മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആംബുലൻസ് ഡ്രൈവർ. യുവതിയുടെ ഭർത്താവ് സിറാജുദ്ദീൻ ആംബുലൻസ് വിളിച്ചത് തെറ്റിദ്ധരിപ്പിച്ചെന്ന് ആംബുലൻസ് ഡ്രൈവർ അനിൽ ട്വന്റിഫോറിനോട് പറഞ്ഞു. ശ്വാസംമുട്ടിനെ തുടർന്ന് മരിച്ച വയോധികയുടെ മൃതദേഹം കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടാണ് ആംബുലൻസ് വിളിച്ചത്.
പെരുമ്പാവൂരിൽ യുവതിയുടെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം മനസ്സിലായത് എന്നും ആംബുലൻസ് ഡ്രൈവർ അനിൽ പറഞ്ഞു. മൃതദേഹം തുണിയിലും പായയിലും പൊതിഞ്ഞ നിലയിൽ ആയിരുന്നു. സിറാജുദ്ദീന്റെ സുഹൃത്ത് ആണ് ആംബുലൻസിൽ ഒപ്പം കയറിയത്. പുലർച്ചെ മൂന്ന് മണിക്കാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയതെന്ന് അനിൽ പറയുന്നു. നവജാത കുഞ്ഞുമായി കാറിൽ സ്ത്രീകൾ ഉൾപ്പെടെ ആംബുലൻസിനെ അനുഗമിച്ചിരുന്നു.
കുഞ്ഞ് കൂടെ ഉള്ള സ്ത്രീയിടേത് ആണെന്ന് തെറ്റിദ്ധരിച്ചെന്ന് അനിൽ പറഞ്ഞു.വൈകുന്നേരം 6 മണിക്കാണ് യുവതി വീട്ടിൽ പ്രസവിച്ചത്. രാത്രി 9 മണിക്കാണ് യുവതി രക്തം വാർന്ന് മരിച്ചത്. കസ്റ്റഡിയിലുള്ള സിറാജുദ്ദീന്റെ അറസ്റ്റ് മലപ്പുറം പൊലീസ് ഇന്ന് രേഖപ്പെടുത്തും. അസ്മയ്‌ക്ക് പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും പോസ്റ്റമോർട്ടത്തിൽ കണ്ടെത്തി.
കളമശ്ശേരി മെഡിക്കൽ കോളജിലെ മൂന്ന് മണിക്കൂർ നീണ്ട പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമാണ് കണ്ടെത്തൽ. അതേസമയം, ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് യുവതി കരഞ്ഞപേക്ഷിച്ചിട്ടും ഇയാൾ ചെവിക്കൊണ്ടില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തിയത്.
മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടർമാർ പറയുന്നു. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. അസ്മയുടെ നവജാതശിശു പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: