ചെന്നൈ: 550 കോടി രൂപ ചെലവില്‍ കേന്ദ്രം തമിഴ്‌നാട്ടില്‍ പുതുതായി നിര്‍മിച്ച ഭാരതത്തിലെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വെ കടല്‍പ്പാലം, പാമ്പന്‍ പാലം ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാമനവമിയോടനുബന്ധിച്ചു രാമേശ്വരം രാമനാഥ ക്ഷേത്രത്തിലെ ദര്‍ശന ശേഷമായിരിക്കും ഉദ്ഘാടനം. ക്ഷേത്രത്തിലെ പ്രത്യേക പൂജകളില്‍ അദ്ദേഹം പങ്കെടുക്കും.
പാലം തുറന്ന ശേഷം ആദ്യത്തെ രാമേശ്വരം-താംബരം ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. പാലത്തിന്റെ പ്രവര്‍ത്തനം വീക്ഷിക്കാന്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാനുയരുമ്പോള്‍ ഒരു കോസ്റ്റ് ഗാര്‍ഡ് കപ്പലും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും.
സമുദ്ര നിരപ്പില്‍ നിന്ന് ആറു മീറ്റര്‍ ഉയരത്തില്‍ പാക് കടലിടുക്കിനു മുകളിലൂടെ 2.08 കിലോമീറ്റര്‍ നീളത്തിലാണ് പാലം.
വലിയ കപ്പലുകള്‍ക്കു റെയില്‍ സര്‍വീസുകളെ തടസപ്പെടുത്താതെ അടിയിലൂടെ കടന്നുപോകാനാകുന്ന രീതിയിലാണ് പാലം. 1914ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്തായിരുന്നു പഴയ പാമ്പന്‍ പാലം പണിതത്.
പുതിയ പാലത്തിന് 72.5 മീറ്റര്‍ നാവിഗേഷന്‍ സ്പാനുള്ളതിനാല്‍ ഇത് 17 മീറ്റര്‍ വരെ ഉയര്‍ത്താന്‍ കഴിയും. ഇതു വലിയ കപ്പലുകളുടെ പോലും ഗതാഗതം സുഗമമാക്കും. ഇതോടൊപ്പം ഭാവിയിലേക്കുള്ള ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് ഇരട്ട റെയില്‍ ട്രാക്കുകളാണ് പാമ്പന്‍ പാലത്തില്‍ നിര്‍മിച്ചിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഗവര്‍ണര്‍ ആര്‍.എന്‍. രവി, കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്, തമിഴ്‌നാട് എംപിമാര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് രാമേശ്വരം ക്ഷേത്രത്തിലെ ദര്‍ശന സമയങ്ങളില്‍ മാറ്റം വരുത്തിയതായി ക്ഷേത്ര ജോ. കമ്മിഷണര്‍ അറിയിച്ചു.
ഇതനുസരിച്ച്, ഇന്നു രാവിലെ എട്ടു മുതല്‍ ഉച്ചയ്‌ക്ക് ഒന്നു വരെ ക്ഷേത്രത്തില്‍ തീര്‍ഥക്കിണറുകളില്‍ കുളിക്കാനോ ദര്‍ശനം നടത്താനോ സാധിക്കില്ല. ഉച്ചകഴിഞ്ഞ് 3.30നു ശേഷം ഭക്തരെ പതിവുപോലെ പ്രവേശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: