ന്യൂദല്‍ഹി : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ തഹാവുര്‍ റാണയെ ഇന്ന് യുഎസില്‍ നിന്ന് ഇന്ത്യയില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയ്‌ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് പാക് വംശജനായ കനേഡിയന്‍ പൗരന്‍ തഹാവുര്‍ റാണ സമര്‍പ്പിച്ച ഹർജി യുഎസ് സുപ്രീംകോടതി മാര്‍ച്ചില്‍ തള്ളിയിരുന്നു.
യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് ആണ് റാണ നല്‍കിയ ഹർജി തള്ളിയത്. ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുമെന്ന് ആരോപിച്ചായിരുന്നു റാണയുടെ ഹർജി. ഇതിനു പിന്നാലെയാണ് റാണയെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
അതേ സമയം റാണയെ പാര്‍പ്പിക്കുന്നതിനായി രാജ്യത്തെ രണ്ട് ജയിലുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ദല്‍ഹി തീഹാര്‍ ജയിലിലും മുംബൈയിലെ ജയിലിലുമാണ് റാണയ്‌ക്കായുള്ള പ്രത്യേക സെല്ലുള്‍പ്പെടെ സജ്ജമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ റാണ കുറച്ച് ആഴ്ചകളെങ്കിലും എന്‍ഐഎയുടെ കസ്റ്റഡിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് റാണയെ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് റാണയെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്.
മുംബൈ ഭീകരാക്രമണ കേസില്‍ നേരത്തെ തഹാവുര്‍ റാണയ്‌ക്കെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭീകരാക്രമണത്തിന് യു എസ് പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്ക് എല്ലാ സഹായവും നല്‍കിയത് തഹാവുര്‍ റാണയാണെന്നാണ് എനഐഎ കണ്ടെത്തിയത്. 2008 നവംബര്‍ 26നാണ് മുംബൈയില്‍ ഭീകരാക്രമണം നടന്നത്. ആറ് യു എസ് വംശജര്‍ ഉള്‍പ്പടെ 166 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: