ന്യൂയോര്‍ക്ക് : ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പ് ടിക് ടോക്കിന് സാവകാശം അനുവദിച്ച് ഡൊണാള്‍ഡ് ട്രംപ്. ടിക് ടോക്കിന്റെ യുഎസ് ഓഹരികള്‍ അമേരിക്കക്കാരന് വില്ക്കാന് തയ്യാറായാല്‍ പ്രവര്‍ത്തനാനുമതി നല്‍കാമെന്നാണ് വാഗ്ദാനം. ടിക് ടോക്ക് നിരോധിക്കാനുള്ള സമയപരിധി 75 ദിവസത്തേക്കാണ് ട്രംപ് നീട്ടിനല്‍കിയിരിക്കുന്നത്.
ചൈന ടിക് ടോക്ക് ഓഹരിവില്‍പ്പനയ്ക്ക് തയ്യാറാണെങ്കില്‍ ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാമെന്ന് ട്രംപ് നിര്‍ദ്ദേശിച്ചതായി ഹോങ്കോംഗ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ടിക്ടോക്കിനെ നിലനിര്‍ത്താനുള്ള ഒരു കരാറിന് ഭരണകൂടം ശ്രമിച്ചുവരികയാണ്, ആവശ്യമായ എല്ലാ ഉപാധികളിലേക്കും എത്തുന്നതിന് സമയം ആവശ്യമാണ്, അതുകൊണ്ടാണ് ടിക്ടോക്ക് 75 ദിവസത്തേക്ക് കൂടി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവയ്ക്കുന്നതെന്ന് സ്വന്തം മാധ്യമമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
പകരം തീരുവ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ചൈന ടിക് ടോക്ക് ഓഹരിവില്‍പ്പന ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുവ കുറയ്ക്കുന്നതു പരിഗണിക്കാമെന്നും ഓഹരിവില്‍പ്പനയ്ക്ക് സാവകാശം അനുവദിക്കാമെന്നുമുള്ള നിലപാടിലേക്ക് ട്രംപ് എത്തിയത്.
170 ദശലക്ഷം അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്ക് ബൈഡന് ഭരണകൂടം നിരോധിച്ചിരുന്നു. ട്രംപ് വന്നതോടെയാണ് താത്കാലികമായി പ്രവര്‍ത്തനാനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: