കൊച്ചി: തനിക്ക് ഇതുവരെ നടന് എന്ന നിലയ്ക്ക് ഒരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ലെന്നും തന്റെ പേരില്‍ ഒരു ഫാന്‍സ് ക്ലബ്ബ് പോലും ഇല്ലെന്നും മലയാളസിനിമയില്‍ 40 വര്‍ഷക്കാലം ചെലവിട്ട നടന് ബാബു ആന്റണി. ഒരു യുട്യൂബ് ചാനല്‍ അഭിമുഖത്തിലായിരുന്നു അദ്ദേഹം സങ്കടം പങ്കുവെച്ചത്. താങ്കളുടെ അഭിനയം നന്നായി എന്ന് പറഞ്ഞ് ആരെങ്കിലും ഒരു നാരങ്ങ മിഠായി പോലും വാങ്ങിത്തന്നില്ലെന്നും അദ്ദേഹം വേദനയോടെ ഓര്‍ക്കുന്നു.
കണ്ണടച്ചാല്‍ ശവമടക്ക് പ്ലാന്‍ ചെയ്യുന്നവരുടെ നാടാണിതെന്നും അതില്‍ നിന്നൊക്കെ രക്ഷപ്പെട്ട് ഇന്നും ജീവിക്കുകയാണെന്നും ബാബു ആന്റണി പറയുന്നു. കൃതാര്‍ത്ഥതയോടെ ഓര്‍ക്കുന്ന മുഖം സംവിധായകന് ഭരതേട്ടന്റേയാണെന്നും ബാബു ആന്റണി പറയുന്നു. നീയൊരു സിനിമ ചെയ്യുമ്പോള്‍ 50 വര്‍ഷത്തിനപ്പുറം ഓര്‍ക്കാന്‍ പറ്റുന്ന സിനിമയായിരിക്കണമെന്ന് ഭരതേട്ടന് എപ്പോഴും പറയുമായിരുന്നെന്നും ബാബു ആന്റണി.
എമ്പുരാന് എന്ന സിനിമയില്‍ പൃഥ്വിരാജ് വിളിക്കുമെന്ന് പ്രതീക്ഷിച്ചു. കാരണം പൃഥ്വിരാജൊക്കെ എന്റെ മടിയില്‍ ഇരുന്ന് വളര്‍ന്ന പിള്ളേരാണ്. – ബാബു ആന്റണി പറയുന്നു. എത്രയോ സിനിമകളില്‍ കയ്യടി വാങ്ങിയിട്ടും ഇതുവരെയും ഒരാളും തന്നെ അധികം നായകനാക്കാന്‍ തയ്യാറായിട്ടില്ലെന്ന് ബാബു ആന്റണി പറയുന്നു. താന്‍ ഇപ്പോഴും വേണ്ടത്ര ഉപയോഗിക്കപ്പെടാത്ത നടനാണെന്നും ബാബു ആന്റണി പറയുന്നു.
12 ഹിറ്റുകള്‍ തുടര്‍ച്ചയായി ഉണ്ടായ സമയത്താണ് തനിക്ക് ജീവിതത്തില്‍ തിരിച്ചടി കിട്ടിയത്. തനിക്കെതിര വിവാദങ്ങളു വിമര്‍ശനങ്ങളും ഉണ്ടായപ്പോള്‍ താന്‍ അതിനെ ശ്രദ്ധാപൂര്‍വ്വം അതിജീവിക്കുകയായിരുന്നുവെന്നും ഒഴുക്ക് ശക്തമായാല്‍ അതിനെതിരെ നീന്തരുതെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ താന്‍ പതച്ചുകിടക്കുകയേ ഉള്ളൂവെന്നും ബാബു ആന്റണി. ദൈവവിശ്വാസിയാണ് ഞാന്‍. എന്നോട് പലരും ദൈവം ഉണ്ടെന്ന് തെളിയിക്കാന്‍ പറയാറുണ്ട്. അപ്പോള്‍ ഞാന്‍ അവരോട് ദൈവം ഇല്ല എന്നത് തെളിയിക്കാമോ എന്ന് ചോദിക്കും. അപ്പോള്‍ അവര്‍ കൈമലര്‍ത്തും. ദൈവമുള്ളതിന് തെളിവാണ് തനിക്ക് വീണ്ടും റോളുകള്‍ കിട്ടിയതെന്ന് ബാബു ആന്റണി. ജനങ്ങളുടെ സ്നേഹം അപാരമാണെന്നും അദ്ദേഹം പറയുന്നു. ഹിറ്റ് ലര്‍ ബ്രദേഴ്സ് എന്ന സിനിമയായിരുന്നു ഒരു ഗ്യാപിന് ശേഷം ചെയ്തത്. അത് വന്‍ വിജയമായി. പിന്നീട് സ്രാവ് എന്ന സിനിമ ചെയ്തു. അതും വിജയമായി. അതിന് ശേഷം സിനിമയില്ല. പിന്നീട് ഉത്തമന് എന്ന ഒരു സിനിമ ചെയ്തു. പിന്നീട് ഗ്രാന്റ് മാസ്റ്റര്‍, ഇടുക്കി ഗോള്‍ഡ്, കായം കുളം കൊച്ചുണ്ണി, കാക്കമുട്ട എന്നീ സിനിമകളില്‍ നല്ല കയ്യടി കിട്ടി. എന്നിട്ടും സിനിമകള്‍ കിട്ടിയില്ല. പക്ഷെ ഇപ്പോഴാണ് കൂറെ സിനിമകള്‍ കിട്ടുന്നത്. അതും സഹനടന്റെ റോളുകളില്‍. പക്ഷെ ഇപ്പോഴും ഒരു നായകസിനിമകിട്ടണമെന്ന് ആഗ്രഹിച്ചുപോകുന്നുവെന്ന് ബാബു ആന്റണി പറയുന്നു.
സംവിധായകന് ഭരതന്റെ ‘ചിലമ്പ്’ എന്ന സിനിമയില്‍ ആയിരുന്നു ഒരു അഭ്യാസിയായ വില്ലനായിരുന്നു ഇത്. 1986ല്‍ ബാബു ആന്റണിയുടെ അരങ്ങേറ്റം. വില്ലനായി തുടങ്ങിയെങ്കിലും പിന്നീട് സഹനടനും നായകനും വരെയായി. ഭരതന്റെ തന്നെ വൈശാലി (1988), എം.പി. സുകുമാരന്‍നായര്‍ സംവിധാനം ചെയ്ത അപരാഹ്നം (1991), ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത ഉപ്പുകണ്ടം ബ്രദേഴ്സ് (1993) എന്നിവയാണ് ബാബു ആന്റണിയുടെ സിനിമാജീവിതത്തില്‍ ഏറെ കയ്യടി വാങ്ങിക്കൂട്ടിയ സിനിമകള്‍. പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ആ കഥാപാത്രത്തിന് ഇന്നും ബാബു ആന്റണിയ്ക്ക് വലിയ അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്.
പല സിനിമകളിലും റോള്‍ വേണമെന്ന് ഞാനും ജനങ്ങളും ആഗ്രഹിച്ചിരുന്നു. പക്ഷെ കിട്ടിയില്ല. എങ്കിലും വൈശാലിയിലെ ലോമപാദരാജാവും ചന്തയിലെ സുല്‍ത്താനും കടലിലെ ബാപ്പുട്ടിയും അപരാഹ്നത്തിലെ നന്ദകുമാര്‍ ഉള്‍പ്പെടെ ഓര്‍ക്കാന്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ കിട്ടി. ആര്‍ഡിഎക്സില്‍ തനിക്ക് നല്ല കയ്യടി കിട്ടിയെന്നും ബാബു ആന്റണി പറയുന്നു. വെറും ഒമ്പത് സെക്കന്റ് മാത്രമാണ് താന്‍ ആര്‍ഡിഎക്സില്‍ ഉള്ളത്. പക്ഷെ അതിന് നല്ല സ്വീകരണം കിട്ടി. – ബാബു ആന്റണി പറയുന്നു.
ഇദ്ദേഹം സിംഹളയും ഇംഗ്ലീഷും ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ആകെ 170 സിനിമകളില്‍ അഭിനയിച്ചു. ഇപ്പോഴും അമേരിക്കയിലെ ഹൂസ്റ്റണില്‍ ഒരു മാര്‍ഷ്യല്‍ ആര്‍ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്. സിംബയോസിസില്‍ നിന്നും എച്ച് ആറില്‍ എംബിഎ എടുത്തയാളാണ് ബാബു ആന്റണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: