കോഴിക്കോട്: മുനമ്പം വഖഫ് കേസില്‍ മുനമ്പം നിവാസികള്‍ക്ക് കക്ഷിചേരാന്‍ കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ അനുമതി നല്‍കി. ഫറൂഖ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരണമെന്ന മുനമ്പം നിവാസികളുടെ ആവശ്യമാണ് വഖഫ് ട്രിബ്യൂണല്‍ അംഗീകരിച്ചത്. മൂന്നംഗ വഖഫ് ട്രിബ്യൂണലാണ് വിധി പറഞ്ഞത്.
ഫറൂഖ് കോളേജിന്റെ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ മുനമ്പം നിവാസികള്‍ക്ക് പറയാനുള്ള ഭാഗവും വഖഫ് ട്രിബ്യൂണല്‍ കേള്‍ക്കും. കേസിലെ തുടര്‍വാദങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും. സംസ്ഥാന വഖഫ് ട്രിബ്യൂണലിന്റെ നടപടികള്‍ക്കെതിരേ രണ്ട് ഹര്‍ജികളാണ് ഫറൂഖ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നുള്ള വഖഫ് ബോര്‍ഡിന്റെ 2019-ലെ ഉത്തരവും വഖഫ് രജിസ്റ്ററില്‍ സ്ഥലം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫറൂഖ് കോളേജ് ഹര്‍ജി നല്‍കിയത്.
നിസാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നതോടെ സര്‍വേ പോലും നടത്താതെ സ്വമേധയാ സ്ഥലം ഏറ്റെടുത്തുവെന്നും ഫറൂഖ് കോളേജ് അറിയിച്ചിരുന്നു. വഖഫ് സംരക്ഷണ സമിതി, വഖഫ് സംരക്ഷണ വേദി തുടങ്ങിയവരുടെ കക്ഷി ചേരാനുള്ള ആവശ്യം വഖഫ് ട്രൈബ്യൂണല്‍ തള്ളിയിരുന്നു. കക്ഷി ചേരാനനുവദിച്ചത് വഖഫ് സംരക്ഷണ സമിതിക്കുള്ള തിരിച്ചടിയാണെന്ന് മുനമ്പം സമര സമിതി ചെയർമാൻ ജോസഫ് റോക്കി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: