കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷനെ അസാധുവാക്കിയ സിംഗിള്‍ ബെഞ്ച് നടപടി സ്റ്റേ ചെയ്ത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്. കമ്മീഷൻ നല്‍കുന്ന ശുപാർശകള്‍ ഹൈക്കോടതി അപ്പീലിലെ ഉത്തരവിന് വിധേയമായി മാത്രമേ നടപ്പാക്കുകയുള്ളുവെന്ന് സർക്കാർ അറിയിച്ചിരുന്നു.
മെയ് 27-ന് കമ്മിഷന്റെ കാലാവധി തീരാനിരിക്കെ കമ്മിഷന്റെ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. സർക്കാരിന്റെ അപ്പീൽ ജൂണിൽ പരിഗണിക്കും. വിശദമായ വാദം കേട്ടതിന് ശേഷമായിരിക്കും ഉത്തരവ് പുറപ്പെടുവിക്കുക. എന്നാൽ, കമ്മിഷന്റെ കാലാവധി തീരാനിരിക്കെ കമ്മിഷന്റെ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ജസ്റ്റീസ് സി എൻ രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷനെയാണ് നേരത്തെ സിംഗിള്‍ ബെഞ്ച് അസാധുവാക്കിയത്. കമ്മീഷന് പൊതുതാൽപര്യ സ്വഭാവം ഇല്ലെന്ന് കണ്ടെത്തിയായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് നേരത്തെ കണ്ടെത്തിയതാണെന്നും നിലവിൽ വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയിലുമുളള സാഹചര്യത്തിൽ ജുഡീഷ്യൽ കമ്മീഷന് ഇടപെടാൻ അവകാശമില്ലെന്നും വ്യക്തമാക്കികൊണ്ടാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇതിനെതിരേയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിലേക്ക് അപ്പീൽ പോയത്.
മുനമ്പം വഖ്ഫ് ഭൂമി പ്രശ്ന പരിഹാരത്തിന് പോംവഴികളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആവശ്യമെങ്കില്‍ നിയമ നിര്‍മാണം നടത്തുമെന്നും മുനമ്പത്ത് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു.
പൊതു താൽപര്യം മുൻനിർത്തിയാണ് കമ്മീഷനെ നിയമിച്ചതെന്നും ക്രമസമാധാന വിഷയം എന്ന നിലയിൽ കമ്മീഷന്റെ അന്വേഷണം ആവശ്യമാണെന്നും സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. ജുഡീഷ്യൽ കമ്മീഷണർ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും സർക്കാർ വാദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: