കോട്ടയം: 2006 ല്‍ ഹൈക്കോടതി പുറപ്പെടുവിച്ചത് പെണ്‍മക്കളുള്ളവരെല്ലാം കേള്‍ക്കാന്‍ ആഗ്രഹിച്ച ഒരു വിധിയായിരുന്നു. 13 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അയല്‍ക്കാരനെ വെടിവച്ചുകൊന്ന കേസില്‍ പിതാവിനെ ശിക്ഷിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി റദ്ദാക്കുകയായിരുന്നു കോടതി. നീതിപീഠം ഹൃദയം കൊണ്ടാണ് ആ വിധിന്യായം പറഞ്ഞത്.
പിഞ്ചു ബാലികയെ അഹമ്മദ് കോയ എന്ന നരാധമന്‍ പിച്ചിച്ചീന്തി കൊലപ്പെടുത്തിയെന്ന വാര്‍ത്ത കേട്ട് നടുങ്ങിയ കേരളം, അയാളെ പിതാവ് വെടിവച്ചു കൊന്നുവെന്ന മറ്റൊരു വാര്‍ത്ത കേട്ട് കോരിത്തരിച്ചു. പിന്നീട് ആ കേസില്‍ പിതാവിനെ വെറുതെ വിട്ടതറിഞ്ഞ് നീതി ന്യായ വ്യവസ്ഥിതിയുടെ ഹൃദയാര്‍ദ്രത തിരിച്ചറിഞ്ഞു.
അന്നത്തെ ഹൈക്കോടതി വിധിയില്‍ ഇങ്ങനെ പറയുന്നു: ശങ്കരനാരായണന്റെ കൗമാരക്കാരിയായ മകള്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടുവെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ഹീനമായ കുറ്റകൃത്യത്തിന് മരിച്ച അഹമ്മദ് കോയ വിചാരണ നേരിടുകയും വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തുവെന്നും സ്ഥിരീകരിക്കപ്പെട്ടതാണ്. ശങ്കരനാരായണനും മരിച്ചയാളും തമ്മില്‍ സൗഹൃദ ബന്ധമുണ്ടായിരുന്നു. ഈ വസ്തുത തീയില്‍ എണ്ണയൊഴിക്കുന്ന ഒന്നാണ്, ഒരു സുഹൃത്തിന്റെ കൈകളാല്‍ മകള്‍ ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ചുവെന്നത് പ്രതികാരം ചെയ്യാന്‍ ശങ്കരനാരായണനെ വൈകാരികമായി ആവേശഭരിതനാക്കുന്ന ഒന്നാണ്’
‘ശങ്കരനാരായണന്‍ കുറ്റക്കാരനാണെന്നും മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാന്‍ സാധ്യതയുണ്ടെന്നും തെളിയിക്കപ്പെട്ടേക്കാം, അതേസമയം അതേ ലക്ഷ്യം നേടാന്‍ ആഗ്രഹിച്ച മറ്റ് പലരും ഉണ്ടാകാം. അഹമ്മദ് കോയയ്‌ക്ക് ശത്രുക്കളുടെ ക്ഷാമമുണ്ടാകില്ല. അതിനാല്‍, ശങ്കരനാരായണന് കുറ്റകൃത്യം ചെയ്യാന്‍ ഒരു പ്രേരണയുണ്ടെന്ന് ഒരു വിധിക്കാന്‍ കഴിയുമെങ്കിലും, അതേ ലക്ഷ്യം നേടാന്‍ ആഗ്രഹിക്കുന്ന മറ്റുള്ളവരും ഉണ്ടായിരുന്നോയെന്ന് ഉറപ്പാക്കേണ്ടതുണ്ട്.’ ഈയൊരു നിഗമനത്തിലാണ ശങ്കരനാരായണനെ കോടതി വിട്ടയച്ചത്.
2001 ഫെബ്രുവരിയിലാണ് ശങ്കരനാരായണന്റെ 13 വയസ്സുള്ള മകളെ അഹമ്മദ് കോയ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചെങ്കിലും ശങ്കരനാരായണന് അത് സമ്മതമായിരുന്നില്ല. 2002 ജൂലൈയില്‍ കോയ ജാമ്യത്തിലിറങ്ങിയപ്പോള്‍, തന്റെ കുട്ടിക്ക് നീതി നല്‍കണമെന്ന് ശങ്കരനാരായണന്‍ സ്വയം തീരുമാനിച്ചു. പിന്നീട് വന്ന വാര്‍ത്ത അഹമ്മദ് കോയയെന്ന നരാധമന്‍ വെടിയേറ്റു കൊല്ലപ്പെട്ടു എന്നതാണ്. കീഴ് കോടതി ശങ്കരനാരായണനെ ശിക്ഷിച്ചുവെങ്കിലും ഹൈക്കോടതി വെറുതെ വിടുകയാണുണ്ടായത്.
ഈ ശങ്കരനാരായണനാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: