കൊച്ചി: കണക്ഷന് ഫ്ളൈറ്റ് സമയം മാറ്റിയതിനാല്‍ തിരുപ്പതി ക്ഷേത്രദര്‍ശനം സാധിക്കാതെ വന്ന ഉപഭോക്താവിന് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരമായി 26,000 രൂപ നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് വിധിച്ചു.
ഇടപ്പള്ളി സ്വദേശിയായ അരവിന്ദ രാജയും കുടുംബവും 2018 ഏപ്രിലില്‍ തിരുപ്പതിക്ക് മേക്ക് മൈ ട്രിപ്പിലൂടെ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ യാത്രയുടെ തലേദിവസം, ബെംഗളൂരുവില്‍ നിന്നുള്ള കണക്ഷന് ഫ്ളൈറ്റ് അപ്രതീക്ഷിതമായി സമയം മാറ്റിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങി. ഇത് മൂലം, പരാതിക്കാരനും കുടുംബത്തിനും വലിയ തോതില്‍ മാനസിക, സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് കമ്മീഷനെ സമീപിച്ചത്.
ഫ്ളൈറ്റ് മാറ്റം സംബന്ധിച്ച വിവരങ്ങള്‍ വിമാനക്കമ്പനി യഥാസമയം അറിയിക്കാത്തതിനാല്‍ യാത്രാസൗകര്യങ്ങള്‍ നഷ്ടപ്പെട്ടതുമൂലം തിരുപ്പതി ദര്‍ശനം നടത്താനായില്ല. പരാതിക്കാരന് അനുഭവിച്ച മാനസിക ബുദ്ധിമുട്ടിനും സാമ്പത്തിക നഷ്ടത്തിനും പിന്നില്‍ എയര്‍ലൈന്‍സിന്റെ സേവനത്തിലെ ന്യൂനത വ്യക്തമാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രന്, ടി. എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
20,000 നഷ്ടപരിഹാരവും കോടതി ചെലവിനത്തില്‍ 6,000 രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നല്കാന് എതിര് കക്ഷികള്‍ക്ക് ഉത്തരവ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: