ന്യൂദൽഹി : ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ദൽഹി വിമാനത്താവളത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അദ്ദേഹത്തെ സ്വീകരിച്ചു.
ദുബായ് കിരീടാവകാശിയായ ശേഷം അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹംദാന്റെ സന്ദർശനം. നിരവധി മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ഒരു ഉന്നതതല ബിസിനസ് പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കിരീടാവകാശിക്ക് ഉച്ചവിരുന്ന് നൽകി. തുടർന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം കൂടിക്കാഴ്ച നടത്തും.
തുടർന്ന് വൈകീട്ടോടെ ഷെയ്ഖ് ഹംദാൻ മുംബൈയിലേക്ക് തിരിക്കും. അവിടെ ഇരു രാജ്യങ്ങളിലെയും പ്രമുഖ ബിസിനസ് നേതാക്കളുമായി റൗണ്ട് ടേബിൾ ചർച്ചയിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: