇറങ്ങിയതായിരുന്നു ബാസിലയും മക്കളും. തുടർന്ന് ഭർത്താവിന്റെ ഫോണിലേക്ക് ശബ്ദ സന്ദേശം അയയ്‌ക്കുകയായിരുന്നു.
ഞങ്ങൾ പട്ടാമ്പിയിലെ വീട്ടിലേക്ക് വരുന്നില്ല എന്നായിരുന്നു സന്ദേശം. തുടർന്ന് സന്ദേശത്തിൽ നിന്നും റെയിൽവേ സ്റ്റേഷനിലെ ശബ്ദം ഉണ്ടായിരുന്നതിനാൽ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കുടുംബം അന്വേഷണം നടത്തുകയായിരുന്നു.
നാലുമണിയോടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് ഈ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: