എല്ലാ വർഷവും ഏപ്രിൽ 7 ലോക ആരോഗ്യ ദിനമായി ആചരിച്ചു വരുന്നു. 1948ൽ ലോകാരോഗ്യ സംഘടന സ്ഥാപിതമായതിന്റെ വാർഷിക ദിനമാണ് ഏപ്രിൽ 7. ലോകം എങ്ങും AI ചർച്ചകൾ കൂടുതൽ സജീവമാകുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പുതിയ കുതിച്ചു ചാട്ടങ്ങൾ അനുദിനം അരങ്ങേറുന്നു. ലോകം 76ആം ലോകാരോഗ്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ആരോഗ്യരംഗത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് ചർച്ച ചെയ്യാതിരിക്കുക അസാധ്യം. നമ്മൾ ഇപ്പോൾ AI എന്ന് വിളിക്കുന്ന പലതും ആരോഗ്യ മേഖലയിലും മറ്റു മേഖലകളിലും കുറച്ചു കാലമായി നിലവിലുണ്ട്. ഉദാഹരണത്തിന്, ചികിത്സാ പദ്ധതികൾ തയ്യാറാക്കാൻ സഹായിക്കുന്നതിന് പ്രവചന അൽഗോരിതങ്ങൾ വർഷങ്ങളായി ഉപയോഗിച്ചുവരുന്നു. ഇമെയിലുകൾക്കുള്ള പ്രതികരണങ്ങൾ തയ്യാറാക്കുന്നതിനും അവയുടെ ഡോക്യുമെന്റേഷനിൽ സഹായിക്കുന്നതിനും ഡോക്ടർമാരുടെ ഓഫീസുകൾ-ആശുപത്രികൾ AI ഉപയോഗിച്ചു വരുന്നു.
ആരോഗ്യ രംഗത്ത് മെഡിക്കൽ പരിചരണത്തിൽ AI ആപ്ലിക്കേഷനുകളുടെ ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, കൂടാതെ പരിചരണം മെച്ചപ്പെടുത്താൻ കഴിയുന്ന ഉപയോഗങ്ങളും. അതാണ് 2025ൽ നാം കണ്ടു കൊണ്ടിരിക്കുന്ന ഒരു ആരോഗ്യ രംഗത്ത് വന്ന പ്രധാനപ്പെട്ട ഒരു മാറ്റം. ആരോഗ്യ മേഖലയിൽ സമയത്തിൻറെ വില ജീവനാണ് പലപ്പോഴും. ഏതൊരു മനുഷ്യ മസ്തിഷ്‌കത്തെയും മറികടക്കുന്ന തരത്തിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിലുള്ള വിവരങ്ങൾ സംഗ്രഹിക്കാൻ ഒരു ജനറേറ്റീവ് AI-ക്ക് കഴിയും. എന്നിരുന്നാലും, ഈ മോഡലുകൾ മനുഷ്യനെ ഭ്രമാത്മകമാക്കുകയും തെറ്റിദ്ധരിപ്പിക്കുന്നതും കൃത്യമല്ലാത്തതുമായ പ്രതികരണങ്ങൾ നൽകുകയും ചെയ്യുമെനിങ്ങനെ ചില ആശങ്കകൾ നില നിൽക്കുന്നു. പ്രവചനാത്മക-ജനറേറ്റീവ് AI മോഡലുകൾ എത്രത്തോളം നന്നായി പ്രവർത്തിക്കുന്നു എന്നത് അവയെ പരിശീലിപ്പിച്ച ഡാറ്റയെ ആശ്രയിച്ചിരിക്കുന്നു. ആരോഗ്യ സംരക്ഷണത്തിൽ AI-യുടെ പ്രയോജനം വിലയിരുത്തുമ്പോൾ, ഓരോ AI ഉപകരണവും പ്രത്യേകം മനസ്സിലാക്കുകയും അത് എങ്ങനെ വികസിപ്പിച്ചെടുത്തുവെന്നും ഏതൊക്കെ സാഹചര്യങ്ങളിലാണ് അവ ഉപയോഗിക്കേണ്ടതെന്നും മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ഉദാഹരണത്തിന് കൊളോനോസ്കോപ്പി പരിശോധന എടുക്കുക. ഇത് വൻകുടൽ കാൻസർ നിർണ്ണയിക്കുന്നതിനുള്ള സുവർണ മാനദണ്ഡമാണ്. ഡോക്ടർ രോഗിയുടെ വൻകുടലിലൂടെ ഒരു നീണ്ട ട്യൂബ് (കൊളോണോസ്കോപ്പ്) കടത്തിവിടുകയും കാൻസറോ അർബുദത്തിന് മുമ്പുള്ളതോ ആയ വളർച്ചകൾ-പോളിപ്പുകൾ തിരിച്ചറിയുകയും നീക്കം ചെയ്യുകയും ചെയ്യുന്നു. കൊളോനോസ്കോപ്പി സമയത്ത് പോളിപ്പുകൾ തിരിച്ചറിയാനും അവയെ അടയാളപ്പെടുത്താനും AI-യെ പരിശീലിപ്പിക്കാൻ കഴിയും. ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളിൽ നടത്തിയ ഒന്നിലധികം ക്രമരഹിത-നിയന്ത്രിത (ആർ.സി.ടി)പഠനങ്ങൾ കാണിക്കുന്നത് കൊളോനോസ്കോപ്പികൾ AI ഉപയോഗിക്കുന്നത് വഴി കാൻസർ സാധ്യത മികച്ച രീതിയിൽ കണ്ടെത്താം എന്നുള്ളതാണ്. അതുപോലെ, സ്തനാർബുദം കണ്ടെത്തുന്നതിനുള്ള ഒരു പ്രധാന സ്‌ക്രീനിംഗ് ഉപകരണമായ മാമോഗ്രാമുകൾ വായിക്കാൻ സഹായിക്കുന്നതിന് AI ഉപയോഗിക്കുന്നു. AI പിന്തുണയുള്ള മാമോഗ്രാഫി സ്‌ക്രീനിംഗ് ക്ലിനിക്കിന്റെ ജോലിഭാരം കുറയ്‌ക്കുന്നതിനൊപ്പം കാൻസർ കണ്ടെത്തൽ മെച്ചപ്പെടുത്താനും ഇതിന് കഴിയുമെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാമോഗ്രാം കാൻസർ സ്‌ക്രീനിംഗിന് സഹായിക്കുന്ന രണ്ട് ഡസനോളം AI ഉൽപ്പന്നങ്ങൾക്ക് യു.എസ്-ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (US-FDA) ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. കോളോണോസ്കോപ്പി, മാമ്മോഗ്രാം മാത്രമല്ല ശ്വാസകോശ അർബുദം, ഹൃദ്രോഗചികിത്സ, പ്രമേഹ പരിചരണം തുടങ്ങി ഒരുപാട് ഇടങ്ങളിൽ AI ക്ക് ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ സാധിക്കും. എന്നിരുന്നാലും ക്ലിനിക്കൽ പ്രാക്ടീസിൽ AI പിന്തുണയുള്ള ആപ്ലിക്കേഷനുകൾ-ഉപകരണങ്ങൾ വിന്യസിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഉയർന്ന-അധിക ചെലവ് അവയുടെ ലഭ്യതക്ക് ഒരു പ്രതിസന്ധിയായി തുടരുന്നു.
“ലോകം AI യുഗത്തിന്റെ ഉദയത്തിലാണ്. യന്ത്രങ്ങൾ ബുദ്ധിശക്തിയിൽ മനുഷ്യരെക്കാൾ മികച്ചതാകുന്നു എന്നതിൽ ചിലർക്ക് ആശങ്കയുണ്ട്. സാങ്കേതിക വിദ്യ കാരണം ജോലി അപ്രത്യക്ഷമാകില്ല എന്നു ചരിത്രം തെളിയിക്കുന്നു. ജോലികളുടെ സ്വഭാവം മാറുന്നു എന്നു മാത്രം.” ഈ കഴിഞ്ഞ ഫെബ്രുവരി മാസം പാരീസിൽ നടന്ന AI ആക്ഷൻ ഉച്ചകോടിയിലെ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ വാക്കുകൾ ആണ് ഇവ. അതെ AI ഒരിക്കലും ആരോഗ്യ രംഗത്ത് തൊഴിൽ സാധ്യത വെട്ടിക്കുറക്കുന്നില്ല, ഡോക്റ്റർമാരേയോ മറ്റു ആരോഗ്യ പ്രവർത്തകരെയോ പകരം വെക്കുന്നില്ല. മറിച്ചു ആരോഗ്യ രംഗത്തെ ഉൽപ്പാദനക്ഷമത-നിലവാരം വർധിപ്പിക്കുകയും, ജോലി കൂടുതൽ സുഖമവും കൃത്യതയുള്ളതുമാക്കി മാറ്റാൻ സഹായിക്കുന്നു. ക്ലിനിക്കൽ പ്രാക്ടീസിൽ മാത്രമല്ല- മെഡിക്കൽ ഡിവൈസ് ഇന്ഡസ്ട്രി, വാക്സിൻ-മരുന്ന്- ഗവേഷണങ്ങൾ, ഇൻഷുറൻസ് മേഖല, ഹോസ്പിറ്റൽ മാനേജ്‌മെന്റ് തുടങ്ങി ആരോഗ്യ രംഗത്തെ വിവിധ ഇടങ്ങളിൽ AI യെ വിജയകരമായി വിന്യസിപ്പിക്കാൻ സാധിക്കും. ആരോഗ്യ സംരക്ഷണത്തിൽ AI യുടെ നിരവധി നല്ല ഉപയോഗങ്ങൾ പരിഗണിക്കുന്നതിനൊപ്പം, ഓരോ ഉപകരണവും കർശനമായി പഠിക്കുകയും അവ ജാഗ്രതയോടെ വിന്യസിക്കുകയും ചെയ്യുന്നുണ്ടെന്ന് സാങ്കേതിക വിദഗ്ധരും ക്ലിനിക്കുകളും റെഗുലേറ്റർമാരും ഉറപ്പാക്കുന്നത് നന്നായിരിക്കും.
(ആരോഗ്യരംഗത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ഫ്രീലാൻസർ ആണ് ലേഖകൻ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: