വഖഫ് നിയമഭേദഗതി ലോക്സഭയും രാജ്യസഭയും പാസാക്കി ഒപ്പിടലിനായി രാഷ്ട്രപതി ഭവനിലേക്ക് അയച്ചു. അപ്പോഴാണ് മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും എംപി മാര്‍ക്ക് ബോധം ഉദിച്ചത്. രാഷ്ട്രപതി ഒപ്പിടാന്‍ പാടില്ല, രാഷ്ട്രപതിക്ക് നിവേദനം അയക്കണം. അങ്ങനെ എല്ലാവരും കൂടിച്ചേര്‍ന്ന് നിവേദനം ഒപ്പിട്ട് അയച്ചു.
പക്ഷേ എന്ത് ചെയ്യാം, നിവേദനം രാഷ്ട്രപതി ഭവനില്‍ എത്തുന്നതിന് മുമ്പുതന്നെ രാഷ്ട്രപതി, ബില്ല് ഒപ്പിട്ട് തിരിച്ചയച്ചു. നിവേദനം അയച്ച എംപിമാര്‍ക്ക് നിവേദനത്തിന്റെ കോപ്പി ഇനി തീയിലിടുകയോ വായിലിടുകയോ ചെയ്യാം. അത് പറ്റില്ലെങ്കില്‍ അറബി ക്കടലില് മുക്കാം.
കേരള നിയമസഭയില്‍ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ സംയുക്ത അഭ്യാസത്തിലൂടെ വഖഫ് ഭേദഗതി ബില്ലിനെതിരെ പാസാക്കി അയച്ച പ്രമേയം അറബിക്കടലില്‍ മുക്കുമെന്ന് പറഞ്ഞത് സുരേഷ് ഗോപി എംപിയാണ്. അത് അങ്ങനെ സംഭവിക്കുകയും ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള നിയമസഭ സംയുക്തമായി പാസാക്കുന്ന എല്ലാ പ്രമേയങ്ങളും അറബിക്കടലില്‍ മുങ്ങുന്ന സാഹചര്യം നിലനില്‍ക്കേ ജോണ്‍ ബ്രിട്ടാസ് എന്ന രാജ്യസഭ എംപി ഇടതു കൈയില്‍ ഉലക്ക പിടിച്ച് നെല്ല് കുത്തുന്ന മോഡലില്‍ രാജ്യസഭയില്‍ നടത്തിയ പ്രകടനം ഒട്ടുമിക്കവരെയും രസിപ്പിച്ചു. വീടും കുടിയും നഷ്ടപ്പെടും എന്ന് ഭയപ്പെട്ട് സമരം ചെയ്തിരുന്ന മുനമ്പം നിവാസികള്‍ക്ക് വേറെ സ്ഥലവും പുതിയ വീടും കൊടുക്കും എന്നാണ് ബ്രിട്ടാസ് പറഞ്ഞത്. ആരുടെ കുടുംബസ്വത്തില്‍ നിന്നാണ് ഇവ എടുത്തു കൊടുക്കുന്നതെന്നു മാത്രം പറഞ്ഞില്ല.
മറ്റൊരു രാജ്യസഭ എംപിയായ എ.എ. റഹീമിന്റെ പ്രകടനവും മോശമായില്ല. പക്ഷേ കേരളത്തിലെ വിദ്യാഭ്യാസ നിലവാരം മറ്റു സംസ്ഥാനക്കാരെ ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ സംഖ്യ വായനയും ഇംഗ്ലീഷ് പ്രയോഗവും ശരിക്കും ഇണ്ടത്തില്‍ ആയിരിക്കുന്നത് ഹൈബി ഈഡന് എംപിയാണ്. എറണാകുളം മണ്ഡലത്തില്‍ നിന്ന് ഇനിയൊരിക്കലും പച്ച തൊടില്ല എന്ന ബോധ്യം അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നു. സുപ്രീംകോടതി വക്കീല്‍ കപില്‍ സിബലിന് ഇനി വരുന്നത് നല്ല കാലം. കുറച്ചു കാശ് ഉടന്‍ തടയും. വഖഫ് ഭേദഗതി ബില്‍ സുപ്രീം കോടതിയില്‍ ചോദ്യംചെയ്യാന്‍ സിബലിനെ കണ്ടു സംസാരിച്ചിരിക്കുന്നു, മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി.
വഖഫ് ഭേദഗതിയും തുടര്‍ നടപടികളും പുരോഗമിച്ചു കൊണ്ടിരുന്ന കൂട്ടത്തിലാണ് സിപിഎം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി എം. എ. ബേബി ചാര്‍ജ് എടുക്കുന്നത്. അതോടൊപ്പം അദ്ദേഹത്തിന്റെ പഴയ സുഹൃത്ത് നന്ദകുമാര്‍ തന്റെ ക്രൈം ചാനലിന്റെ പുതിയ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചിട്ടുമുണ്ട്.
എം.എ. ബേബിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പഴയ സ്വരലയയിലെ പുതിയ ഗാനങ്ങളുടെയും നൃത്താ വതരണങ്ങളുടെയും വിശേഷം ചാനലിലൂടെ കേള്‍ക്കാം. അതോടൊപ്പം മുഖ്യമന്ത്രിയുടെയും മകളുടെയും ലോജിക്കും എക്സ്ട്രാ ലോജിക്കും ആയുള്ള കാര്യങ്ങളും കണ്ടും കേട്ടും മനസ്സിലാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: