കൊല്ലം: പുരപ്പുറ സൗരോര്‍ജ പ്ലാന്റുകള്‍ക്കുള്ള കെഎസ്ഇബിയുടെ സബ്‌സിഡി പദ്ധതിയുടെ സിംഗിള്‍ഫെയ്‌സ് നെറ്റ് മീറ്ററുകള്‍ക്ക് ക്ഷാമം. കെഎസ്ഇബി നെറ്റ് മീറ്റര്‍ നല്‍കാത്തതു കാരണം ലക്ഷങ്ങള്‍ മുടക്കി വീടിന് മുകളില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച ആയിരക്കണക്കിനു കുടുംബങ്ങള്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനാകാതെ പ്രതിസന്ധിയിലാണ്. മാസങ്ങളായി തുടരുന്ന മീറ്റര്‍ ക്ഷാമം എന്നു തീരുമെന്ന ചോദ്യത്തിന് കെഎസ്ഇബിക്കും വ്യക്തമായ ഉത്തരമില്ല. ഇതിനെക്കുറിച്ച് ചോദിച്ചാല്‍ ഉദ്യോഗസ്ഥരും കൈമലര്‍ത്തുന്നു. സ്വന്തമായി മീറ്റര്‍ വാങ്ങി വച്ചുകൂടേ എന്നാണ് കെഎസ്ഇബിയുടെ മറുചോദ്യം. കെഎസ്ഇബിക്കു നല്‍കുന്ന സൗരോര്‍ജം കൂടി അളക്കുന്നതാണ് നെറ്റ് മീറ്റര്‍.
4000 രൂപയോളം മുടക്കി സ്വന്തമായി മീറ്റര്‍ വാങ്ങിവച്ചു സൗരോര്‍ജ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയവരുണ്ട്. വൈകാതെ പുതിയ സ്മാര്‍ട് മീറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നു കെഎസ്ഇബി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇപ്പോള്‍ വാങ്ങിയ മീറ്റര്‍ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണിവര്‍. ഈ അവ്യക്തതകള്‍ കാരണം പുറത്തുനിന്നു മീറ്റര്‍ വാങ്ങാതെ കെഎസ്ഇബിയുടെ മീറ്ററിനു കാത്തിരിക്കുന്നവരാണ് ഏറെ.
നഷ്ടപ്പെടുന്ന ഓരോ ദിവസവും വന്‍ ഊര്‍ജനഷ്ടമാണ് ഉപയോക്താക്കള്‍ക്കും കെഎസ്ഇബിക്കും. മീറ്റര്‍ മാറ്റി നെറ്റ് മീറ്റര്‍ സ്ഥാപിച്ച ശേഷമേ ഓണ്‍ ഗ്രിഡ് സൗരോര്‍ജ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങാനാകൂ. 3 ഫേസ് കണക്ഷനുള്ളവര്‍ക്കു നല്‍കാനായി കെഎസ്ഇബിയുടെ പക്കല്‍ നെറ്റ് മീറ്ററുണ്ട്. കൂടുതല്‍പേര്‍ക്കും വേണ്ട സിംഗിള്‍ ഫേസ് കണക്ഷനുകളുടെ മീറ്ററാണ് സ്റ്റോക്കില്ലാത്തത്. വീടുകള്‍ക്ക് സൗരോര്‍ജ്ജ വൈദ്യുതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജിലി യോജനയിലൂടെ നിരവധി കുടുംബങ്ങള്‍ക്കാണ് സബ്സിഡി ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുള്ളത്.
സൗരോര്‍ജ്ജ ഉത്പാദന, സംഭരണ ഉപകരണ നിര്‍മ്മാണം ശക്തിപ്പെടുത്തി സൗരോര്‍ജ്ജ വ്യവസായ പുരോഗതി ഉറപ്പാക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഇത്തരത്തില്‍ മീറ്റര്‍ ക്ഷാമം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കെഎസ്ഇബി കാണിക്കുന്ന അലംഭാവം ഗുണഭോക്താക്കളെയും വലയ്‌ക്കുകയാണ്.
രഞ്ജിത് മുരളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: