പലതരം പലായനങ്ങള്‍ക്ക് സാക്ഷിയായ ഭൂമികയാണ് ഭാരതം. ഉപജീവനത്തിനായോ, അധിനിവേശ ശക്തികളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷ തേടി പലായനം ചെയ്ത ഒരു സമൂഹത്തെയാണ് നാടോടികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഈ ജനവിഭാഗത്തിന്റെ ഏറ്റവും വലിയ ഒത്തുചേരലായിരുന്നു നാഗ്പൂരില്‍ നടന്ന നാടോടി സംഗമം.
കേന്ദ്ര സാമൂഹിക നീതി – ശാക്തീകരണ മന്ത്രാലയം, ബികു രാംജി ഐഡേറ്റിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മീഷന്റെ 2017 ലെ കണക്കനുസരിച്ച് നാടോടി ഗോത്രങ്ങള്‍ (Nomadic Tribes NT ), കുടിയേറിയ നാടോടി ഗോത്രങ്ങള്‍ (Semi Nomadic Tribes SNT ),
ബ്രിട്ടീഷ് കാലഘട്ടത്തില്‍ കുറ്റവാളികളായി മുദ്രകുത്തപ്പെടുകയും, സ്വാതന്ത്ര്യാനത്തര ഭാരതത്തില്‍ നിയമപരിരക്ഷയും നേടിയ ഡീ – നോട്ടിഫൈഡ് നാടോടി ഗോത്രങ്ങള്‍ എന്നിങ്ങനെ 1526 സമുദായങ്ങള്‍ നിലവിലുണ്ട്. ജനസംഖ്യയുടെ പത്ത് ശതമാനത്തോളം പ്രാതിനിധ്യം ഈ സമൂഹങ്ങള്‍ക്കുണ്ടെങ്കിലും, ഇവരെ പറ്റിയുള്ള കൃത്യമായ ഗവേഷണങ്ങള്‍ നടന്നിട്ടില്ല.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പരിശ്രമത്താല്‍ മഹാരാഷ്‌ട്രയില്‍ ആരംഭിച്ച ഫട്‌കെ വിമുക്ത കല്യാണകാരി പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നാടോടി ഗോത്രങ്ങള്‍ക്കും, ഡീ – നോട്ടിഫൈഡ് നാടോടി ഗോത്രങ്ങള്‍ക്കുമായി പലതരം ക്ഷേമപ്രവര്‍ത്തങ്ങള്‍ നടന്നുവരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട ഈ സമുദായങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം തുടങ്ങി പലതരം മേഖലകളില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു പോരുന്നു.
നാടോടി സംഗമം എന്ന വിരാട് സ്വരൂപം- മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തിന്റെ കൂട്ടായ്മയായി ഇതിനെ കാണാവുന്നതാണ്. സര്‍വ്വ സമുദായങ്ങളെയും ഒന്നിച്ചു ചേര്‍ത്ത്, പുരോഗമന പാതയില്‍ സഞ്ചരിപ്പിക്കുക എന്ന ഉദാത്ത സംഘ വീക്ഷണത്തെ പ്രായോഗികവത്കരിക്കുകയാണ് ഫട്‌കെ വിമുക്ത കല്യാണകാരി പരിഷത്ത്. സാഹോദര്യമാണ് നമ്മുടെ മതം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പല വര്‍ഷങ്ങളായി ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുപോരുന്നത്.
മഹാരാഷ്‌ട്രയിലെ വിദര്‍ഭയില്‍ രണ്ടുവര്‍ഷത്തിലൊരിക്കലാണ് വിരാട് പരിഷത്ത് എന്ന പേരില്‍ നാടോടി സംഗമം നടക്കുന്നത്. ഈ വര്‍ഷം നാഗ്പൂരിലെ സിറ്റി ഖത്താന്‍ സമുച്ചയത്തിലായിരുന്നു സംഗമം. പുണ്യശ്ലോകി അഹല്യ ബായ് ഹോള്‍ക്കറുടെ പേരിലാണ് ഈ ഏഴാമത് വിരാട് പരിഷത്തിന്റെ സംഗമ നഗരി അറിയപ്പെട്ടത്. പല ജില്ലകളിലെ 21 സമുദായങ്ങളില്‍ നിന്നായി 1327 നാടോടി സഹോദരങ്ങള്‍ സംഗമത്തിന്റെ ഭാഗമായി. മറ്റു സമുദായങ്ങളിലെ സംന്യാസിമാര്‍, പണ്ഡിതന്മാര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, സംരംഭകര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ , സാമൂഹിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിങ്ങനെ പ്രധാനപ്പെട്ട വ്യക്തിത്വങ്ങള്‍ ഈ സംഗമത്തിന് സാക്ഷ്യം വഹിച്ചു.
ഫട്‌കെ വിമുക്ത കല്യാണകാരി പരിഷത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ ചേര്‍ത്തുള്ള പ്രദര്‍ശിനി ഏവരെയും ആകര്‍ഷിച്ചു. ആയിരങ്ങള്‍ പങ്കെടുത്ത പൊതുഘോഷയാത്രയില്‍, സംഘാടന മികവും ധാര്‍മിക പ്രതിഫലനങ്ങളും നിറഞ്ഞുനിന്നു. തുടര്‍ന്ന് നടന്ന കലാ – സാംസ്‌കാരിക പരിപാടികളും മികച്ചതായി. ഈ രണ്ടു ദിവസങ്ങളിലായി നടന്ന വിരാട് പരിഷത്തില്‍, മഹാരാഷ്‌ട്രാ സംസ്ഥാന മന്ത്രിമാര്‍, ജില്ലാ കളക്ടര്‍, കമ്മീഷണര്‍ മുതലായ പ്രമുഖ വ്യക്തിത്വങ്ങളും അതിഥികളായി എത്തി. അവരോടൊപ്പം സംവദിച്ചു പ്രശ്‌നങ്ങള്‍ മനസ്സിലാക്കി. ആരോഗ്യ ബോധവത്കരണ ക്യാമ്പുകളും, യുവാക്കള്‍ക്കായി തൊഴില്‍ മാര്‍ഗ്ഗനിര്‍ദ്ദേശ കാര്യശാലയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.
പരിസ്ഥിതി സൗഹൃദമായിരുന്നു സംഗമം. തുണി സഞ്ചി, സ്റ്റീല്‍ ഭക്ഷണ പാത്രം, കപ്പ് എന്നിവയാണ് പ്രതിനിധികള്‍ക്ക് നല്‍കിയത്. ടെന്റുകളാണ് താമസത്തിനായി സജ്ജീകരിച്ചത്. സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കുവാനും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചേരുവാനുമുള്ള ശുഭപ്രതീക്ഷയോടെയാണ് പ്രതിനിധികള്‍ മടങ്ങിയത്.
ഇത്തരം കൂട്ടായ്മകളെ അഭിനന്ദിക്കുവാനും, നാടോടി സമുദായങ്ങളെ ഒന്നിപ്പിക്കുവാനും തുടര്‍ ശ്രമങ്ങള്‍ അനിവാര്യമാണ്. സാമാജിക സമരസത പ്രതിഫലിച്ച ഈ സംഗമം കുടുംബക്ഷേമ അവബോധത്തിനും, സ്വയംപര്യാപ്തതയ്‌ക്കും, പരിസ്ഥിതി സംരക്ഷണത്തിനും, പൗര ധര്‍മ്മങ്ങള്‍ നിറവേറ്റേണ്ടതിന്റെ ആവശ്യകതയെ പറ്റിയും ചര്‍ച്ച ചെയ്തുകൊണ്ട് , ആര്‍എസ്എസ് ശതാബ്ദി വര്‍ഷത്തില്‍പ്രാധാന്യം നല്‍കുന്ന പഞ്ച പരിവര്‍ത്തനത്തിന് പ്രാരംഭം കുറിച്ചു. ഈ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് സ്രുനില്‍ ദേശ്പാണ്ഡെ, അഖില ഭാരതീയ കാര്യകാരി സദസ്യന്‍ ദുര്‍ഗ്ഗാദാസ് ജി വ്യാസ്, തുടങ്ങിയ പല സംഘകാര്യകര്‍ത്താക്കള്‍ പങ്കെടുത്ത് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി.
(കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: