കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റേതുള്‍പ്പടെയുള്ള പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്റെ മറുപടി വാദം ഇന്ന് ആരംഭിക്കും. പ്രോസിക്യൂഷന്റെ വാദം പത്ത് ദിവസത്തിനകം പൂര്‍ത്തിയാകും. പ്രോസിക്യൂഷന്‍ വാദം കൂടി പൂര്‍ത്തിയായാല്‍ കേസ് വിധി പറയാന്‍ മാറ്റും.
അതേസമയം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ അവസാന ഘട്ടത്തിലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചിരുന്നു.
കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സിബിഐ അന്വേഷണ ആവശ്യം ഉയര്‍ത്തുന്നതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും, പ്രോസിക്യൂഷന്‍ വാദം അവസാനിച്ചെന്നും സര്‍ക്കാര്‍ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കേസെടുത്ത് ആറ് വര്‍ഷമായിട്ടും ഇത്തരമൊരു ആവശ്യം ഹർജിക്കാരന്‍ ഉന്നയിച്ചിരുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം അനിവാര്യമാണെന്നായിരുന്നു ദിലീപിന്റെ വാദം. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ആക്രമണത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ ഒമ്പത് പ്രതികളാണ് കേസിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: