കൊച്ചി : മുൻ സംസ്ഥാന എക്സൈസ് ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രി കെ ബാബുവിനെതിരെ എറണാകുളത്തെ പിഎംഎൽഎ പ്രത്യേക കോടതിയിൽ ക്രിമിനൽ കുറ്റപത്രം സമർപ്പിച്ച് കൊച്ചി സോണൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ മാസം 26നാണ് ഏജൻസി കോടതിയെ സമീപിച്ചത്. തുടർന്ന് 29 ന് കോടതി കേസ് എടുത്തു.
അഴിമതി നിരോധന നിയമത്തിലെ 13(2) വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി ബാബുവിനെതിരെ അന്വേഷണം ആരംഭിച്ചത്. 01.07.2007 മുതൽ 31.05.2016 വരെയുള്ള കാലയളവിൽ പൊതുപ്രവർത്തകനായിരുന്ന കെ. ബാബു അനധികൃതമായി 25.82 ലക്ഷം രൂപയുടെ ആസ്തികൾ സമ്പാദിച്ചുവെന്നും തുടർന്ന് അത് കളങ്കമില്ലാത്തതായി കാണിച്ച് അവകാശപ്പെട്ടുമെന്നുമാണ് ഇഡി കേസിൽ വ്യക്തമാക്കുന്നത്.
ഈ കുറ്റകൃത്യങ്ങളുമായി കെ ബാബു നേരിട്ട് ബന്ധപ്പെട്ടതിനാൽ പിഎംഎൽഎയുടെ 3, 4 വകുപ്പ് പ്രകാരമുള്ള കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചെയ്തിരിക്കുന്നുവെന്നും ഇഡി വ്യക്തമാക്കുന്നു. നിയമവിരുദ്ധമായി നേടിയ പണം കെ.ബാബു സ്ഥാവര, ജംഗമ വസ്തുക്കളായി വാങ്ങി സ്വത്തിന്റെ ഭാഗമാക്കിയെന്നാണ് ഇഡിയുടെ ആരോപണം.
അതേ സമയം അന്വേഷണത്തിനിടെ സ്ഥാവര സ്വത്തിന്റെ രൂപത്തിലുള്ള 25.82 ലക്ഷം രൂപയുടെ ആസ്തികൾ തിരിച്ചറിയുകയും താൽക്കാലികമായി ഇഡി അറ്റാച്ച് ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: