തിരുവനന്തപുരം: സിഎംആര്‍എല്ലും എക്‌സാലോജിക്‌സും തമ്മില്‍ നടന്ന ദുരൂഹ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുക്കാനുള്ള നടപടികള്‍ തുടങ്ങി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള നടപടികള്‍ വീണയ്‌ക്കെതിരെ ആരംഭിക്കാനാണ് ഇഡിയുടെ തീരുമാനം. സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണാ വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ എസ്എഫ്‌ഐഒ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
വീണാ വിജയനുമായി ബന്ധപ്പെട്ട കേസിന്റെ രേഖകള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എസ്എഫ്‌ഐഒയ്‌ക്ക് ഔദ്യോഗിക വിവരം കൈമാറിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ എസ്എഫ്‌ഐഒയുടെ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടതിനാലാണ് നടപടി. ഇതുസംബന്ധിച്ച രേഖകള്‍ പരിശോധിച്ച ശേഷം വീണ അടക്കമുള്ള പ്രതികള്‍ക്കെതിരെ കേസ് എടുക്കാനാണ് ഇ.ഡിയുടെ ആലോചന.
യാതൊരു സേവനങ്ങളും നല്‍കാതെ വീണാ വിജയനും കമ്പനിയും സ്വകാര്യ കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടിരൂപ കൈപ്പറ്റിയെന്ന് ആദായനികുതി വകുപ്പും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡും എസ്എഫ്‌ഐഒയും കണ്ടെത്തിയിട്ടുണ്ട്. സിഎംആര്‍എല്‍ ആകെ നടത്തിയത് 197.7 കോടി രൂപയുടെ വെട്ടിപ്പാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, മാസപ്പടിക്കേസിലെ തുടര്‍ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ എസ്എഫ്‌ഐഒയ്‌ക്കെതിരെ നല്‍കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് പരിഗണിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും. സിഎംആര്‍എല്ലിനായി മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് ഹാജരാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: